വിവര സാങ്കേതിക വിദ്യകളിലേക്ക് വാതിൽ തുറന്ന് ‘കോമെക്സ് 2023’
മസ്കത്ത് : വിവരസാങ്കേതിക വിദ്യകളിലേക്ക് വാതിൽ തുറന്ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന കോമെക്സ് പ്രദർശനം. ആയിരക്കണക്കിന് ആളുകളാണ് ടെക് ലോകത്തെയും മറ്റും പുതിയ വിവരങ്ങളും കാര്യങ്ങളും അറിയാൻ എത്തുന്നത്. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ് ഉദ്ഘാടനം ചെയ്തു. ‘ഡിജിറ്റൽ ഇൻവെസ്റ്റ്മെന്റ്’ ആണ് ഈ വർഷത്തെ പ്രധാന തീമെന്ന് ഗതാഗത, വാർത്ത, വിനിമയ, വിവര സങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മാവാലി പറഞ്ഞു. ചടങ്ങിൽ ഒ.ക്യു ഗ്രൂപ് നിരവധി അന്താരാഷ്ട്ര കമ്പനികളുമായും ചെറുകിട ഇടത്തരം സംരംഭങ്ങളുമായും ഡിജിറ്റൽ പരിവർത്തനം, നാലാം കൃത്രിമ വിപ്ലവ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ എട്ട് കരാറുകളും ധാരണപത്രങ്ങളും ഒപ്പുവെച്ചു. മസ്കത്ത് മുനിസിപ്പാലിറ്റി നിരവധി ഓൺലൈൻ സേവനങ്ങൾ അവതരിപ്പിച്ചു.
സ്മാർട്ട്ഫോണുകൾക്കായുള്ള മുനിസിപ്പാലിറ്റി ആപ്ലിക്കേഷന്റെ പുതിയ പതിപ്പ്, മുനിസിപ്പാലിറ്റിയുടെ വാട്സ്ആപ് (മാഈൻ) പ്ലാറ്റ്ഫോമിൽ അഭ്യർഥനകളോട് പ്രതികരിക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സേവനം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യാമ്പിങ് പെർമിറ്റുകൾക്കും ഓൺലൈൻ പേയ്മെന്റ് പോർട്ടലിനും വേണ്ടിയുള്ള ഇലക്ട്രോണിക് സേവനങ്ങളും മുനിസിപ്പാലിറ്റി അവതരിപ്പിക്കും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.