• Home
  • Sports
  • ഐ ലീഗ‌്; ഗോകുലം കേരള എഫ‌്സി ഒരു ഗോളിന‌് തോറ്റു

ഐ ലീഗ‌്; ഗോകുലം കേരള എഫ‌്സി ഒരു ഗോളിന‌് തോറ്റു

കട്ടക്ക‌്: ഐ ലീഗ‌് പോയിന്റ‌്പട്ടികയിൽ മുന്നേറാനുള്ള അവസരം ഗോകുലം കേരള എഫ‌്സി തുലച്ചു. കൗമാര ടീമായ ഇന്ത്യൻ ആരോസിനോട‌് ഗോകുലം ഒരു ഗോളിന‌് തോറ്റു. ആരോസിന്റെ ഈ സീസണിലെ രണ്ടാം ജയമാണിത‌്. പെനൽറ്റിയിലൂടെ അമർജിത‌്സിങ‌് ആരോസിന്റെ ഗോളടിച്ചു. മൂന്നാം തോൽവിയോടെ 10 പോയിന്റുമായി ഗോകുലം എട്ടാമത‌് തുടർന്നു. ഏഴ‌ു പോയിന്റുള്ള ആരോസ‌് ഒമ്പതാമതെത്തി.നാല‌ു മാറ്റങ്ങളാണ‌് ഗോകുലം പരിശീലകൻ ബിനോ ജോർജ‌് വരുത്തിയത‌്. അർജുൻ ജയരാജ‌്, പ്രീതംസിങ‌്, അഭിഷേക‌് ദാസ‌്, ഡി ഭഗത‌് എന്നിവർക്ക‌് വിശ്രമം നൽകി. മാറ്റങ്ങൾ ഗോകുലത്തിന്റെ കളിയെ ബാധിച്ചു. നീക്കങ്ങൾക്ക‌് കൃത്യതയുണ്ടായില്ല. പന്ത‌് കൂടുതൽ സമയം കൈവശം വച്ചെങ്കിലും ലക്ഷ്യബോധമില്ലായ‌്മ വിനയായി. ആരോസ‌് കളിക്കാരെക്കാൾ ശാരീരികമികവുള്ള ഗോകുലം താരങ്ങൾക്ക‌് അവരുടെ പ്രതിരോധഭിത്തി തകർക്കാനും കഴിഞ്ഞില്ല. നല്ല പ്രതിരോധത്തിനൊപ്പം പന്തിന്മേലുള്ള നിയന്ത്രണം കൂടിയായപ്പോൾ ആരോസിന‌് കളിയിൽ ആധിപത്യം കിട്ടി. പതിഞ്ഞ തുടക്കത്തിനുശേഷം ആരോസിന്റെ ഭാഗത്തുനിന്നാണ‌് അപകടകരമായ ആദ്യ നീക്കമുണ്ടായത‌്. ബോറിസ‌് സിങ്ങിന്റെ ഒറ്റയ‌്ക്കുള്ള മുന്നേറ്റം ഗോകുലം പ്രതിരോധം കഷ്ടപ്പട്ട‌് നിർവീര്യമാക്കി. അരമണിക്കൂർ തികയുംമുമ്പ‌് റഹീം അലിയുടെ തകർപ്പൻ ലോങ‌് റേഞ്ച‌് ഷോട്ട‌് ക്രോസ‌് ബാറിൽ തട്ടിമടങ്ങി. ഇതിനിടെ ഗോകുലത്തിന‌ു കിട്ടിയ സുവർണാവസരം ഡാനിയേൽ അഡു പാഴാക്കി. ഗിലെർമോ കാസ‌്ട്രോയുടെ ഫ്രീകിക്ക‌് അഡുവിന‌് പാകമായി കിട്ടി. പക്ഷേ, ലക്ഷ്യം കാണാനായില്ല.

Recent Updates

Related News