• Home
  • News
  • യുഎഇയിലെ ഷാര്‍ജയില്‍ 'ഹാംഗിംഗ് ഗാര്‍ഡന്‍സ്' തുറന്നു

യുഎഇയിലെ ഷാര്‍ജയില്‍ 'ഹാംഗിംഗ് ഗാര്‍ഡന്‍സ്' തുറന്നു

ഷാര്‍ജ : വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ ഷാര്‍ജയിലെ കല്‍ബ നഗരത്തില്‍ 'ഹാംഗിംഗ് ഗാര്‍ഡന്‍സ്' തുറന്നു. കല്‍ബ-ഷാര്‍ജ റോഡിലെ പുതിയ ടൂറിസം കേന്ദ്രം യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് പൊതുജനങ്ങള്‍ക്കായി തുറന്നത്.

1.6 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പൂന്തോട്ടമാണിത്. സമുദ്രനിരപ്പില്‍ നിന്ന് 281 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഒരു ലക്ഷം മരങ്ങളുള്ള ഈ പ്രദേശം ഹരിത ഇടങ്ങളും വെള്ളച്ചാട്ടങ്ങളും കൊണ്ട് അതീവ മനോഹരമായാണ് ഉദ്യാനം സജ്ജീകരിച്ചിരിക്കുന്നത്.
ഉദ്ഘാടനം ചെയ്ത ശേഷം ഷാര്‍ജ ഭരണാധികാരി പൂന്തോട്ടത്തിന്റെ സൗന്ദര്യം നേരില്‍ ആസ്വദിക്കുകയുണ്ടായി. കുരുന്നുകുട്ടികള്‍ ചേര്‍ന്ന് ഷെയ്ഖ് സുല്‍ത്താന് ഹൃദ്യമായ വരവേല്‍പ് നല്‍കുയും സംഗീതവിരുന്നൊരുക്കുകയും ചെയ്തു. 215 പേര്‍ക്ക് ഇരിക്കാവുന്ന ഗാര്‍ഡനിലെ സെന്‍ട്രല്‍ റെസ്റ്റോറന്റും അദ്ദേഹം സന്ദര്‍ശിച്ചു.
കൃഷിഭൂമി, വെള്ളച്ചാട്ടങ്ങള്‍, ഇടതൂര്‍ന്ന മരങ്ങള്‍, പൂക്കള്‍ എന്നിവയുടെ അതിശയകരമായ കാഴ്ചകള്‍ വാഗ്ദാനം ചെയ്യുന്ന മലകയറ്റ പാതകളെ മൂന്ന് തലങ്ങളായി തിരിച്ചാണ് ടൂറിസം സ്‌പോട്ട് സംവിധാനിച്ചിരിക്കുന്നത്. റെയില്‍പാളത്തിലൂടെ കാഴ്ചകള്‍ ആസ്വദിക്കാനും അവസരമുണ്ട്. ഇതിനായി 55 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും 820 മീറ്റര്‍ നീളമുള്ളതുമായ എക്സ്‌കര്‍ഷന്‍ ട്രെയിന്‍ ട്രാക്ക് നിര്‍മിച്ചിരിക്കുന്നു. നാല് സ്റ്റേഷനുകളിലൂടെ എക്സ്‌കര്‍ഷന്‍ ട്രെയിന്‍ കടന്നുപോകും. ഒരു സ്റ്റേഷന്‍ മുകളിലെ കഫറ്റീരിയക്ക് സമീപവും ബാക്കി മൂന്നെണ്ണം പൂന്തോട്ടത്തിനുള്ളിലുമാണ്.

ഇതുകൂടാതെ ഉള്‍ഭാഗത്ത് നിന്ന് മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാനായി 760 മീറ്റര്‍ നടപ്പാതയും ഒരുക്കിയിട്ടുണ്ട്. വിശാലമായ പാര്‍ക്കിങ് സ്ഥലങ്ങള്‍, വികലാംഗ പാര്‍ക്കിംഗ്, ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍, വിശ്രമമുറികള്‍, പ്രാര്‍ത്ഥനാ മുറികള്‍, ലഘുഭക്ഷണത്തിനുള്ള കഫറ്റീരിയ എന്നിവയുമുണ്ട്.
പ്രൊഫഷണല്‍ സ്‌കേറ്റിങിനായി 24,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രതലം ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്കും തുടക്കക്കാര്‍ക്കും പ്രൊഫഷണലുകള്‍ക്കുമായി മൂന്ന് ലെവലുകള്‍ സ്‌കേറ്ററുകളുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All