• Home
  • News
  • ബി.ആർ.ഷെട്ടി വീണ്ടും യുഎഇയിൽ, തിരിച്ചെത്തുമോ യുഎഇ എക്സ്ചേഞ്ചിന് നല്ല കാലം?

ബി.ആർ.ഷെട്ടി വീണ്ടും യുഎഇയിൽ, തിരിച്ചെത്തുമോ യുഎഇ എക്സ്ചേഞ്ചിന് നല്ല കാലം?

അബുദാബി ∙ എൻഎംസി ഗ്രൂപ്പിന്‍റെ സ്ഥാപകനായ പ്രവാസി വ്യവസായി ബി.ആർ. ഷെട്ടി യുഎഇയിൽ തിരിച്ചെത്തി.  രണ്ട് ഇന്ത്യൻ ബാങ്കുകളിലെ കടങ്ങൾ തിരിച്ചടയ്ക്കാത്തതിന്‍റെ പേരിൽ ഇന്ത്യയിൽ ദീർഘകാലമായി യാത്രാ വിലക്ക് നേരിടേണ്ടിവന്ന ബി.ആർ. ഷെട്ടിക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാൻ അബുദാബിയിലേക്ക് പോകാൻ കർണാടക ഹൈക്കോടതി വെള്ളിയാഴ്ച അനുമതി നൽകിയിരുന്നു.  എന്നാൽ അദ്ദേഹം ഇപ്പോൾ എവിടെയാണ് താമസിക്കുന്നതെന്നോ, ഭാവി പരിപാടി എന്താണെന്നോ വെളിപ്പെടുത്തിയിട്ടില്ല. താൻ ശക്തമായി തിരിച്ചുവരുമെന്ന് നേരത്തെ ഷെട്ടി പറഞ്ഞിരുന്നു.

ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷനൽ ബാങ്കും പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറുകളും (എൽഒസി) ഷെട്ടിക്കെതിരെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ പുറപ്പെടുവിച്ചതും കോടതി സസ്പെൻഡ് ചെയ്യുകയും അബുദാബിയിലേക്ക് പോകാൻ സോപാധിക അനുമതി നൽകുകയും ചെയ്തു.  മൂന്ന് വർഷം മുൻപ്  അദ്ദേഹം പ്രമോട്ട് ചെയ്ത കമ്പനികൾക്ക് അനുവദിച്ച വായ്പയുടെ അടയ്ക്കുന്നതിലുണ്ടായ വീഴ്ചയുമായി ബന്ധപ്പെട്ട് ബാങ്കുകൾ നൽകിയ എൽഒസിയുടെ അടിസ്ഥാനത്തിൽ ബെംഗളുരൂ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പറക്കാൻ ഇന്ത്യൻ ഇമിഗ്രേഷൻ അധികൃതർ അനുമതി നിഷേധിച്ചിരുന്നു.  2021-ൽ രണ്ട് പൊതുമേഖലാ ബാങ്കുകൾ നൽകിയ എൽഒസിയുടെ അടിസ്ഥാനത്തിൽ ഇന്ത്യ വിടുന്നത് വിലക്കിയ ഇമിഗ്രേഷൻ ബ്യൂറോയുടെ നടപടിക്കെതിരായ ഷെട്ടിയുടെ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു.  

