വ്രതനാളുകളെ വരവേൽക്കാൻ നാടൊരുങ്ങി
ദോഹ∙ വ്രതശുദ്ധിയുടെ നാളുകളെ വരവേൽക്കാൻ ഒരുങ്ങി രാജ്യം. രാജ്യത്തുടനീളമായി സൗഹാർദത്തിന്റെ ഇഫ്താർ കൂടാരങ്ങൾ സജ്ജം. ചൊവ്വാഴ്ച വൈകിട്ട് മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണമെന്ന് ഔഖാഫ് -ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ ചാന്ദ്രനിരീക്ഷണ കമ്മിറ്റി വിശ്വാസികളോട് നിർദേശിച്ചു.
മാസപ്പിറവി ദൃശ്യമായാൽ ഔഖാഫിന്റെ അൽ ദഫ്‌നയിലെ ഓഫിസിലെത്തി അറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. മഗ്‌രിബ് പ്രാർഥനയ്ക്ക് ശേഷം കമ്മിറ്റി ഇന്ന് യോഗം ചേരും. പുണ്യമാസത്തിനായി പള്ളികൾ, കുടുംബങ്ങൾ, വിപണികൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങി എല്ലാ മേഖലകളും തയാറായി കഴിഞ്ഞു.
നോമ്പുകാലത്ത് സർക്കാർ, സ്വകാര്യ മേഖലകളുടെയും ആശുപത്രികളുടെയും പ്രവർത്തന സമയങ്ങളിലും മാറ്റമുണ്ട്.ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ അതാത് നഗരസഭകളുടെ നേതൃത്വത്തിൽ വിപണികളിൽ പരിശോധനകളും നടക്കുന്നുണ്ട്. പബ്ലിക് പാർക്കുകൾ, റോഡുകൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.
റമസാനിൽ കത്താറ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ സാംസ്‌ക്കാരിക, വിനോദ പരിപാടികളും ആസ്വദിക്കാം. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾ, നിർധന കുടുംബങ്ങൾ, അനാഥർ, വിധവകൾ തുടങ്ങി സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കായി ഖത്തർ ചാരിറ്റി ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ റമസാൻ ക്യാംപെയ്‌നുകളും ഈ മാസം ആദ്യവാരം തന്നെ ആരംഭിച്ചു കഴിഞ്ഞു. വിശ്വാസികൾക്ക് സുരക്ഷിതമായി നോമ്പെടുക്കാനുള്ള റോഡു സുരക്ഷാ, ഗതാഗത ക്രമീകരണങ്ങളും ഗതാഗത ജനറൽ ഡയറക്ടറേറ്റ് ഉറപ്പാക്കാറുണ്ട്.
നോമ്പുതുറക്കാനായി തിരക്കിട്ട് വീട്ടിലേക്ക് അമിത വേഗത്തിൽ പായുമ്പോഴുള്ള അപകടങ്ങൾ ഒഴിവാക്കാനായി ഗതാഗത സിഗ്‌നലുകളിലൂടെ കടന്നു പോകുന്ന വാഹനയാത്രികർക്ക് സൗജന്യമായി ഇഫ്താർ കിറ്റും ഗതാഗത വകുപ്പ് അധികൃതർ വിതരണം ചെയ്യാറുണ്ട്.
ഷോപ്പിങ് തിരക്കിൽ കുടുംബങ്ങൾ
റമസാൻ ദിനങ്ങളെ വരവേൽക്കാനുള്ള അവസാന ഘട്ട ഷോപ്പിങ് തിരക്കുകളിലാണ് രാജ്യത്തെ കുടുംബങ്ങൾ. വീടിന് പെയിന്റടിച്ചും അകത്തളങ്ങളിൽ അറ്റകുറ്റപണികൾ നടത്തി പുതുമോടി കൂട്ടിയും ഗൃഹോപകരണങ്ങൾ പുതിയവ വാങ്ങിയും വീട്ടകങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. റമസാനിൽ കുടുംബങ്ങൾക്ക് വരുന്ന അധിക ചെലവ് കുറയ്ക്കാനായി ഇത്തവണ 913 നിത്യോപയോഗ സാധനങ്ങൾക്കാണ് വാണിജ്യ-വ്യവസായ മന്ത്രാലയം വിലക്കുറവ് പ്രഖ്യാപിച്ചത്. ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങൾക്ക് അമിത വില ഈടാക്കാതിരിക്കാനുള്ള നിയന്ത്രണങ്ങളും കർശനമാണ്. സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ റമസാൻ ഓഫറുകളുടെ പെരുമഴയാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പര്യാപ്തമായ ഉൽപന്നങ്ങളാണ് വിപണിയിലുള്ളത്. സർക്കാരിന്റെ തുടർച്ചയായ ബോധവൽക്കരണ പരിപാടികളുടെ ഫലമായി റമസാനിൽ ഭക്ഷണം ആരോഗ്യകരമാക്കുന്നതിൽ കുടുംബങ്ങൾ ശ്രദ്ധ ചെലുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ആരോഗ്യകരമായ ജൈവ ഉൽപന്നങ്ങളും സൂപ്പർമാർക്കറ്റുകളിൽ യഥേഷ്ടം ലഭിക്കും. നോമ്പുതുറ വിഭവങ്ങൾ കൂടുതൽ വ്യത്യസ്തമാക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ ബേക്കറികളും ഭക്ഷണശാലകളും.
