• Home
  • News
  • എംഎ യൂസഫലി ചെയര്‍മാനായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്, ഷെയറുകള്‍ ഈ വര്‍ഷം ഗള്‍

എംഎ യൂസഫലി ചെയര്‍മാനായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്, ഷെയറുകള്‍ ഈ വര്‍ഷം ഗള്‍ഫില്‍ ലിസ്റ്റ് ചെയ്യും

 

അബുദാബി: മലയാളി വ്യവസായ പ്രമുഖന്‍ എംഎ യൂസഫലി ചെയര്‍മാനായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്. ഷെയറുകള്‍ ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യും. രാജ്യാന്തര റീട്ടെയ്ല്‍ വിതരണ ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് 100 കോടി ഡോളറിന്റെ ഓഹരികള്‍ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

2024 ന്റെ ആദ്യ പകുതിയില്‍ പ്രാരംഭ പബ്ലിക് ഓഫറിങ് (ഐപിഒ) അവതരിപ്പിക്കുമെന്നും കമ്പനിയുടെ ഓഹരികള്‍ ഗള്‍ഫില്‍ ലിസ്റ്റ് ചെയ്യുമെന്നും കഴിഞ്ഞ സപ്തംബര്‍ 11ന് ന്യൂഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ വച്ച് യൂസഫലി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഓഹരി ഇടപാടിനെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ മോയെലിസിനെ നിയമിച്ചിട്ടുണ്ടെന്ന് കമ്പനി പ്രതിനിധി കഴിഞ്ഞ സപ്തംബറില്‍ അറിയിച്ചിരുന്നു.
ഗള്‍ഫ് മേഖലയിലെ രണ്ടാമത്തെ വലിയ ഓഹരി വിപണിയായ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ ഓഹരികള്‍ വൈകാതെ ലിസ്റ്റ് ചെയ്‌തേക്കും. ഈ വര്‍ഷം രണ്ടാം പകുതിയോടെ അബുദാബിയിലും റിയാദിലും ഇരട്ട ലിസ്റ്റിങ് ആണ് കമ്പനി പരിഗണിക്കുന്നത്. ഓഹരി വിപണിയില്‍ ഇരട്ട ലിസ്റ്റിങുകള്‍ താരതമ്യേന വിരളമാണ്. 2022ല്‍ മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുടനീളമുള്ള കെഎഫ്സി, പിസ്സ ഹട്ട് റെസ്റ്റോറന്റുകളുടെ ഓപറേറ്ററായ അമേരിക്കാന ഗ്രൂപ്പ് സൗദിയിലും യുഎഇയിലും ഇത്തരമൊരു കരാര്‍ നടപ്പാക്കിയിരുന്നു.

ഓഹരി വിപണി ലിസ്റ്റിങ് സംബന്ധിച്ച കാര്യങ്ങള്‍ അന്തിമഘട്ടത്തിലെത്തിയിട്ടില്ലാത്തതിനാല്‍ ലുലു ഗ്രൂപ്പ് ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. ഓഹരി വില്‍പ്പനയിലൂടെ കുറഞ്ഞത് 100 കോടി ഡോളര്‍ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഐ.പി.ഒക്ക് മുന്നോടിയായി കടം റീഫിനാന്‍സ് ചെയ്യുന്നതിനായി 1000 കോടി ദിര്‍ഹം (2.5 ബില്യണ്‍ ഡോളര്‍) സമാഹരിച്ചതായി ബ്ലൂംബര്‍ഗ് ന്യൂസ് ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2020ല്‍ ഒരു അബുദാബി നിക്ഷേപ സ്ഥാപനം ഗ്രൂപ്പിലെ 100 കോടി ഡോളറിലധികം മൂല്യമുള്ള 20% ഓഹരികള്‍ വാങ്ങുന്ന സമയത്ത് ലുലുവിന് 500 കോടി ഡോളറിലധികം മൂല്യമുണ്ടായിരുന്നു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പില്‍ 70,000ത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നു. ഏകദേശം 800 കോടി ഡോളറാണ് വാര്‍ഷിക വിറ്റുവരുമാനം. ഗള്‍ഫിലും ഇന്ത്യയിലും ഏഷ്യന്‍ രാജ്യങ്ങള്‍ക്കും പുറമേ യുനൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ് എന്നിവിടങ്ങളിലായി 26 രാജ്യങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളുമുണ്ട്. വരും വര്‍ഷങ്ങളില്‍ വന്‍ വികസന പദ്ധതികളും ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ജിസിസിയിലും മറ്റ് രാജ്യങ്ങളിലും 80 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All