∙ യുഎഇ എക്സ്ചേഞ്ചിന് പുതുജീവൻ വയ്ക്കുമോ?
എൻഎംസി ഗ്രൂപ്പിന്‍റെ   കീഴിൽ നേരത്തെ വ്യാപകമായി പ്രവർത്തിച്ചിരുന്ന യുഎഇ എക്സ്ചേഞ്ച് ശാഖകൾ  സാമ്പത്തിക പ്രശ്‌നങ്ങളിൽ അകപ്പെട്ടതിനെ തുടർന്ന് 2020 മാർച്ചിൽ യുഎഇ സെൻട്രൽ ബാങ്ക് പിടിച്ചെടുത്തു. അടച്ചുപൂട്ടുന്നതിന് മുമ്പ് കമ്പനിക്ക് യുഎഇയിൽ 150 ലധികം ശാഖകൾ ഉണ്ടായിരുന്നു.  യുഎഇ എക്‌സ്‌ചേഞ്ചിലെ ബുദ്ധിമുട്ടിലായ മുൻ ജീവനക്കാർ തങ്ങളുടെ ശമ്പള കുടിശ്ശിക തീർത്ത് സേവനാനന്തര ഗ്രാറ്റുവിറ്റികളും ലഭിക്കുമെന്ന പ്രതീക്ഷയിൽ ഏറെക്കാലം കാത്തിരുന്നു.  മലയാളികളടക്കം ആയിരക്കണക്കിന് ജീവനക്കാരാണ്  അന്ന് വഴിയാധാരമായത്. കൂടാതെ, വൻ തുകകൾ യുഎഇ എക്സ്ചേഞ്ച് വഴി അയച്ച പ്രവാസി ഇടപാടുകാരും പ്രതിസന്ധിയിലായി. പ്രശ്നങ്ങൾ അവസാനിച്ച് യുഎഇ എക്സ്ചേഞ്ച് ശാഖകൾ തുറക്കുമെന്ന പ്രതീക്ഷയിൽ ഏറെ കാലം അവർ കാത്തിരുന്ന ശേഷമാണ് നിരാശയോടെ മറ്റു ജോലികൾ കണ്ടെത്തിയത്. പിന്നീട്, ഒരു വിദേശകമ്പനിയുടെ കീഴിൽ യുഎഇ എക്സ്ചേഞ്ച് തുറക്കുമെന്ന പ്രചാരമുണ്ടായിരുന്നെങ്കിലും അതും പാതിവഴിയിലവസാനിച്ചു. ഷെട്ടിയുടെ മടങ്ങിവരവ് യുഎഇ എക്സ്ചേഞ്ചിന് ജീവൻ വയ്ക്കുമോ  എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

യുഎഇ എക്സ്ചേഞ്ച് പ്രശ്നത്തിൽ അന്വേഷണം എവിടെ നിൽക്കുന്നു എന്നോ, എപ്പോൾ പ്രവർത്തനം പുനരാരംഭിക്കുമെന്നോ യുഎഇ സെൻട്രൽ ബാങ്ക് ഒരു അപ്‌ഡേറ്റ് നൽകിയിരുന്നില്ല. പ്രതിസന്ധി പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് പ്രാദേശിക പണമടയ്ക്കൽ മേഖലയിലെ ഏറ്റവും വലിയ പേരായിരുന്നു യുഎഇ എക്സ്ചേഞ്ചിന് ഉണ്ടായിരുന്നത്. വ്യക്തിഗത ഫണ്ട് കൈമാറ്റങ്ങൾ കൂടാതെ, കോർപറേറ്റ് കൈമാറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രം പ്രധാന പങ്കുവഹിച്ചു. മലയാളികളുൾപ്പെടെ സാധാരണക്കാരായ പ്രവാസികൾ ആദ്യകാലത്ത് നാട്ടിലേക്ക് പണമയക്കാൻ യുഎഇ എക്സ്ചേഞ്ചിനെയായിരുന്നു ഏറ്റവും കൂടുതൽ ആശ്രയിച്ചത്. അവിടെയാണ് അവരുടെ മുൻകാല വരുമാനത്തിലും ലാഭത്തിലും ഗണ്യമായ പങ്ക് ലഭിച്ചത്.  യുഎഇയിൽ അമ്പതിലേറെ മണി എക്സ്ചേഞ്ച് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്കെല്ലാമായി ആയിരത്തിലേറെ ശാഖകളുമുണ്ട്. 

∙ മെഡിക്കൽ റെപ്രസന്‍ററ്റീവായി വന്നു, ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു
മെഡിക്കൽ റെപ്രസന്‍റായിരുന്ന കർണാടക മംഗളൂരു സ്വദേശിയായ ബാവുഗുത്തു രഘുരാമ ഷെട്ടി(ബി.ആർ.ഷെട്ടി) 1973 ൽ ഉപജീവനം തേടിയാണ് യുഎഇയിലെത്തിയത്. രാജ്യത്തെ ആദ്യത്തെ മെഡിക്കൽ റെപ്രസന്‍ററ്റീവായിരുന്നു അദ്ദേഹം. പിന്നീട് 1975ൽ ഷെട്ടി ന്യൂ മെഡിക്കൽ ഹെൽത്ത് സെന്‍റർ(എൻഎംസി) സ്ഥാപിച്ചു. അവിടുത്തെ ഏക ഡോക്ടറായിരുന്നു അദ്ദേഹം പിന്നീട് വിവാഹം കഴിച്ച ചന്ദ്രകുമാരി ഷെട്ടി. 

