• Home
  • News
  • മാതാപിതാക്കൾ വേർപിരിഞ്ഞതോടെ ‘ഒറ്റപ്പെട്ട’ കുട്ടി ഭിക്ഷാടനത്തിറങ്ങി; കണ്ടെത്തി തി

മാതാപിതാക്കൾ വേർപിരിഞ്ഞതോടെ ‘ഒറ്റപ്പെട്ട’ കുട്ടി ഭിക്ഷാടനത്തിറങ്ങി; കണ്ടെത്തി തിരികെയേൽപ്പിച്ച് പൊലീസ്

ദുബായ്∙ മാതാപിതാക്കളുടെ വിവാഹമോചനത്തിന് ശേഷം ഒറ്റപ്പെട്ടയതിനെ തുടർന്ന് പള്ളിക്ക് സമീപം ഭിക്ഷാടനം നടത്തിയ 14 വയസ്സുകാരനെ മാതാവിനെ തിരികെ ഏൽപ്പിച്ച് ദുബായ് പൊലീസ്. കുടുംബ വഴക്കിനെ തുടർന്ന് പിതാവിന്‍റെ വീട് വിട്ടിറങ്ങിയ കുട്ടി പള്ളിക്ക് സമീപം ഭിക്ഷാടനം നടത്തുന്നത് പൊലീസിന്‍റെ ‘ഭിക്ഷാടനത്തിനെതിരെ പോരാട്ടം’ എന്ന ക്യാംപെയ്നിനിടെയാണ് കണ്ടെത്തിയത്. 

കുട്ടി ഭിക്ഷാടനം ചെയ്യുന്നത് നിരീക്ഷിച്ച പൊലീസ് അന്വേഷണം നടത്തി ഇതു സംബന്ധിച്ച് ഡിപാർട്ട്‌മെന്‍റിന് വിവരം കൈമാറിയതായി ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് സസ്പീഷ്യസ് പേഴ്സൻസ് ആൻഡ് ക്രിമിനൽ വിഭാഗം ഡയറക്ടർ ബ്രി. അലി സലേം അൽ ഷംസി പറഞ്ഞു. കുട്ടിക്ക് വേണ്ട സഹായവും പിന്തുണയും നൽകാൻ വേഗത്തിൽ നടപടി സ്വീകരിച്ചു, കുട്ടിയുടെ കഥ ശ്രദ്ധയോടെ കേട്ടു. വിവാഹമോചനത്തിൽ നിന്നും പിതാവിന്‍റെ പുനർവിവാഹത്തിൽ നിന്നും ഉടലെടുത്ത തീവ്രമായ കുടുംബ തർക്കങ്ങളുടെ ഫലമായി കുട്ടി ഭിക്ഷാടനത്തിൽ ഏർപ്പെട്ടതായി വ്യക്തമായി. കുട്ടി വീട്ടിൽ നിന്ന് ഓടിപ്പോകാനും സഹായത്തിനായി തെരുവിലിറങ്ങാനും തീരുമാനിച്ചത് അങ്ങനെയാണ്.

ഇൻവെസ്റ്റിഗേഷൻസ് സസ്പീഷ്യസ് പേഴ്സൻസ് ആൻഡ് ക്രിമിനൽ വിഭാഗം ടാസ്‌ക് ടീം രൂപീകരിച്ച് വേഗത്തിലുള്ള നടപടി സ്വീകരിച്ചു. അവർ ഉടൻ തന്നെ കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടു. മാതാപിതാക്കൾ രണ്ടു പേരുടെയും നിലപാടുകൾ അറിഞ്ഞ ശേഷം കുട്ടിയെ അമ്മയോടൊപ്പം താമസിപ്പിക്കാൻ ധാരണയിലുമെത്തി. കുട്ടിക്ക് ഏറ്റവും മികച്ച പരിചരണവും പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

