• Home
  • News
  • ജുമൈറ ബീച്ച് റെസിഡന്‍സിലെ സഹപാഠികളുടെ കിക്ക്‌ബോക്‌സിങ്, കോമയിലായ കുട്ടിയുടെ കേസി

ജുമൈറ ബീച്ച് റെസിഡന്‍സിലെ സഹപാഠികളുടെ കിക്ക്‌ബോക്‌സിങ്, കോമയിലായ കുട്ടിയുടെ കേസില്‍ മാര്‍ച്ച് 27ന് വിധി പറയും

ദുബായ് : രണ്ട് സഹപാഠികള്‍ തമ്മിലുള്ള കിക്ക്‌ബോക്‌സിങ് സൗഹൃദ മത്സരം കലാശിച്ചത് പോലീസ് കേസിലും കോടതി വ്യവഹാരത്തിലും. ജുമൈറ ബീച്ച് റെസിഡന്‍സിലെ മണല്‍പരപ്പില്‍ കഴിഞ്ഞ നവംബര്‍ നാലിന് രാത്രി 9.30ന് നടന്ന മല്‍സരത്തിനിടെ ഒരു കൗമാരക്കാരന്‍ കോമയിലായതോടെയാണ് കളി കാര്യമായത്.

രണ്ട് കുട്ടികളും പ്രവാസികളാണ്. ദാരുണമായ സംഭവത്തെ തുടര്‍ന്ന് കൗമാരക്കാരനെതിരേ കേസെടുക്കുകയും ജുവനൈല്‍ സെന്ററില്‍ തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഒരാഴ്ചത്തെ തടവിന് ശേഷം പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്ത് താല്‍ക്കാലികമായി പുറത്തിറങ്ങി. തുടര്‍ന്ന് കുറ്റം ചുമത്തുകയും കോടതി വ്യവഹാരം ആരംഭിക്കുകയുമായിരുന്നു.
യുഎസ് പൗരത്വമുള്ള 17കാരനും 16 വയസുള്ള ബ്രിട്ടീഷ് സഹപാഠിയും തമ്മിലായിരുന്നു കിക്ക്‌ബോക്‌സിങ്. ഇരുവരും ഹെഡ് ഗിയര്‍ (സംരക്ഷണ ശിരോവസ്ത്രം) ധരിച്ചിരുന്നില്ല. ആദ്യ നാല് റൗണ്ടുകളില്‍ 17കാരന്‍ വിജയിച്ചിരുന്നു. അഞ്ചാം റൗണ്ടില്‍ 16കാരന്‍ എതിരാളിയെ താടിയെല്ലില്‍ ചവിട്ടിവീഴ്ത്തി. ഇതോടെ കുട്ടി അബോധാവസ്ഥയിലാവുകയും ചെയ്തു.
ഉടന്‍ തന്നെ തങ്ങള്‍ എല്ലാവരും ഓടിച്ചെന്ന് പരിക്കേറ്റയാളെ പരിശോധിച്ചതായി രണ്ട് വിദ്യാര്‍ഥികളുടെയും കനേഡിയന്‍ സുഹൃത്ത് പറയുന്നു. 'അവന്‍ ബോധം വീണ്ടെടുത്തപ്പോള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഉടനെ ഞങ്ങള്‍ അവനെ അടുത്തുള്ള എന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ആരോഗ്യനില ഗുരുതമായ അവസ്ഥയിലാണെന്ന് വ്യക്തമാവുകയും അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു'- സുഹൃത്ത് മൊഴിനല്‍കി.
കൂട്ടുകാര്‍ ആംബുലന്‍സ് വിളിച്ച് റാഷിദ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. തലയോട്ടിക്കുള്ളില്‍ എന്നാല്‍ തലച്ചോറിന് പുറത്ത് രക്തസ്രാവമുണ്ടായി ഗുരുതരമായ അവസ്ഥയിലാണ് കുട്ടിയെന്ന് കണ്ടെത്തിയ ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. ഇരയെ ദിവസങ്ങളോളം കോമയില്‍ തുടര്‍ന്നു. ഒടുവില്‍ ഡിസംബര്‍ 15ന് ഡിസ്ചാര്‍ജ് ചെയ്തു.
കേസ് ദുബായ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. കിക്ക്‌ബോക്‌സിങ് മത്സരം സഹപാഠികള്‍ തമ്മിലുള്ള സൗഹൃദ കായിക വിനോദമായിരുന്നുവെന്നും പരിക്കേല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെ മനപൂര്‍വം ആക്രമിച്ചതല്ലെന്നുമാണ് പ്രതിയായ കുട്ടി കോടതിയില്‍ നല്‍കിയ മൊഴി.

പ്രതിയും ഇരയും അടുത്ത സുഹൃത്തുക്കളും സഹപാഠികളുമാണെന്നും കളിക്കിടെ സംഭവിച്ച നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും പ്രതിയുടെ അഭിഭാഷകന്‍ അവാതിഫ് ഷോഖി ബോധിപ്പിച്ചു. തന്റെ കക്ഷിക്ക് ദുരുദ്ദേശ്യമോ ഉപദ്രവിക്കണമെന്നോ ഉണ്ടായിരുന്നില്ലെന്നും അപകടമാണിതെന്നും വാദിച്ചു.

ഇര ഒരു പ്രൊഫഷണലും പരിചയസമ്പന്നനുമായ കിക്ക്‌ബോക്സര്‍ ആയതിനാല്‍ ഹെഡ് ഗിയര്‍ ധരിക്കാത്തതിന്റെ ഉത്തരവാദിത്തം നിയമപ്രകാരം തന്റെ കക്ഷിയുടെ മേല്‍ ചാര്‍ത്താനാവില്ല. പരിക്കേറ്റ ഉടന്‍ തന്നെ പ്രതിയുടെ വിഷമവും സുഹൃത്തിനോടുള്ള കരുതലും ക്രിമിനല്‍ ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നതിന്റെ തെളിവായും അഭിഭാഷകന്‍ നിരത്തി. കുട്ടികള്‍ തന്നെയാണ് തങ്ങളുടെ നൈപുണ്യവും ശക്തിയും പ്രകടിപ്പിക്കാന്‍ കാണികളായി പരസ്പരം സുഹൃത്തുക്കളെ ക്ഷണിച്ചുവരുത്തിയതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

കേസില്‍ മാര്‍ച്ച് 27ന് കോടതി വിധി പറയും. കുട്ടികള്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കായിക പ്രവര്‍ത്തനങ്ങളിലും മല്‍സരങ്ങളിലും ഏര്‍പ്പെടുന്നത് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All