• Home
  • News
  • ജീവനക്കാരുടെ സംതൃപ്തി വര്‍ധിപ്പിക്കാന്‍ ത്രിദിന വാരാന്ത്യ അവധി, നിര്‍ദേശം പാര്‍ല

ജീവനക്കാരുടെ സംതൃപ്തി വര്‍ധിപ്പിക്കാന്‍ ത്രിദിന വാരാന്ത്യ അവധി, നിര്‍ദേശം പാര്‍ലമെന്റില്‍

മനാമ : ബഹ്റൈനില്‍ വാരാന്ത്യ അവധി മൂന്നു ദിവസമാക്കണമെന്ന നിര്‍ദേശം പാര്‍ലമെന്റിനു മുമ്പാകെ അവതരിപ്പിച്ച് എംപിമാര്‍. പാര്‍ലമെന്റ് അംഗങ്ങളായ മുഹമ്മദ് അല്‍അലൈവി, ഹമദ് അല്‍ദവി, അഹ്‌മദ് ഖറാത്ത, മുഹമ്മദ് അല്‍ബലൂശി, ബദ്ര്‍ അല്‍തമീമി എന്നിവരാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്.

ജീവനക്കാരുടെ പൊതുവായ സംതൃപ്തിയും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരവും വര്‍ധിപ്പിക്കുന്നതിലൂടെ ജോലിയുള്ള ദിവസങ്ങളില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടുന്നു. ജര്‍മനി, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങള്‍ ത്രിദിന വാരാന്ത്യ അവധി തൊഴിലാളികളുടെ മാനസികാരോഗ്യനില മെച്ചപ്പെടുത്താനുള്ള മാര്‍ഗമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നു.
ആഗോള പുരോഗതിക്കൊപ്പം വേഗത്തില്‍ നീങ്ങേണ്ടതുണ്ടെന്നും അതിനാവശ്യമായ സാഹചര്യമൊരുക്കുന്നതിനാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചതെന്നും മുഹമ്മദ് അല്‍അലൈവി എം.പി വിശദീകരിച്ചു. വാരാന്ത്യ അവധി മൂന്നു ദിവസമാക്കി മാറ്റുന്നതിലൂടെ ജീവനക്കാര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും വ്യക്തിപരമായ പ്രവര്‍ത്തനങ്ങളിലും താല്‍പര്യങ്ങളിലും ഏര്‍പ്പെടാനും കഴിയും.

ജോലിക്കൊപ്പം കുടുംബ ജീവിതവും നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നത് പ്രധാനമാണ്. ഇത് ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും കാര്യശേഷിയും ഉത്പാദക്ഷമതയും വര്‍ധിപ്പിക്കാനും ഉപകരിക്കും. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ മെച്ചപ്പെടുത്താന്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ അവധി ലഭിക്കുന്നതിലൂടെ സാധിക്കും.

വെള്ളിയാഴ്ച ജുമുഅ ദിനമായതിനാല്‍ ജോലി സമയം കുറവാണെങ്കില്‍ പോലും ജോലിത്തിരക്കുകള്‍ ഉണ്ടാവുന്നത് മാനസികമായി മോശമായ സ്വാധീനം ചെലുത്തും. പാരമ്പര്യങ്ങളും ആചാരങ്ങളുമുള്ള ഒരു ഇസ്ലാമിക രാജ്യമെന്ന നിലയില്‍ വെള്ളിയാഴ്ച ദിവസം ജോലി സ്വീകരിക്കുന്നത് നെഗറ്റീവ് വൈകാരിക സ്വാധീനമാണ് സൃഷ്ടിക്കുക. സാമൂഹികവും മതപരവുമായ മാനങ്ങളുള്ളതിനാല്‍ വെള്ളിയാഴ്ച ദിവസം ജോലി സ്വീകരിക്കുന്നത് ബുദ്ധിമുട്ടാണ്.

തിരക്കുപിടിച്ച ജീവിതക്രമത്തിനിടയില്‍ സാങ്കേതിക വിപ്ലവത്തിന്റെ പ്രതികൂല ഫലങ്ങള്‍ കുറയ്ക്കാനും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും അവധി ദിനങ്ങള്‍ സഹായിക്കും. കുടുംബ ഐക്യവും ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കാനും ഇത് ആവശ്യമാണ്. മൂന്ന് ദിവസം അവധി ലഭിക്കുന്നത് വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും യാത്രകള്‍ നടത്താനുമുള്ള ആഗ്രഹം സൃഷ്ടിക്കും. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യാത്രചെയ്യുന്നത് വര്‍ധിക്കുകയും ചെയ്യും.

വെള്ളിയാഴ്ച ദിവസം ജോലി ചെയ്യുന്ന മണിക്കൂറുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ കൂട്ടിച്ചേര്‍ത്ത് മൂന്നു ദിവസം അവധി നല്‍കുന്ന രീതിയും മുന്നിലുണ്ട്. ജോലിയുടെ ആവശ്യകത നോക്കി ഓരോ വകുപ്പുകള്‍ക്കും ജീവനക്കാരുടെ തൊഴില്‍ സമയം ക്രമീകരിക്കാവുന്നതാണ്. ഇത്തരത്തില്‍ ഷാര്‍ജ ഗവണ്‍മെന്റ് സ്വീകരിച്ച നടപടിയുമായി ത്രിദിന അവധി നിര്‍ദേശം പൊരുത്തപ്പെട്ടു പോകുന്നതാണെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി. നിര്‍ദേശത്തിന്മേല്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് ചര്‍ച്ച നടത്തി തീരുമാനമെടുക്കും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All