∙ കുട്ടികളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകണമെന്ന് പൊലീസ്

കുട്ടികളുടെ ക്ഷേമത്തിന് നിരന്തരമായ പിന്തുണ ഉറപ്പാക്കാൻ ബ്രി. അൽ ഷംസി മാതാപിതാക്കളോട് അഭ്യർഥിച്ചു. കുടുംബ പ്രശ്നങ്ങൾ കുട്ടികളുടെ സാന്നിധ്യത്തിൽ അല്ലാതെ പരിഹരിക്കേണ്ടത് പ്രധാന കാര്യമാണ്. വികസനത്തിന്‍റെ വിവിധ ഘട്ടങ്ങളും അതിനോടൊപ്പമുള്ള വെല്ലുവിളികളും മനസ്സിലാക്കുകയും വിവേകത്തോടെയും വിവേചനബുദ്ധിയോടെയും സമീപിക്കേണ്ടതിന്‍റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. മാത്രമല്ല, ഉറച്ച വിദ്യാഭ്യാസ തത്വങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികളെ നയിക്കാൻ അദ്ദേഹം മാതാപിതാക്കളെ ഉപദേശിച്ചു.  

∙ ഭിക്ഷാടനത്തിനെതിരെ ജാഗ്രത 

യാചകരോട് സഹതാപം കാണിക്കുന്നതോ അവർക്ക് പണം നൽകുന്നതോ ഒഴിവാക്കണമെന്ന് അൽ ഷംസി സമൂഹത്തോട് അഭ്യർഥിച്ചു. ആളുകളുടെ ലോലവികാരങ്ങൾ ചൂഷണം ചെയ്യാൻ ലക്ഷ്യമിടുന്ന യാചകരുടെ പദ്ധതികൾക്ക് ഇരയാകാതിരിക്കാൻ ജാഗ്രത പുലർത്തണം. പള്ളി പ്രവേശന കവാടങ്ങൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, മാർക്കറ്റുകൾ, തെരുവുകൾ എന്നിവയ്ക്ക് സമീപം സാധാരണ കാണപ്പെടുന്ന ഭിക്ഷാടകർ കെട്ടിച്ചമച്ച കഥകളും വഞ്ചനാപരമായ തന്ത്രങ്ങളും പണം തട്ടിയെടുക്കാൻ ഉപയോഗിക്കുന്നു. ഇത്തരക്കാരെ കണ്ടാൽ ഉടനടി പൊലീസിൽ റിപ്പോർട്ട് ചെയ്യണം. മാത്രമല്ല, യാചകരുടെ അഭ്യർഥനകളോട് പ്രതികരിക്കരുതെന്നും സഹതാപത്തിന്‍റെ അടിസ്ഥാനത്തിൽ അവരുമായി ഇടപഴകരുതെന്നും അറിയിച്ചു.

ദുബായ് പൊലീസിന്‍റെ സ്മാർട്ട് ആപ്പിലെ കോൺടാക്റ്റ് സെന്‍റർ (901) അല്ലെങ്കിൽ "പോലീസ് ഐ" സേവനം വഴി യാചകരെ ഉടൻ റിപോർട്ട് ചെയ്യാം. കൂടാതെ, ഇ-ക്രൈം പ്ലാറ്റ്‌ഫോം (www.ecrime.ae) വഴി സൈബർ യാചകരെ റിപോർട്ട് ചെയ്യാനും അഭ്യർഥിച്ചു.  വ്യക്തികൾക്ക് സാമ്പത്തിക സഹായം തേടുന്നതിന് ഔദ്യോഗിക സ്ഥാപനങ്ങളും ചാരിറ്റികളും അസോസിയേഷനുകളും ലഭ്യമാണെന്നും ഭിക്ഷാടനം നിയമവിരുദ്ധവും ഭിക്ഷാടനത്തിനെതിരെ പോരാടുന്നതുമായി ബന്ധപ്പെട്ട ഫെഡറൽ നിയമപ്രകാരം ശിക്ഷാർഹവുമാണെന്ന് പൊതുജനങ്ങളെ ഓർമിപ്പിക്കുകയും ചെയ്തു.  .

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All