• Home
  • News
  • ഈ സ്കൂള്‍ അവധിക്കാലം,യുഎഇയില്‍ നിന്ന് ഒമാനിലേക്ക് ഒരു യാത്രയായാലോ? ബസ് സർവീസ്, വ

ഈ സ്കൂള്‍ അവധിക്കാലം,യുഎഇയില്‍ നിന്ന് ഒമാനിലേക്ക് ഒരു യാത്രയായാലോ? ബസ് സർവീസ്, വീസ നിയമം,നിരക്ക്; അറിയേണ്ടതെല്ലാം

ദുബായ്∙ യുഎഇ യില്‍ മാർച്ച് മൂന്നാം വാരം മുതല്‍ സ്കൂള്‍ അവധിക്കാലമാണ്. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ ഏപ്രിലില്‍ പുതിയ അധ്യയന വർഷം ആരംഭിക്കും. റമസാൻ വ്രതാനുഷ്ഠാന സമയമായതിനാൽ ചില എമിറേറ്റുകളില്‍ ചെറിയ പെരുന്നാള്‍ കൂടി കഴിഞ്ഞ് ഏപ്രില്‍ പകുതിയോടെ മാത്രമേ സ്കൂളുകളില്‍ അധ്യയനം ആരംഭിക്കുകയുളളൂ. യാത്ര പോകാനും ആസ്വദിക്കാനും ഇഷ്ടം പോലെ സമയമുണ്ടെന്ന് സാരം. യുഎഇയിലുളള മിക്കവരും ഒരു  ചെറിയ യാത്രയെന്ന രീതിയില്‍ ഒമാനിലേക്ക് പോകാറുണ്ട്. വിമാന യാത്രയേക്കാള്‍ സ്വന്തം വാഹനത്തില്‍ റോഡ് വഴി പോകുന്നത് ഇഷ്ടപ്പെടുന്നവരുണ്ട്. അതേസമയം ചെലവ് ചുരുക്കിയും ഡ്രൈവിങ് ഒഴിവാക്കിയുമുളള യാത്രയിലാണ് താല്‍പര്യമെങ്കില്‍ ബസ് യാത്ര തിരഞ്ഞെടുക്കാം.

∙ ഷാർജ -മസ്കത്ത് ബസ്

ഇക്കഴിഞ്ഞ ഫെബ്രുവരി അവസാന വാരമാണ് ഷാർജ മസ്കത്ത് ബസ് സർവീസ് ആരംഭിച്ചത്. ഷിനാസിലൂടെയാണ് യാത്ര. ഷാർജയില്‍ നിന്നും മസ്കത്തില്‍ നിന്നും രണ്ട് വീതം സർവീസുണ്ട്. രാവിലെ 6.30നും വൈകീട്ട് 4 നുമാണ് സർവീസ്.

∙ 23 കിലോ ബാഗേജും 7 കിലോ ഹാന്‍ഡ് ബാഗേജും അനുവദനീയം

∙ 10 ഒമാന്‍ റിയാല്‍ (100 ദിർഹം) മുതല്‍ 19 ഒമാന്‍ റിയാല്‍ (190 ദിർഹം) വരെയാണ് നിരക്ക്.

∙ ഷാർജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനില്‍ നിന്ന് രാവിലെ 6.30 ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് 2.30-ന് അസൈബയിലെത്തും.

∙ ഷാർജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനില്‍ നിന്ന് വൈകീട്ട് 4 ന് പുറപ്പെടുന്ന ബസ് രാത്രി 11.50 ന് അസൈബയിലെത്തും.

∙ മസ്കത്തില്‍ നിന്ന് രാവിലെ 6.30 ന് പുറപ്പെടുന്ന ബസ് ഷാർജയില്‍ വൈകീട്ട് 3.40നാണ് എത്തുക.

∙ വൈകീട്ട് 4-ന് ഒമാന്‍ മസ്കത്തില്‍ നിന്നും പുറപ്പെടുന്ന ബസ് അല്‍ ജുബൈല്‍ ബസ് സ്റ്റേഷനില്‍ പുലർച്ചെ 1.10 നെത്തും.

