• Home
  • News
  • യുഎഇയിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് അല്ലെന്ന് വിശദമാക്കി കാലാവസ്ഥാ വിഭാഗം

യുഎഇയിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് അല്ലെന്ന് വിശദമാക്കി കാലാവസ്ഥാ വിഭാഗം

ദുബായ്: ദുബായിലെ പ്രളയസമാന സാഹചര്യം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം. ജല ലഭ്യതയ്ക്കായും ക്ലൗഡ് സീഡിംഗിനെ യുഎഇ ആശ്രയിക്കാറുണ്ട്. എന്നാൽ നിലവിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് കാലാവസ്ഥാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. കൊടുങ്കാറ്റുകളാണ് നിലവിലെ ദുരന്തം വിതച്ച മഴയ്ക്ക് കാരണമായിട്ടുള്ളത്. കനത്ത മഴ തുടരുന്നതിനാൽ ദുബായ് വിമാനത്താവളത്തിൽ നിന്ന് ഇതുവരെ 884 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് രാവിലെ ടെർമിനൽ ഒന്നിലും മൂന്നിലും പ്രവർത്തനം ഭാഗികമായി പുനസ്ഥാപിച്ചു. റോഡുകളും ജനജീവിതവും സാധാരണ നിലയിലാക്കാൻ ശ്രമം തുടരുകയാണ്. ദുരിതം വാദിച്ച ജനങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി.

ദുരിതത്തിൽ നിന്നു കരകയറാൻ സമ്പൂർണ പിന്തുണയാണ് യുഎഇ ഉറപ്പ് നൽകുന്നത്. പൗരൻ എന്നോ പ്രവാസി എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരുടെയും സുരക്ഷയാണ് പ്രധാനമെന്നു പ്രസിഡന്റ് ഷെയഖ് മുഹംദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. പ്രതിസന്ധികൾ സമൂഹത്തിന്റെയും ജനങ്ങളുടെയും യഥാർത്ഥ കരുത്ത് വെളിവാക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുബായ് വിമാനത്താവളം പൂർവ സ്ഥിതിയിലാക്കാൻ വലിയ ശ്രമം ആണ് നടക്കുന്നത്. ടെർമിനൽ ഒന്ന് ഭാഗികമായി പുനസ്ഥാപിച്ചു. ദുബായിൽ ഇറങ്ങുന്ന വിമാനങ്ങൾക്ക് അനുമതി നൽകി. 

ടെർമിനൽ മൂന്നിൽ ഫ്ലൈ ദുബായ്, എമിറേറ്റ്സ് ചെക്ക് ഇൻ വീണ്ടും തുടങ്ങി. റോഡുകളിൽ വെള്ളക്കെട്ട് നീക്കാൻ ശ്രമം തുടരുകയാണ്. ദുബായ് മെട്രോയിൽ കൂടുതൽ സ്റ്റേഷനുകൾ സാധാരണ നിലയിലായിട്ടുണ്ട്. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയിൽ ഒരു വർഷം ലഭിക്കുന്ന മഴയാണ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ദുബായിൽ ലഭിച്ചത്. 1990കൾ മുതൽ മഴയ്ക്കായി യുഎഇ പിന്തുടരുന്ന  രീതിയാണ് ക്ലൗഡ് സീഡിംഗ്.  യുഎഇയ്ക്ക് പുറമേ അയൽ രാജ്യങ്ങളായ സൗദി അറേബ്യ, ഒമാ‌ൻ എന്നിവയും ജല ലഭ്യതയ്ക്കായി ക്ലൗഡ് സീഡിംഗ് പരീക്ഷിക്കാറുണ്ട്. ഇന്ത്യയിൽ മലിനീകരണം നിയന്ത്രണ വിധേയമാക്കാൻ ഈ മാർഗം സ്വീകരിക്കുന്നതിനേക്കുറിച്ച് ശാസ്ത്രജ്ഞർ സൂചനകൾ നൽകിയിട്ടുണ്ട്.

ക്ലൗഡ് സീഡിംഗിൽ  മഴ മേഘങ്ങളെ കൃത്രിമമായി നിർമ്മിക്കുന്നില്ല. മറിച്ച് പ്രകൃതി നിശ്ചയിക്കുന്ന സ്ഥലത്ത് പ്രകൃതിക്ക് ഇഷ്ടമുള്ള നേരത്ത് പെയ്യിക്കാനായി കാത്തുവച്ചിരിക്കുന്ന മേഘങ്ങളെ മനുഷ്യൻ നിർബന്ധിച്ച് വേറെ മേഖലകളിൽ പെയ്യിക്കുകയാണ് ചെയ്യുന്നത്. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന് കീഴിൽ (എൻ.സി.എം) യുഎഇ റിസർച്ച് പ്രോ​ഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ് സയൻസ് (യുഎഇആർഇപി) എന്ന പേരിൽ പ്രത്യേക പദ്ധതി തന്നെ ഇതിനായി നടപ്പാക്കിയിട്ടുണ്ട്. ജല ലഭ്യത ഉറപ്പാക്കാനുള്ള സുസ്ഥിരമായ സംവിധാനമായാണ് യുഎഇ ഇതിനെ കണക്കാക്കുന്നത്. പ്രകൃതി സൗഹൃദമായ തരത്തിലും ചെലവ് ചുരുക്കിയും ഏറ്റവും സുരക്ഷിതമായ രീതിയിലാണ് ക്ലൗഡ് സീഡിംഗ് നടത്തുന്നതെന്ന് എൻ.സി.എം അവകാശപ്പെടുന്നു. 

കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിവ‍ർഷം മൂന്നൂറോളം ക്ലൗഡ് സീഡിംഗ് മിഷനുകളാണ് നിലവിൽ യുഎഇ നടത്തുന്നത്. ഇത് വാ‍ർഷിക മഴ ലഭ്യതയിൽ പത്ത് മുതൽ 15 ശതമാനം വരെ വർദ്ധനവുണ്ടാക്കുന്നു എന്നാണ് കണക്ക്. ഫെബ്രുവരിയിൽ നാല് ദിവസത്തിനിടെ 25ൽ അധിക തവണ ക്ലൗഡ് സീഡിംഗ് നടത്തിയതായി രാജ്യത്തെ കാലാവസ്ഥാ വിദ​ഗ്ധർ അറിയിച്ചിരുന്നു. 2015ൽ യുഎഇ റിസർച്ച് പ്രോ​ഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ് സയൻസ് പദ്ധതി തുടങ്ങിയതു മുതൽ 14 പ്രൊജക്ടുകൾ 85ൽ അധികം രാജ്യങ്ങളുമായി സഹകരിച്ച് യുഎഇ നടപ്പാക്കിയിട്ടുണ്ട്. ഇതിനായി 22.5 മില്യൻ ഡോളർ ചെലവഴിച്ചു. 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All