• Home
  • News
  • പ്രവാസി മലയാളി യുവാവിനെ കാണാതായിട്ട് രണ്ട് മാസം; സഹായം അഭ്യര്‍ത്ഥിച്ച് പിതാവ്

പ്രവാസി മലയാളി യുവാവിനെ കാണാതായിട്ട് രണ്ട് മാസം; സഹായം അഭ്യര്‍ത്ഥിച്ച് പിതാവ്

യുഎഇ ∙ രണ്ട് മാസത്തോളമായി മകനെ അന്വേഷിച്ചു നടക്കുകയാണ് അബുദാബിയിൽ ജോലി ചെയ്യുന്ന ഇൗ മലയാളി. ഷാർജയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഇക്കഴിഞ്ഞ മാർച്ച് 10ന് അപ്രത്യക്ഷനായ മകൻ ജിത്തു സുരേഷിനെ (28) യുഎഇ മുഴുവൻ തിരഞ്ഞു നടക്കുന്നത് തൃശൂർ മാള കുഴൂർ സ്വദേശി സുരേഷ്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അധികൃതരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ജിത്തുവിന് വേണ്ടി നാടുമുഴുവൻ സഞ്ചരിക്കുകയാണ്. പക്ഷേ, ഇത്രയും കാലമായിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല എന്നതാണ് സങ്കടം.

കഴിഞ്ഞ 20 വർഷമായി അബുദാബിയിലെ പ്രമുഖ ഹോട്ടലിൽ ട്രാൻസ്പോർട് സൂപ്പർവൈസറായി ജോലി ചെയ്യുന്ന സുരേഷിന് ഭാര്യയും രണ്ടു മക്കളുമാണുള്ളത്. നേരത്തെ അബുദാബി ടാക്സിയിൽ ഡ്രൈവറായിരുന്നു. ഭൂരിഭാഗം പ്രവാസികളെയും പോലെ കുടുംബത്തിന് വേണ്ടിയായിരുന്നു ഇദ്ദേഹം ജീവിച്ചത്. മക്കൾ ഒരാണും പെണ്ണും. ഇരുവരെയും നല്ല നിലയിൽ പഠിപ്പിച്ചു. മൂത്ത മകൻ ജിത്തു ബിബിഎ എയർപോർട് മാനേജ്മെന്റ് ആണ് പഠിച്ചത്. മകൾ എറണാകുളത്തെ പ്രമുഖ സ്ഥാപനത്തിൽ ഒാപ്റ്റോമെട്രിസ്റ്റും. ബിരുദം നേടിയ ശേഷം ജിത്തു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒരു ജോലിക്കായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ബെംഗ്ലുരുവിൽ ഇൻഡിഗോ എയർലൈൻസിൽ ജോലിയിൽ പ്രവേശിച്ചു. പക്ഷേ, അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടാനായില്ല. ഇതേത്തുടർന്നാണ് സുരേഷ് മകനെ കോവിഡ്19ന് ശേഷം യുഎഇയിലേയ്ക്ക് കൊണ്ടുവന്നത്. സുരേഷും കൂട്ടുകാരും ചേർന്ന് അബുദാബിയിൽ ആരംഭിച്ച ഒരു റസ്റ്ററന്റ് നോക്കി നടത്താനുള്ള ചുമതലയായിരുന്നു ആദ്യം ജിത്തുവിന്. ആറു മാസത്തോളം റസ്റ്ററന്റ് നടത്തിയെങ്കിലും നഷ്ട‌ം സംഭവിച്ചതിനെ തുടർന്ന് പൂട്ടി. ഇതോടെ കൂട്ടുകാർ ക്ഷണിച്ചതനുസരിച്ച് ജിത്തു അബുദാബിയിൽ നിന്ന് ഷാർജയിലെത്തി. ഒരു ഗ്യാസ് ഏജൻസിയിലടക്കം പല ജോലിയും പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നിലും പച്ചപിടിച്ചില്ല. പിന്നീട് ഇത്തിസാലാത്തിന്റെ ജോലികള്‍ കരാറെടുത്ത് ചെയ്യുന്ന ഒരു കമ്പനിയിലായിരുന്നു. 

∙ കാണാതായി മൂന്നു ദിവസത്തിന് ശേഷം കോൾ

മകനെ കാണാതായി മൂന്ന് ദിവസത്തിന് ശേഷമായിരുന്നു സുരേഷിന് ജിത്തുവിന്റെ കൂട്ടുകാരനിൽ നിന്നൊരു ഫോൺ കോൾ ലഭിക്കുന്നത്. ജിത്തുവിനെ മൂന്ന് ദിവസമായി കാണാനില്ലെന്ന് അദ്ദേഹത്തിന്‍റെ കൂടെ ബുത്തീനയിൽ താമസിക്കുന്നവർ വിളിച്ചറിയിച്ചു എന്നായിരുന്നു കൈമാറിയ വിവരം. പതിവുപോലെ  താമസ സ്ഥലത്ത് നിന്ന് രാവിലെ ജോലിക്ക് പോയതിന് ശേഷമായിരുന്നു അപ്രത്യക്ഷനായത്. അന്ന് വൈകിട്ട് ഏഴ് വരെ ജിത്തുവിന്റെ മൊബൈൽ ഫോൺ ഒാണായിരുന്നു.  വിവരമറിഞ്ഞയുടൻ സുരേഷ് ഷാർജയിലേയ്ക്ക് പാഞ്ഞു. ബന്ധുക്കളോടും രണ്ടുപേരുടെയും കൂട്ടുകാരോടും അന്വേഷിച്ചെങ്കിലും ആർക്കും ഒരു വിവരവുമില്ലായിരുന്നു. തുടർന്ന് ഷാർജ അൽ ഗർബ പൊലീസിൽ പരാതി നൽകി. അതോടെ അവരും അന്വേഷണം ആരംഭിച്ചു.

ജിത്തുവിനെക്കുറിച്ച എന്തെങ്കിലും വിവരം ലഭിക്കുന്നവർ അദ്ദേഹത്തിന്റെ പിതാവിനെ +971 56 441 0658 എന്ന നമ്പരി‌ലോ പൊലീസിലോ വിവരം അറിയിക്കുക

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All