• Home
  • News
  • മലയാളി കുടുംബത്തിന്റെ മരണം കൊലപാതകം, ഭാര്യയെ കൊന്നത് ഭര്‍ത്താവ്, ശേഷം ആത്മഹത്യ,

മലയാളി കുടുംബത്തിന്റെ മരണം കൊലപാതകം, ഭാര്യയെ കൊന്നത് ഭര്‍ത്താവ്, ശേഷം ആത്മഹത്യ, നോവായി രണ്ട് കുരുന്നുകളും

യുഎസിലെ കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ ദമ്പതികളുടെയും കുട്ടികളുടെയും മരണം കൊലപാതകമെന്ന് യു എസ് പൊലീസ്. ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം ഭര്‍ത്താവ് സ്വയം നിറയൊഴിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. ഫാത്തിമ മാതാ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജി ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞുങ്ങളുടെ മരണത്തില്‍ ഇനിയും ദുരൂഹത നീങ്ങിയിട്ടില്ല. നാലുവയസുളള ഇരട്ടക്കുട്ടികള്‍ എങ്ങനെ മരിച്ചു എന്നതില്‍ അന്വേഷണം തുടരുകയാണ്. ആനന്ദിന്റെയും ഭാര്യയുടെയും മൃതദേഹം ശുചിമുറിയിൽ‌ നിന്നാണ് കണ്ടെത്തിയത്. കുട്ടികളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. പൊലീസ് പരിശോധനയിലാണ് കുളിമുറിയില്‍ നിന്ന് ഒമ്പത് എംഎം പിസ്റ്റളും തിരയും കണ്ടെത്തിയത്. അതേസമയം കുട്ടികളുടെ ശരീരത്തില്‍ ക്ഷതമേറ്റതിന്റെ പാടുകളൊന്നുമില്ല. അതിനാല്‍ തന്നെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതിന് ശേഷമെ ഇവരുടെ മരണത്തില്‍ വ്യക്തത വരൂ. ആനന്ദിന്റെ ദുബായിലുള്ള സഹോദരന്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.

ഏഴുവര്‍ഷംമുന്‍പാണ് ദമ്പതിമാര്‍ അമേരിക്കയിലേക്കു പോയത്. എസിയിൽ നിന്നോ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന ഹീറ്ററിൽ നിന്നോ വമിച്ച വിഷവാതകം ശ്വസിച്ചായിരിക്കാം കുട്ടികൾ മരിച്ചതെന്നായിരുന്നു ആദ്യ നി​ഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. വിഷമോ കൂടിയ അളവിലുള്ള മരുന്നുകളോ നല്‍കിയാവാം കുട്ടികളെ കൊലപ്പെടുത്തിയത്. എന്നാൽ ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍ വെളിയില്‍വീട്ടില്‍ പരേതനായ ബെന്‍സിഗറും ജൂലിയറ്റും ആണ് ആലീസിന്റെ മാതാപിതാക്കള്‍. ആലിസിന്റെ മാതാവ് ജൂലിയറ്റും അമേരിക്കയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ജൂലിയറ്റ് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയതിന് ശേഷമാണ് സംഭവം. ഞായറാഴ്ചയാണ് ജൂലിയറ്റ് നാട്ടിലേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതിന് ശേഷവും മകളുമായി ജൂലിയറ്റ് ഫോണില്‍ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം മെസേജ് അയച്ചെങ്കിലും കണ്ടില്ല. ഫോണില്‍ വിളിച്ചെങ്കിലും എടുക്കാതായതോടെ അമേരിക്കയിലുള്ള സുഹൃത്തിനെ വിളിച്ചു. സുഹൃത്ത് ആനന്ദിന്റെ വീട്ടിലെത്തിയപ്പോള്‍ വാതിലുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പുറത്ത് പോയതാകാം എന്ന ധാരണയില്‍ പേപ്പറില്‍ ഫോണ്‍ നമ്പര്‍ എഴുതി വാതിലിനു വശത്തായി വെച്ച് സുഹൃത്ത് തിരികെ പോന്നു. പിന്നീട് കുട്ടികളെ നോക്കാനായി വരുന്ന സ്ത്രീ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചിരിക്കുന്നതും ഫോണ്‍ നമ്പര്‍ എഴുതിയ പേപ്പറും കണ്ടു. ഇതോടെ സംഭവം പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All