• Home
  • Sports
  • യുവേഫ ചാമ്പ്യൻസ‌് ലീഗ‌് മൂന്നാംഘട്ട ഗ്രൂപ്പ‌് മത്സരങ്ങൾക്ക‌്

യുവേഫ ചാമ്പ്യൻസ‌് ലീഗ‌് മൂന്നാംഘട്ട ഗ്രൂപ്പ‌് മത്സരങ്ങൾക്ക‌് തുടക്കം

ലണ്ടൻ: യുവേഫ ചാമ്പ്യൻസ‌് ലീഗ‌് മൂന്നാംഘട്ട ഗ്രൂപ്പ‌് മത്സരങ്ങൾക്ക‌് ചൊവ്വാഴ‌്ച തുടക്കം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രഭാവത്തിൽ കൂടുതല്‍ കരുത്തരായ യുവന്റ‌‌സ‌് മാഞ്ചസ‌്റ്റർ യുണൈറ്റഡിനെ നേരിടും.ഹൊസെ മൊറീന്യോയുടെ യുണൈറ്റഡിന‌് കനത്ത വെല്ലുവിളിയാകും ഇറ്റാലിയൻ ചാമ്പ്യന്മാർ. റൊണാള്‍ഡോ തന്റെ മുന്‍ ക്ലബ്ബായ യുണൈറ്റഡിനെതിരെ ബൂട്ട‌് കെട്ടുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട‌്. യുണൈറ്റഡിനെതിരെ വിജയത്തിൽ കുറഞ്ഞതൊന്നും മാസിമില്ലാനോ അല്ലെഗ്രിയുടെ സംഘം പ്രതീക്ഷിക്കുന്നില്ല. റൊണാള്‍ഡോയിലൂടെ ഇത്തവണ ചാമ്പ്യന്‍സ് ലീഗ് തന്നെയാണ‌് യുവന്റസ‌് നോട്ടമിടുന്നത‌്.

ചാമ്പ്യൻസ് ലീഗിലെ ഗോളടിവീരനായ ക്രിസ്റ്റ്യാനോയെ 33-ാം വയസിൽ മോഹവില നൽകി യുവന്റസ് സ്വന്തമാക്കിയത് തന്നെ കിരീടം നേടുക എന്ന ലക്ഷ്യവുമായാണ് . തുടർച്ചയായ ഏഴ് തവണ ഇറ്റാലിയൻ സെരി എയിൽ ചാമ്പ്യൻമാരായിട്ടും ചാമ്പ്യൻസ് ലീഗ് കിരീടം ഇറ്റാലിയൻ ക്ളബിനെ കൊതിപ്പിച്ചുനിൽക്കുകയാണ്.വലിയ പ്രതിക്ഷകളുമായി വലൻസിയയ്ക്കെതിരായ ആദ്യ മത്സരത്തിലിറങ്ങിയ ക്രിസ്റ്റ്യാനോ വിവാദ റെഡ് കാർഡിലൂടെ കണ്ണീരൊഴുക്കി മടങ്ങിയിരുന്നു. യംഗ് ബോയ്സിനെതിരെ നടന്ന മത്സരത്തിൽ വിലക്കുള്ളതിനാൽ കളിക്കാനും കഴിഞ്ഞില്ല. ഇൗ രണ്ട് മത്സരങ്ങളിലും യുവന്റസ് വിജയിച്ചിരുന്നു. ക്രിസ്റ്റ്യാനോയുടെ ഇഷ്ട ലീഗിലേക്കുള്ള തിരിച്ചുവരവാണിത്. കഴിഞ്ഞദിവസം ജെനോവയ്ക്കെതിരായ സെരി എ മത്സരത്തിൽ സ്കോർ ചെയ്ത ക്രിസ്റ്റ്യാനോ ടോപ് 5 യൂറോപ്യൻ ലീഗുകളിൽ നിന്ന് 400 ഗോളുകൾ തികയ്ക്കുന്ന ആദ്യതാരമായി മാറിയിരുന്നു. എന്നാൽ ഇൗ മത്സരത്തിൽ യുവന്റസ് 1-1ന് സമനില വഴങ്ങിയിരുന്നു.

ഇന്ന് നടക്കുന്ന മറ്റൊരു സുപ്രധാന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് വിക്ടോറിയ പ്ളസനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ റയൽ മോസ്കാവയിൽ നിന്ന് ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി ഏറ്റുവാങ്ങിയിരുന്നു. ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്താണ് റയൽ. മാത്രവുമല്ല, ലാലിഗയിൽ നിരന്തരം തോൽവികളും സമനിലകളും വഴങ്ങുന്ന റയൽ കോച്ച് ലൊപ്ടേഗുയ്ക്ക് ഇനിയൊരു തോൽവി പുറത്തേക്കുള്ള വാതിൽ തുറക്കലാകും.മറ്റു മത്സരങ്ങളിൽ മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക് എ.ഇ.കെ ഏതൻസിനെയും മാഞ്ചസ്റ്റർ സിറ്റി ഷാക്‌തർ ഡോണെസ്‌കിനെയും നേരിടും. എ.എസ് റോമ മോസ്കാവയെ നേരിടും.

Recent Updates

Related News