• Home
  • News
  • അൽഖെയിൽ റോഡ് നവീകരണത്തിന് 70 കോടി ദിർഹത്തിന് കരാർ

അൽഖെയിൽ റോഡ് നവീകരണത്തിന് 70 കോടി ദിർഹത്തിന് കരാർ

ദുബായ് ∙ അൽഖെയിൽ റോഡ് നവീകരണത്തിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 70 കോടി ദിർഹത്തിന്റെ കരാർ നൽകി. 3.3 കിലോമീറ്റർ നീളത്തിൽ പുതിയ പാലങ്ങളും സബീൽ, മെയ്ദാൻ, അൽഖൂസ്, ഖദീർ അൽ തായിർ, ജുമൈറ വില്ലേജ് സർക്കിൾ എന്നിവിടങ്ങളിൽ 6.8 കിലോമീറ്റർ റോഡിന്റെ വികസനവുമാണ് പദ്ധതിയിൽ. ഇതോടെ മണിക്കൂറിൽ 19,600 വാഹനങ്ങൾ കടന്നു പോകാനുള്ള ശേഷി അൽഖെയിൽ റോഡിനു ലഭിക്കും. യാത്രാ സമയം 30% കുറയ്ക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. 

ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയ്ക്കു സമാന്തരമായി പോകുന്നതിനാൽ, ഇവിടത്തെ ഗതാഗതത്തിരക്ക് ഒരു പരിധിവരെ നിയന്ത്രിക്കാൻ അൽഖെയിൽ റോഡിനു സാധിക്കും. 

സബീൽ ഭാഗത്ത് ഊദ് മേത്ത സ്ട്രീറ്റിനെയും ഫിനാൻഷ്യൻ സെന്റർ സ്ട്രീറ്റ് ജംക്‌ഷനെയും ബന്ധിപ്പിച്ച് 700 മീറ്റർ നീളത്തിൽ പുത‌ുതായി മൂന്നുവരിപ്പാലം നിർമിക്കും. സബീൽ പാലസ് സ്ട്രീറ്റ്, ഊദ്മേത്ത റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള ട്രാഫിക് നേരെ അൽഖെയിൽ റോഡിലെത്തിക്കാൻ ഈ പാലത്തിനു സാധിക്കും. മണിക്കൂറിൽ 4800 വാഹനങ്ങൾ കടന്നു പോകാൻ ശേഷിയുള്ളതാണ് പുതിയ പാലം. അൽ മെയ്ദാൻ, റാസൽ ഖോർ റോഡിലാണ് മറ്റൊരു പ്രധാന വികസനം. മെയ്ദാൻ റോഡിൽ നിന്നു ദെയ്റാ ദിശയിൽ അൽ ഖെയിൽ റോഡിലേക്ക് 610 മീറ്റർ നീളത്തിൽ രണ്ടുവരിപ്പാലം വരും. മണിക്കൂറിൽ 3200 വാഹനങ്ങൾ കടന്നു പോകാൻ ശേഷിയുണ്ടാകും. ഇതിനു പുറമേ അൽഖെയിൽ റോഡിൽ നിന്നു റാസൽഖോർ ഭാഗത്തേക്കുള്ള ഗതാഗതം സുഗമമാക്കാൻ ഒന്നര കിലോമീറ്റർ റോഡിന്റെ ഉപരിതല പ്രവൃത്തികളും ഇതോടൊപ്പം നടത്തും. 

അൽക്കൂസ് ഒന്നിലും പുതിയ പാലം വരും. മെയ്ദാൻ റോഡിൽ നിന്നുള്ള വാഹനങ്ങൾ അൽഖെയിൽ റോഡിൽ അബുദാബി ദിശയിലേക്ക് എത്തിക്കും വിധം 650 മീറ്റർ നീളത്തിൽ രണ്ടുവരിപ്പാലമാണ് ഇവിടെ നിർമിക്കുക. മണിക്കൂറിൽ 3200 വാഹനങ്ങൾ വഹിക്കാനുള്ള ശേഷിയുണ്ടാകും. അൽഖെയിൽ റോഡിൽ നിന്ന് അൽ വാഹാ സ്ട്രീറ്റ്, ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള 2.1 കിലോമീറ്റർ റോഡിന്റെ വികസനവും പൂർത്തിയാക്കും. മെയ്ദാൻ റോഡിനും ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിനും ഇടയിൽ ഖദീർ അൽ തായിർ റോ‍‍ഡിലാണ് അടുത്ത പ്രവൃത്തികൾ നടക്കുന്നത്. ഇവിടെ ലത്തീഫ ബിൻത് സ്ട്രീറ്റിൽ നിന്ന് അൽഖെയിൽ റോഡിൽ ദെയ്റാ ദിശയിലേക്ക് വാഹനങ്ങൾ എത്തിക്കാൻ കഴിയുന്നത് 640 മീറ്റർ രണ്ടുവരിപ്പാലം നിർമിക്കും. മണിക്കൂറിൽ 3200 വാഹനങ്ങൾ കടന്നു പോകും. 

ജുമൈറ വില്ലേജ് സർക്കിളിൽ ഹെസാ സ്ട്രീറ്റിനും അൽ കാമില സ്ട്രീറ്റിനും ഇടയിലാണ് വികസന പ്രവൃത്തികളുടെ മറ്റൊരു പ്രധാന കേന്ദ്രം. അൽഖെയിൽ റോഡിലെ ട്രാഫിക് നേരെ ഹെസാ സ്ട്രീറ്റിലേക്ക് എത്തിക്കാൻ 700 മീറ്റർ നീളത്തിൽ രണ്ടുവരിപ്പാലം ഇവിടെ നിർമിക്കും. മണിക്കൂറിൽ 3200 വാഹനങ്ങളാണ് പാലത്തിന്റെ ശേഷി. 

ഇതിനു പുറമേ, അൽഖെയിൽ റോഡിൽ ജദ്ദാഫ് ഭാഗത്ത് റോഡിൽ ദെയ്റാ ദിശയിലേക്ക് പുതിയതായി ഒരു വരി കൂടി വരും. ഇതോടെ ഈ ഭാഗത്തു മണിക്കൂറിൽ 2000 വാഹനങ്ങൾ കടത്തിവിടാനുള്ള ശേഷി റോഡിനു കൈവരും. അൽഖെയിൽ റോഡിൽ ബിസിനസ് ബേയുടെ പ്രവേശന ഭാഗത്തും പുതിയതായി ഒരുവരി കൂടി നിർമിക്കും. ബിസിനസ് ബേയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം കൂടുതൽ എളുപ്പത്തിലാക്കും.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All