∙ റാസല്‍ഖെമ മുസണ്ടം ബസ്

വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമായ സ്ഥലമാണ് ഒമാനിലെ മുസണ്ടം. റാസല്‍ഖൈമയില്‍ നിന്ന് മൂന്ന് മണിക്കൂറുകൊണ്ട് മുസണ്ടത്ത് എത്താം. റാസല്‍ഖൈമയില്‍ നിന്ന് മുസണ്ടം വരെ 50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. റാസല്‍ഖൈമ പൊതുഗതാഗത വെബ്സൈറ്റിലൂടെയോ റാക് ബസ് ആപിലൂടെയോ ബസ് സ്റ്റേഷനില്‍ നിന്നോ ടിക്കറ്റെടുക്കാം. വെളളി ശനി ഞായർ ദിവസങ്ങളില്‍ രാവിലെ 8 മണിക്കും വൈകീട്ട് 6 മണിക്കുമാണ് ബസ് സർവീസ്. റാസല്‍ഖൈമയിലെ അല്‍ ദൈദില്‍ നിന്നാണ് ബസ് സർവീസ് ആരംഭിക്കുന്നത്. അല്‍ റംസിലും ഷാം മേഖലയിലും സ്റ്റോപുണ്ട്. മുസണ്ടം വിലായത്ത് ഓഫ് കസബിലാണ് സർവീസ് അവസാനിക്കുക. വിലായത്ത് ഓഫ് ബുക്ക, ഖദ മേഖലയില്‍ സ്റ്റോപ്പുണ്ട്.

∙ അബുദാബി - മസ്കത്ത് ബസ്

∙അബുദാബിയില്‍ നിന്ന് അലൈന്‍ വഴി മസ്കത്തിലേക്കാണ് ബസ് സർവീസുളളത്.

∙മസ്കത്ത് അബുദാബി ടിക്കറ്റ് നിരക്ക് 11.5 ഒമാന്‍ റിയാലാണ് (109 ദിർഹം).

∙മവ്സലാത്ത് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. 23 കിലോ ബാഗേജും 7 കിലോ ഹാൻഡ് ബാഗേജും അനുവദിക്കും.

∙ അബുദാബിയില്‍ നിന്ന് മസ്കത്ത് എത്താന്‍ അഞ്ച് മണിക്കൂർ മതിയാകും. മസ്കത്തിലെ അസൈബ ബസ് സ്റ്റേഷനില്‍ നിന്ന് രാവിലെ 6.30-ന് പുറപ്പെടുന്ന ബസ് അബുദാബിയില്‍ വൈകീട്ട് 3.40-ന് എത്തും. അബുദാബിയില്‍ നിന്ന് രാവിലെ 10.45-ന് പുറപ്പെടുന്ന ബസ് അസൈബയില്‍ വൈകീട്ട് 8.35 നാണ് എത്തുക.

∙ ദുബായ് - മസ്കത്ത് ബസ്

ദുബായില്‍ നിന്ന് മസ്കത്തിലേക്കുളള സർവീസിന് ബുർജ് സഹ്വ, റുവി എന്നിവിടങ്ങളിലെ ഓഫ‌ിസിലെത്തി ടിക്കറ്റ് ബുക്ക് ചെയ്യാം. അല്‍ ഖന്‍ജരി ട്രാന്‍സ്പോർട്ടിന്‍റെ കാള്‍ സെന്‍ററിലൂടെയും വാട്സ് അപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ ദിവസവും രാവിലെ 7 മണിക്കും ഉച്ചയ്ക്ക് 3 മണിക്കും രാത്രി 9 മണിക്കുമാണ് ബസ് സർവീസുളളത്. വണ്‍വെ ടിക്കറ്റിന് 95 ദിർഹ(10 റിയാല്‍)മാണ് നിരക്ക്.

