• Home
  • News
  • സൗദിയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് വിസ അനുവദിക്കാന്‍ തീരുമാനം

സൗദിയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് വിസ അനുവദിക്കാന്‍ തീരുമാനം

റിയാദ് : വിദേശ വിദ്യാര്‍ഥികള്‍ക്ക് സൗദി അറേബ്യയിലെ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്നതിന് സ്റ്റുഡന്റ്സ് വിസ അനുവദിക്കുന്നു. വ്യാഴാഴ്ച റിയാദില്‍ സമാപിച്ച ദ്വിദിന ഹ്യൂമന്‍ കപ്പാസിറ്റി ഇനിഷ്യേറ്റീവ് കോണ്‍ഫറന്‍സിലാണ് പ്രഖ്യാപനം.

വിദേശ വിദ്യാര്‍ഥികളെയും അക്കാദമിക് വിദഗ്ധരെയും ആകര്‍ഷിച്ച് സൗദി അറേബ്യയുടെ വിദ്യാഭ്യാസ, ഗവേഷണ മേഖലകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് പുതിയ സ്റ്റുഡന്റ് വിസ പദ്ധതി ആരംഭിച്ചത്.
സമ്മേളനത്തില്‍ വച്ച് സൗദി വിദേശകാര്യമന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി പുതിയ വിസ പദ്ധതി ലോഞ്ച് ചെയ്തു. 'സ്റ്റഡി ഇന്‍ കെഎസ്എ' എന്ന പദ്ധതി വഴിയാണ് സ്റ്റുഡന്റ്സ് വിസ നല്‍കുകയെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി യൂസുഫ് അല്‍ബുന്‍യാന്‍ വ്യക്തമാക്കി.

നിലവില്‍ സൗദി അറേബ്യയിലെ യൂണിവേഴ്സിറ്റികളില്‍ വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെങ്കിലും ഇത് സ്റ്റുഡന്റ് വിസയിലുള്ളവരല്ല. രാജ്യത്ത് താമസിക്കുന്ന വിദേശി മാതാപിതാക്കളുടെ ആശ്രിത വിസയിലാണ് അവര്‍ക്ക് ഇഖാമ അനുവദിക്കുന്നത്. സ്റ്റുഡന്റ് വിസ അനുവദിക്കുന്നതോടെ വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് തന്നെ പ്രവേശനാനുമതി ലഭിക്കും.

ബിരുദ-ബിരുനാദന്തര കോഴ്‌സുകള്‍ക്കും ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കുമെല്ലാം സ്റ്റുഡന്റ് വിസ ലഭിക്കും. സൗദിയില്‍ പഠിക്കാനാഗ്രഹിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് ഗുണകരമാകും. ഹ്രസ്വകാല, ദീര്‍ഘകാല അക്കാദമിക്, പരിശീലന, ഗവേഷണ പരിപാടികള്‍ക്കും വിസ നല്‍കും. ആഗോള വിദ്യാഭ്യാസ കേന്ദ്രമായി സൗദിയെ ഉയര്‍ത്തിക്കൊണ്ടുവരികയെന്നത് സൗദി വിഷന്‍ 2030ന്റെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്. വിദ്യാഭ്യാസ മേഖല വികസിപ്പിക്കുന്നതിനും പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും വിദ്യാഭ്യാസ വിസ ഉപകരിക്കും.

'സ്റ്റഡി ഇന്‍ കെഎസ്എ' പ്ലാറ്റ്‌ഫോമിലൂടെ സൗദി സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകള്‍ എളുപ്പത്തിലും ലളിതമായും സമര്‍പ്പിക്കാന്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും.

പൊതു-സ്വകാര്യ മേഖലയും മാനവ മൂലധന വികസനവുമാണ് പുരോഗതി കൈവരിക്കുന്നതിനുള്ള പ്രധാന മുന്‍ഗണനകളെന്ന് 'വിദ്യാഭ്യാസമേഖലയിലേക്ക് വെളിച്ചം വീശുന്നു' എന്ന തലക്കെട്ടിലുള്ള ഡയലോഗ് സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് വിദ്യാഭ്യാസ മന്ത്രി അല്‍ബുന്‍യാന്‍ പറഞ്ഞു. ആഗോള വിദ്യാഭ്യാസ മികവിലേക്കുള്ള വിഷന്‍ 2030ന്റെ ഭാഗമായുള്ള തന്ത്രപരമായ നീക്കമാണ് സ്റ്റുഡന്റ് വിസയെന്ന് അദ്ദേഹം പറഞ്ഞു. മാനവ മൂലധന വികസനത്തിന് കൂട്ടായ ആഗോള സമീപനത്തിന്റെ പ്രാധാന്യവും മന്ത്രി വിശദീകരിച്ചു.

വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കുക മാത്രമല്ല, ആഗോള നിലവാരവുമായി പൊരുത്തപ്പെടുന്നവിധം വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയാണ് സൗദിയിടെ ലക്ഷ്യം. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നതിനാണ് വിദ്യാഭ്യാസ, പരിശീലന മൂല്യനിര്‍ണയ കമ്മീഷന്‍ സ്ഥാപിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All