ശൈത്യകാലത്ത് ശ്രദ്ധവേണം ഭക്ഷണക്കാര്യത്തിൽ
ദോഹ∙ ശൈത്യകാലമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം തന്നെ ശീലമാക്കാം. ശൈത്യകാലത്തും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാൻ ശ്രദ്ധിക്കണമെന്ന് പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) അധികൃതരുടേതാണ് ഓർമപ്പെടുത്തൽ. ഭക്ഷണം ആരോഗ്യകരമാകണമെന്ന ഓർമപ്പെടുത്തലിനൊപ്പം തണുപ്പു കാലത്ത് ഭക്ഷണത്തിൽ പ്രധാനമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണസാധനങ്ങളെക്കുറിച്ചും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും ഇറച്ചിയും എല്ലാം ഉൾപ്പെടുത്തിയുള്ള സമീകൃത ആഹാരമാണ് ആരോഗ്യകരമായ ശരീരത്തിന് നല്ലത്. അതേസമയം വേനൽക്കാലത്തും ശൈത്യകാലത്തും ഒഴിവാക്കേണ്ടതും ഉൾപ്പെടുത്തേണ്ടതുമായ ഭക്ഷണ സാധനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയും വേണം. ഏതു കാലാവസ്ഥയിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ ദിവസേന കുറഞ്ഞത് 5 പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയും നിർദേശിക്കുന്നത്.
ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ
തേൻ: വ്യത്യസ്ത തരം പോഷകം അടങ്ങിയ ഔഷധ ഗുണമേറിയ തേൻ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ശൈത്യകാലത്തുണ്ടാകുന്ന തൊണ്ടവേദന, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾക്കും തേൻ നല്ലതാണ്. ചായയിൽ പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കാം. ചൂടുവെള്ളത്തിൽ നാരങ്ങാ നീരും തേനും ചേർത്ത് കുടിയിക്കുന്നതും തൊണ്ടവേദനയ്ക്ക് നല്ലതാണ്. ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും.
ഏത്തപ്പഴം: മഗ്‌നീഷ്യം കൂടുതലുള്ള പഴവർഗമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തും. ഹൃദയം, വൃക്കകൾ എന്നിവയുടെ ആരോഗ്യത്തിനും ഗുണകരം. പ്രമേഹ രോഗികൾ പക്ഷേ കൂടുതൽ പഴം കഴിക്കരുത്. ചുമയോ പനിയോ ഉള്ളപ്പോൾ പ്രത്യേകിച്ചും രാത്രിയിൽ പഴം കഴിക്കുന്നതും ഒഴിവാക്കണം.
കറുവാപ്പട്ട: ഔഷധ ഗുണമേറെയുള്ള കറുവാപ്പട്ട ശരീരത്തിന്റെ മെറ്റബോളിസത്തിന് കരുത്തേകും. ഹൃദ്രോഗ സാധ്യത കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും ഗുണകരമാണ്. രോഗപ്രതിരോധശേഷിയും കൂട്ടും. ആർത്രൈറ്റിസ് രോഗികൾക്കും തണുപ്പുകാലത്ത് ആശ്വാസമേകും.
ഉണങ്ങിയ പഴങ്ങളും നട്‌സും: രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ചർമ, ഹൃദയ ആരോഗ്യം നിലനിർത്തും. എല്ലുകൾക്ക് കരുത്തേകും.ശരീരത്തിന് ഉണർവേകും.
ജീരകം: പ്രതിരോധ ശേഷി വർധിപ്പിക്കും. ശരീരത്തിന് ദീർഘനേരം ചൂട് നിലനിർത്താൻ സഹായകമാകും. ദഹനപ്രക്രിയ എളുപ്പമാക്കും. ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ശൈത്യകാല ആരോഗ്യ പ്രശ്‌നങ്ങളെയും പ്രതിരോധിക്കും.
പച്ചക്കറി സൂപ്പ്: പോഷക സമൃദ്ധമായ പച്ചക്കറി സൂപ്പ് കഴിയ്ക്കുന്നത് ശരീരത്തിന് ചൂടേകും. ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കും. പ്രതിരോധ സംവിധാനത്തെയും ശക്തിപ്പെടുത്തും.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.