റയൽ മാഡ്രിഡ‌് ക്ലബ‌് ഫുട‌്ബോൾ ലോകകപ്പിന്റെ ഫൈനലിലേക്ക‌്
അബുദാബി: ഗാരെത‌് ബെയ‌്‌ലിന്റെ ഹാട്രിക‌് മികവിൽ കഷിമ ആന്റ്‌ലേഴ്‌സിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ‌് ക്ലബ‌് ഫുട‌്ബോൾ ലോകകപ്പിന്റെ ഫൈനലിലേക്ക‌് മുന്നേറി (3–-1). നാളെ നടക്കുന്ന ഫൈനലിൽ ആതിഥേയരായ അൽ അയ‌്ൻ എഫ‌്സിയെ റയൽ നേരിടും. മൂന്നാം സ്ഥാനത്തിനുവേണ്ടി കഷിമയും റിവർ പ്ലേറ്റും ഏറ്റുമുട്ടും.തുടർച്ചയായ മൂന്നാം കിരീടമെന്ന ലക്ഷ്യവുമായി സെമിയിൽ ഇറങ്ങിയ റയൽ ആദ്യ നിമിഷംതന്നെ പതറിയതാണ‌്. കഷിമ മുന്നേറ്റക്കാരൻ സെർജിന്യോയുടെ ക്ലോസ‌് റേഞ്ചിൽനിന്നുള്ള കനത്ത അടി റയൽ ഗോൾ കീപ്പർ തിബൗ കുർടോ തടുത്തു. റയൽ ആശ്വസിച്ചു. ആദ്യപകുതിവരെ കാര്യമായ നീക്കങ്ങൾ ഇരുഭാഗത്തുനിന്നുമുണ്ടായില്ല. ഇടവേളയ‌്ക്കു തൊട്ടുമുമ്പാണ‌് റയൽ ലക്ഷ്യം കണ്ടത‌്.