• Home
  • News
  • മരുഭൂമിയിൽ വഴിതെറ്റി അലഞ്ഞുനടന്ന യുവാവ് വെള്ളം കിട്ടാതെ മരിച്ചു; മൃതദേഹം കണ്ടെത്

മരുഭൂമിയിൽ വഴിതെറ്റി അലഞ്ഞുനടന്ന യുവാവ് വെള്ളം കിട്ടാതെ മരിച്ചു; മൃതദേഹം കണ്ടെത്തി

റിയാദ് ∙ മരുഭൂമിയിൽ വഴിതെറ്റി അലഞ്ഞുനടന്ന യുവാവ് ഒടുവിൽ വെള്ളം കിട്ടാതെ  മരിച്ചു. റിയാദ് പ്രവിശ്യയിലെ ശഖ്‌റാക്കു സമീപത്തെ മരുഭൂമിയിലാണ് സൗദി പൗരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഉമ്മുഹസം - അശൈഖിര്‍ റോഡില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരെ അല്‍മുസ്തവി മരുഭൂമിയില്‍   അരാംകോയ്ക്കു കീഴിലെ ഗ്യാസ് പമ്പിങ് സ്റ്റേഷനു സമീപമായിരുന്നു മൃതദേഹം. ഇദ്ദേഹത്തിന്റെ കാര്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

മരങ്ങള്‍ വളരുന്ന ഗ്യാസ് പമ്പിങ് നിലയത്തിന്റെ കോംപൗണ്ടില്‍ പ്രവേശിച്ച് മരത്തണലില്‍ ഇരുന്ന് ക്ഷീണമകറ്റാൻ ഇദ്ദേഹം ശ്രമിച്ചതായി കാല്‍പാടുകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമാണ്. കോംപൗണ്ടിന്റെ  വേലിക്കു ചുറ്റും യുവാവ് നടന്നെങ്കിലും അകത്തേക്ക് പ്രവേശിക്കാന്‍  സാധിച്ചില്ല. ഒടുവിൽ വേലിയുടെ അടുത്തു തളർന്നു വീണ് മരിക്കുകയായിരുന്നു- ഒരിറ്റ് വെള്ളം ലഭിക്കാതെ. മരുഭൂമിയില്‍ കാണാതാകുന്നവര്‍ക്കു വേണ്ടി തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തുന്ന സന്നദ്ധ സംഘടനകളായ ഔന്‍ സൊസൈറ്റിയുടെയും ഇന്‍ജാദ് സൊസൈറ്റിയുടെയും വളണ്ടിയര്‍മാര്‍ നിരവധി വാഹനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് കഴിഞ്ഞ ഞായറാഴ്ച മുതല്‍ നടത്തിയ ഊര്‍ജിതമായ തിരച്ചിലുകള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 

കൊടുംചൂടും ദുര്‍ഘടമായ ഭൂപ്രദേശവും യുവാവിനു വേണ്ടിയുള്ള തിരച്ചിലിന് വലിയ വെല്ലുവിളിയായി. തിരച്ചിലിനിടെ സന്നദ്ധപ്രവര്‍ത്തകരുടെ കാറുകളുടെ ടയറുകള്‍ ഒന്നിലധികം തവണ പൊട്ടി. യുവാവിന്റെ വാഹനത്തിനു വേണ്ടിയുള്ള തിരച്ചില്‍  തുടരുകയാണ്. ബലിപെരുന്നാള്‍ ദിവസം രാവിലെയാണ് യുവാവ് വീട്ടില്‍ നിന്ന് പിക്കപ്പുമായി പുറപ്പെട്ടത്. പിന്നീട് യുവാവുമായുള്ള മൊബൈല്‍ ഫോണ്‍ ബന്ധം നഷ്ടമായി. ഇതേ തുടര്‍ന്ന് കുടുംബം സുരക്ഷാ വകുപ്പുകളെയും സന്നദ്ധ സംഘടനകളെയും വിവരമറിയിച്ചു. ഉമ്മുഹസ്മിലെ മൊബൈല്‍ ഫോണ്‍ ടവര്‍ പരിധിയില്‍ നിന്നാണ് യുവാവ് അവസാനമായി ബന്ധപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇതിനു സമീപമുള്ള അല്‍മുസ്തവി മരുഭൂമി കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All