∙ യാത്രയ്ക്ക് ആവശ്യമായ രേഖകള്‍

യുഎഇയില്‍ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യാന്‍ പാസ് പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവ ആവശ്യമാണ്. ആറുമാസത്തെ കാലാവധിയുണ്ടായിരിക്കണം. യുഎഇ-ഒമാന്‍ അതിർത്തിയില്‍ നിന്ന് വീസയെടുക്കാം. യുഎഇയില്‍ നിന്നുളള എക്സിറ്റ് ഫീസായി 36 ദിർഹവും ഒമാന്‍ വീസയ്ക്ക് 50 ദിർഹവുമാണ് നിരക്ക്. ഒറ്റയ്ക്കാണ് യാത്രയെങ്കില്‍ റോയല്‍ ഒമാന്‍ പോലീസിന്‍റെ വെബ്സൈറ്റിലൂടെ വീസയെടുക്കാവുന്നതാണ്. 5 ഒമാന്‍ റിയാലാണ് (50 ദിർഹം)നിരക്ക്.

അതേസമയം കുടുംബമായാണ് യാത്രയെങ്കില്‍ ഓണ്‍ലൈനിലൂടെ വീസയെടുക്കാന്‍ സാധിക്കില്ല. ബോർഡറിലെത്തി വീസയെടുക്കാം. അതല്ലെങ്കില്‍ ഏതെങ്കിലും ട്രാവല്‍ ഏജന്‍സി വഴി നേരത്തെ വീസയെടുത്തും യാത്ര ചെയ്യാം. ആറുമാസത്തെ കാലാവധിയുളള പാസ്പോർട്ട് കോപ്പിയും ഫോട്ടോയുമാണ് ആവശ്യമായ രേഖകള്‍. പരമാവധി രണ്ട് ദിവസം കൊണ്ട് ഒമാന്‍ വീസ ലഭിക്കുമെന്ന്  ദുബായിലെ ട്രിനിറ്റി ട്രാവല്‍ ഏജന്‍സിയിലെ രമേഷ് കുമാർ പറയുന്നു. സ്വയം വീസയെടുത്താണ് യാത്രയെങ്കില്‍ ബോർഡറിലെ നിയമങ്ങളിലും നിർദ്ദേശങ്ങളിലും മാറ്റങ്ങളുണ്ടോയെന്ന് അറിഞ്ഞിരിക്കണം. യാത്ര ചെയ്യുന്ന വാഹനം സ്വന്തം പേരിലായിരിക്കണം. കമ്പനി വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുമതിയില്ലെന്നും രമേഷ് കുമാർ പറയുന്നു.

∙ ഒറ്റത്തവണത്തെ വീസയുളള വിനോദസഞ്ചാരികള്‍

യുഎഇയില്‍ നിന്നുളള വിനോദസഞ്ചാരികള്‍ ഒമാനിലേക്ക് യാത്ര ചെയ്യുമ്പോള്‍ യാത്രയ്ക്ക് മുന്‍പേ വീസയെടുത്തിരിക്കണം. തിരിച്ച് യുഎഇയിലേക്ക് വരികയാണെങ്കിലും യാത്രയ്ക്ക് മുന്‍പ് വീസയെടുക്കണം. ഒന്നിലധികം തവണയാത്രചെയ്യാനാകുന്ന യുഎഇ വീസയുളള വിനോദസഞ്ചാരികള്‍ യാത്രയ്ക്ക് മുന്‍പ് ഒമാന്‍ വീസ നിർബന്ധം ഒന്നിലധികം തവണയാത്രചെയ്യാനാകുന്ന വീസയുളളതിനാല്‍ തിരിച്ച് യുഎഇയിലേക്ക് വരാന്‍ പ്രത്യേകം വീസയെടുക്കേണ്ടതില്ല. എന്നാല്‍ പാസ്പോർട്ടിന് ആറുമാസത്തെ കാലാവധിയുണ്ടായിരിക്കണമെന്നത് നിർബന്ധം.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All