യുഎഇ, സൗദി, ഒമാൻ, സ്പെയിൻ, ഇറ്റലി, ഡെൻമാർക്ക്, കൊളംബിയ, ബ്രസീൽ എന്നിവയുൾപ്പെടെ 12 നഗരങ്ങളിലും 8 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 45 എൻഎംസി ആശുപത്രികളിലായി പ്രതിവർഷം 40 ലക്ഷത്തിലേറെ രോഗികളുള്ള യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ പരിരക്ഷാ ദാതാവായിത്തീർന്നു, എൻഎംസി. ഗൾഫ് കോ-ഓപറേഷൻ രാജ്യങ്ങളിൽ നിന്നുള്ള (ജിസിസി) ആദ്യത്തെ ഹെൽത്ത് കെയർ കമ്പനിയും ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്‍റെ പ്രീമിയം സെഗ്‌മെന്‍റിൽ ലിസ്‌റ്റ് ചെയ്‌ത അബുദാബിയിൽ നിന്നുള്ള ആദ്യത്തെ കമ്പനിയുമാണ് ഇത്. 

1980-ൽ യുഎഇ എക്‌സ്‌ചേഞ്ചിന്‍റെ ഉടമസ്ഥാവകാശം അതിന്‍റെ സ്ഥാപകനായ ഡാനിയൽ വർഗീസിൽ നിന്ന് ഒരു എമിറാത്തിയുടെയും മുൻ യുഎഇ നീതിന്യായ മന്ത്രിയുമായ അബ്ദുല്ല ഹുമൈദ് അൽ മസ്‌റോയിയുടെ സഹായത്തോടെ ഏറ്റെടുക്കാൻ ഷെട്ടിക്ക് കഴിഞ്ഞു. പ്രവാസികൾ അതാത് രാജ്യങ്ങളിലെ കുടുംബങ്ങൾക്ക് പണം അയക്കുന്ന പ്രക്രിയ ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് ഡാനിയൽ വർഗീസ് യുഎഇ എക്‌സ്‌ചേഞ്ച് സ്ഥാപിച്ചത്. 2016-നകം ഇത് 31-ലധികം രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ഏകദേശം 800 നേരിട്ടുള്ള ഓഫിസുകൾ ഉണ്ടായിരിക്കുകയും ചെയ്തു.  2014-ൽ ഷെട്ടി പ്രമുഖ വിദേശനാണ്യ വിനിമയ കമ്പനിയായ ട്രാവെലെക്‌സിനെ ഏറ്റെടുത്തു.  27 രാജ്യങ്ങളിലായി 1,500 സ്റ്റോറുകളും 1,300 എടിഎമ്മുകളും ഉൾപ്പെടെ ട്രാവെലെക്‌സിന് ഒരു ആഗോള സ്ഥാനമാണുള്ളത്. 2020 ഡിസംബറിൽ ഷെട്ടി യുഎഇ എക്‌സ്‌ചേഞ്ചിന്‍റെയും ട്രാവെലെക്‌സിന്‍റെയും മാതൃ ഗ്രൂപ്പായ ഫിനാബ്ലറിലെ തന്‍റെ ഭൂരിഭാഗം ഓഹരികളും പ്രിസം ഗ്രൂപ്പ് എജിക്കും യുഎഇ ലിങ്ക്ഡ് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടായ റോയൽ സ്ട്രാറ്റജിക് പാർട്‌ണേഴ്‌സിനും വിൽക്കാൻ സമ്മതിച്ചതായി പ്രഖ്യാപിച്ചു.

 എം.‌ടി. വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവൽ മോഹൻലാലിനെ നായകനാക്കി ആയിരം കോടി രൂപ ചെലവിൽ നിർമിക്കാനും ഷെട്ടി ആഗ്രഹിച്ചിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാനിരുന്ന ഈ പ്രൊജക്ട് പിന്നീട് പല കാരണങ്ങളാൽ നടന്നില്ല. ചില നോൺ ഫീച്ചർ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ട് തന്‍റെ കലയോടുള്ള താത്പര്യവും അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All