• Home
  • News
  • 51,000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി, 14 വർഷത്തിന് ശേഷം നാട്ടിലെ

51,000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി, 14 വർഷത്തിന് ശേഷം നാട്ടിലെത്തിയത് ചേതനയേറ്റ ശരീരം

റിയാദ്∙ 2010-ൽ ഹൗസ് ഡ്രൈവർ വീസയിൽ റിയാദിലെത്തിയ തിരുവനന്തപുരം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ (65) നാട്ടിലേക്ക്  മടങ്ങിയത് ചേതനയേറ്റ്. പ്രിയപ്പെട്ടവരുടെ മനസ്സിൽ ഒരു നൊമ്പരമായി മാറിയ ബ്രൂണോ അൽഖർജിലെ സാബയിൽ പ്രവാസ ജീവിതത്തിന്‍റെ ആദ്യകാലത്ത്  ഒരു വർഷം ഡ്രൈവറായി ജോലി ചെയ്തു. പിന്നീട് സ്പോൺസർഷിപ്പ് മാറി സ്പെയർ പാർട്സ് കച്ചവടം ആരംഭിച്ചു. ആവശ്യമായത്ര സാമ്പത്തികം കയ്യിൽ കരുതാതെ ആരംഭിച്ച കച്ചവടത്തിലേക്ക് നിശ്ചിത ലാഭം നൽകാമെന്ന കരാറിൽ സ്വദേശി പൗരനെ ബ്രൂണോ പങ്കാളിയാക്കി. എന്നാൽ ഉദ്ദേശിച്ച ലാഭം ലഭിക്കാത്തതിനാൽ, ബിസിനസ് പങ്കാളിയുടെ വിഹിതം നൽകുന്നതിനും സ്ഥാപനം നടത്തുന്നതിനുമായി മറ്റുള്ളവരിൽ നിന്ന് വായ്‌പ വാങ്ങി കച്ചവടം നടത്തേണ്ടി വന്നു. നിരന്തരമായ സാമ്പത്തിക ബാധ്യതകൾ കാരണം നാട്ടിലേക്ക് പോകാൻ ബ്രൂണോയ്ക്ക് സാധിച്ചില്ല.

പന്ത്രണ്ട് വർഷം നീണ്ടുനിന്ന ഈ കച്ചവടം പരാജയത്തിൽ കലാശിച്ചു. സ്ഥാപനം അടച്ചുപൂട്ടുകയും പീറ്ററിന്‍റെ പങ്കാളി 51,000 റിയാൽ വായ്പാത്തുക ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുകയും ചെയ്തു. തുടർന്ന് വീണ്ടും ഡ്രൈവറായി ജോലി ചെയ്യാൻ തുടങ്ങിയെങ്കിലും, ഇക്കാമയോ മറ്റു നിയമ രേഖകളോ ശരിയാക്കാൻ പീറ്റർക്ക് സാധിച്ചില്ല. 14 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് പോകാനുള്ള ആഗ്രഹം പീറ്ററിന് ഉണ്ടായി. സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ഇന്ത്യൻ എംബസിയെ സമീപിച്ചു. എന്നാൽ പങ്കാളി കേസ് പിൻവലിക്കാത്തതിനാൽ പീറ്ററിന് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചില്ല. പകരം മറ്റ് ജോലികളിൽ ഏർപ്പെട്ടു. ഈ സമയത്താണ് പീറ്ററിന് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചത്. 

അൽഖർജ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതശരീരത്തെ കുറിച്ച് ആശുപത്രി അധികൃതർ ഖർജ് പൊലീസിൽ വിവരമറിയിക്കുകയും, തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം വൈസ് ചെയർമാൻ നാസർ പൊന്നാനി മുഖേന ഇന്ത്യൻ എംബസിയിൽ വിവരം അറിയിക്കുകയുമായിരുന്നു. ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിന്ന് എംബസി നാസർ പൊന്നാനിയെ ചുമതലപെടുത്തി. മൃതശരീരം നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചപ്പോഴാണ്  കേസ് നൽകിയിരിക്കുന്ന വിവരങ്ങൾ അറിയുന്നത്. തുടർന്ന് കേസ് നൽകിയ സ്വദേശിയുമായി എംബസിയും അൽഖർജ് പൊലീസ് മേധാവിയും ബന്ധപെട്ടെങ്കിലും അദ്ദേഹം വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. തുടർന്ന് നാസർ പൊന്നാനി അമീർ കോർട്ടിനെയും, ഉയർന്ന കോടതിയെയും സമീപിച്ചു. കോടതി സ്വദേശിയെ വിളിച്ചു വരുത്തിയെങ്കിലും 35,000 റിയാൽ നൽകിയാൽ മാത്രം കേസ് പിൻവലിക്കാമെന്നായി. ഇത്രയും തുക നൽകാൻ വീട്ടുകാർക്ക് കഴിയില്ലെന്ന് അറിയിച്ചു. ഇതിനിടയിൽ നിയമകുരുക്കിൽ പെട്ട് രണ്ടു മാസം പിന്നിട്ടിരിന്നു.  

തുടർന്ന് അൽഖർജ് പൊലീസ് മേധാവി അറിയിച്ചതിനെ തുടർന്ന് എയർപോർട്ടിൽ നിന്നും മൃതശരീരങ്ങൾക്ക് എക്സിറ്റ് നൽകുന്ന സംവിധാനത്തിൽ എക്സിറ്റ് വാങ്ങിയെടുക്കുകയും പീറ്ററിന്‍റെ മൃതശരീരം നാട്ടിലേക്ക് അയക്കുകയും ചെയ്തു. നാട്ടിലെത്തിച്ച പീറ്ററുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു. പ്രതിബന്ധങ്ങളെ തരണം ചെയ്ത് പീറ്ററുടെ മൃതശരീരം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടത്തിയ ഇന്ത്യൻ എംബസിക്കും കേളി വളണ്ടിയർ നാസർ പൊന്നാനിക്കും പീറ്ററുടെ മകൾ പ്രസന്നകുമാരി കുടുംബത്തിന്‍റെ നന്ദി അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All