കൂടുതൽ സൈക്കിൾ പാതകളുമായി ദുബായ്: അൽഖവനീജിലും മുഷ്‌റിഫിലും പുതിയ ട്രാക്കുകൾ ഉടൻ
ദുബായ് ∙ ആരോഗ്യ ട്രാക്കിലേക്ക് ജനങ്ങളെ ആകർഷിക്കാൻ കൂടുതൽ സൈക്കിൾ പാതയൊരുക്കി ദുബായ്. സൈക്കിൾ ചവിട്ടി കായിക ക്ഷമത വീണ്ടെടുക്കാനാണ് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. ഇതിനായി കൂടുതൽ സൈക്കിൾ പാതകൾ സജ്ജമാക്കുകയാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർടിഎ). പുതുതായി അൽഖവനീജിലും മുഷ്‌റിഫിലും നിർമിക്കുന്ന 7 കി.മീ സൈക്കിൾ ട്രാക്കുകളുടെ 90% ജോലികളും പൂർത്തിയായി. പൂർണ സജ്ജമായാൽ നിലവിലെ 32 കി.മീ സൈക്ലിങ് ട്രാക്കുകളുമായി ബന്ധിപ്പിക്കും.
ഇതോടെ അൽഖവനീജിലും മുഷ്‌റിഫിലുമുള്ള ട്രാക്കുകളുടെ ദൈർഘ്യം 39 കി.മീ ആയി ഉയരുമെന്ന് ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. സൈക്കിൾ സൗഹൃദ ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതി. കായിക, വിനോദ പരിപാടികളിലേക്കു താമസക്കാരെയും സന്ദർശകരെയും ആകർഷിച്ച് ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ ഖുർആൻ ഗാർഡനിൽനിന്ന് തുടങ്ങി അൽഖവനീജ് സ്ട്രീറ്റിലേക്കുള്ള കവല വരെയാണ് ആദ്യ ട്രാക്ക്. രണ്ടാമത്തെ പാത മുതല പാർക്കിന് സമീപം മുഷ്‌റിഫ് പാർക്കിൽനിന്ന് ആരംഭിച്ച് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലേക്കുള്ള കവല വരെ നീളും. പണി പൂർത്തിയായാൽ നിലവിലെ ട്രാക്കുമായി ഇവ രണ്ടും ബന്ധിപ്പിക്കും.
2026ഓടെ ദുബായിലെ സൈക്കിൾ ട്രാക്കുകളുടെ ആകെ ദൈർഘ്യം 819 കി.മീ ആയി വർധിക്കും. ജുമൈറ, അൽ സുഫൂഹ്, മറീന എന്നിവയെ അൽ ഖുദ്ര, സെയ്ഹ് അൽ സലാം എന്നിവിടങ്ങളിലെ പ്രധാന റോഡ് ട്രാക്കുകളുമായി ബന്ധിപ്പിക്കും. അൽബർഷ, ദുബായ് ഹിൽസ്, നാദ് അൽ ഷീബ എന്നിവിടങ്ങളിലെ ട്രാക്കുകൾ നാദ് അൽ ഷെബയുമായും ചേർക്കും. സൈക്കിൾ സവാരിക്കു മാത്രമുള്ളതും റോഡിനോട് ചേർന്നുള്ളതുമായ ട്രാക്കുകളിൽ മണിക്കൂറിൽ 30 കി.മീയും നടപ്പാതകൾക്കൊപ്പമുള്ള സൈക്കിൾ ട്രാക്കിൽ മണിക്കൂറിൽ 20 കി.മീ ആണ് പരമാവധി വേഗം. ഇതേസമയം പരിശീലന ട്രാക്കുകളുടെ വേഗപരിധി നിശ്ചയിച്ചിട്ടില്ല.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.