കരുതലിന്റെ കാവലായി ഐസിബിഎഫ് ലൈഫ് പോളിസി
ദോഹ ∙ ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐസിബിഎഫ്) ലൈഫ് ഇൻഷുറൻസ് പോളിസിയിൽ ഇതുവരെ ചേർന്നത് 37,000 പേർ. പോളിസി ക്ലെയിമിനായി ലഭിച്ചത് 72 അപേക്ഷകൾ. ഒറ്റത്തവണ 125 റിയാൽ അടച്ചാൽ 2 വർഷത്തേക്ക് ഒരു ലക്ഷം റിയാലിന്റെ വ്യക്തിഗത ഇൻഷുറൻസ് ലഭ്യമാക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസി ദമാൻ (ഭീമ) ഇസ്‌ലാമിക് ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് ഐസിബിഎഫ് നടപ്പാക്കിയിട്ട് 3 വർഷം പിന്നിട്ടു.
പോളിസി ഉടമകളിൽ മരണവും അംഗവൈകല്യവും സംഭവിച്ചതിനെ തുടർന്ന് 72 അപേക്ഷകൾ ക്ലെയിമിനായി ലഭിച്ചു. ഇതിൽ 35 അപേക്ഷകർക്കും പോളിസി തുക നൽകി. 20 എണ്ണം ക്ലെയിം നൽകാനുള്ള നടപടികളിലാണ്. വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്തതിനാൽ 17 അപേക്ഷകൾ തള്ളിയതായും ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ വ്യക്തമാക്കി. പ്രവാസി അസോസിയേഷനുകൾക്കിടയിലും ലേബർ ക്യാംപുകളിലുമെല്ലാം പോളിസിയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നുണ്ടെങ്കിലും പോളിസിയെടുക്കാൻ തൊഴിലാളികൾ പലപ്പോഴും വിമുഖത കാണിക്കുന്നുണ്ടെന്ന് ഐസിബിഎഫ് ഭാരവാഹികൾ പറയുന്നു.
ജീവനക്കാർക്കായി സ്വന്തം ചെലവിൽ ഐസിബിഎഫ് ഇൻഷുറൻസ് പോളിസി എടുത്തു കൊടുക്കുന്ന സ്വകാര്യ കമ്പനികളും അംഗങ്ങൾക്കായി പോളിസി എടുക്കുന്ന പ്രവാസി അസോസിയേഷനുകളും ഏറെയുണ്ട്. ഇന്ത്യക്കാർക്ക് വേണ്ടി മാത്രമായിരുന്ന പോളിസി ഇപ്പോൾ ഖത്തറിലെ വിവിധ രാജ്യക്കാരായ പ്രവാസി തൊഴിലാളികൾക്കു വേണ്ടിയും നൽകുന്നുണ്ടെന്ന് ഐസിബിഎഫ് വ്യക്തമാക്കി.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.