ദോഹ മെട്രോ റമസാൻ സമയം
ദോഹ∙ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസുകളുടെ റമസാനിലെ സമയക്രമം പ്രഖ്യാപിച്ചു. ശനി മുതൽ വ്യാഴം വരെ രാവിലെ 6.30 മുതൽ പിറ്റേന്ന് പുലർച്ചെ 1.00 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2.00 മുതലും ആയിരിക്കും സർവീസ് നടത്തുക.
ജോലി സമയം 5 മണിക്കൂർ
ദോഹ∙റമസാൻ ദിനങ്ങളിൽ സർക്കാർ മേഖലകളിലെ ജോലി സമയം 5 മണിക്കൂർ ആക്കി ക്രമീകരിച്ചു. കാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ സുലൈത്തിയാണ് ഇതു സംബന്ധിച്ച സർക്കുലർ ഇറക്കിയത്. നോമ്പു ദിനങ്ങളിൽ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ മാത്രമായിരിക്കും മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, ഓഫിസുകൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങി സർക്കാർ മേഖലകളിലെ ജോലി സമയം. രാവിലെ ഒരു മണിക്കൂർ വൈകി 10.00നാണ് ജോലിയിൽ പ്രവേശിക്കുന്നതെങ്കിലും ജോലി സമയം 5 മണിക്കൂർ പൂർത്തിയാക്കണം. സ്വകാര്യ മേഖലയിലും നോമ്പു ദിനങ്ങളിൽ ജോലി സമയം സാധാരണ ഉച്ചയ്ക്ക് 2.00 വരെയാണ്.
നവജാത ശിശു റജിസ്‌ട്രേഷൻ സമയക്രമത്തിൽ മാറ്റം
ദോഹ∙റമസാനിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നവജാത ശിശു റജിസ്‌ട്രേഷൻ ഓഫിസ് സമയക്രമത്തിൽ മാറ്റം. വനിതാ വെൽനസ് ആൻഡ് റിസർച്സെന്റർ, അൽ വക്ര, അൽഖോർ ആശുപത്രികൾ, ക്യൂബൻ ആശുപത്രി, സിദ്ര മെഡിസിൻ, അൽ അഹ്‌ലി ആശുപത്രി, ദോഹ ക്ലിനിക്ക്, അൽ ഇമാദി ആശുപത്രി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പ്രവർത്തനം സമയം. വനിതാ വെൽനസ്, സിദ്ര മെഡിസിൻ, അൽ അഹ്‌ലി എന്നിവിടങ്ങളിൽ രാവിലെ മാത്രമല്ല ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെയും ഓഫിസുകൾ പ്രവർത്തിക്കും.
കരുണയുടെ കരങ്ങളുമായി സ്വദേശികളും
ദോഹ∙നോമ്പുകാലത്തെ മനോഹരമായ കാഴ്ചകളിലൊന്നാണ് ദിവസേന വൈകിട്ട് വലിയ വാഹനങ്ങളിൽ തൊഴിലാളികൾക്ക് നിത്യോപയോഗ സാധനങ്ങളും നോമ്പുത2റ വിഭവങ്ങളുമായി വ്യവസായ മേഖലകളിലേക്ക് എത്തുന്ന സ്വദേശികൾ. വർഷംതോറും മുടങ്ങാതെ വ്യവസായ മേഖലയിലെ തൊഴിലാളികൾക്ക് നോമ്പു തുറ വിഭവങ്ങളും അവശ്യ സാധനങ്ങളും വിതരണം ചെയ്യുന്ന സ്വദേശികളുണ്ട്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വൈകുന്നേരങ്ങളിൽ ഇത്തരം കാഴ്ചകൾ നോമ്പുകാലത്ത് പതിവാണ്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലെ നോമ്പുകാലത്ത് മാത്രമാണ് മുടങ്ങിയത്. ഇഫ്താർ വിഭവങ്ങൾ ഉണ്ടാക്കി അയൽപ്പക്കത്തെ വീടുകളിൽ വിതരണം ചെയ്യുന്ന സ്വദേശി കുടുംബങ്ങളും കുറവല്ല. നോമ്പുകാലമാണ് സ്വദേശികളുടെ അയൽപക്ക ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നത്. നോമ്പിന്റെ തുടക്കം മുതൽ അവസാന ദിവസം വരെ സ്വദേശികളിലെ കാരുണ്യ പ്രവൃത്തി കുറഞ്ഞ വരുമാനമുള്ള പ്രവാസി തൊഴിലാളികൾക്ക് വലിയ ആശ്വാസകരമാണ്. പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും ലേബർ ക്യാംപുകളിലും മറ്റും ഇഫ്താർ സംഗമങ്ങളും ഉണ്ടാകും. രാത്രി വൈകിയും ജോലിയിൽ ഏർപ്പെടുന്നവർക്കായി അത്താഴ കിറ്റുകളുമായി നിരവധി പ്രവാസി സംഘടനകളും സജീവമാകും.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.