• Home
  • News
  • ദുബായ് മെട്രോ യാത്ര കൂടുതല്‍ എളുപ്പം, ജബല്‍ അലി സ്‌റ്റേഷൻ ഇനി 'Y' ജംഗ്ഷന്‍, ട്ര

ദുബായ് മെട്രോ യാത്ര കൂടുതല്‍ എളുപ്പം, ജബല്‍ അലി സ്‌റ്റേഷൻ ഇനി 'Y' ജംഗ്ഷന്‍, ട്രെയിന്‍ മാറിക്കയറാതെ യാത്ര ചെയ്യാം

 

ദുബായ് : ഇന്ന് മുതല്‍ ദുബായ് മെട്രോ യാത്ര കൂടുതല്‍ എളുപ്പമാവും. ദുബായ് മെട്രോയുടെ റെഡ് ലൈനിലെ യാത്രക്കാര്‍ തിങ്കളാഴ്ച മുതല്‍ ജബല്‍ അലി സ്റ്റേഷനില്‍ വച്ച് ട്രെയിനുകള്‍ മാറിക്കയറേണ്ടതില്ല. ജബല്‍ അലി സ്റ്റേഷനില്‍ പുതിയ 'Y' ജംഗ്ഷന്‍ നിലവില്‍ വന്നതോടെയാണിത്.

ഇനി മുതല്‍ ഇബ്ന്‍ ബത്തൂത്ത സ്റ്റേഷനില്‍ നിന്നുള്ള ട്രെയിനുകള്‍ യുഎഇ എക്സ്ചേഞ്ചിലേക്കും എക്സ്പോ 2020 സ്റ്റേഷനുകളിലേക്കും ഇടവിട്ട് യാത്ര ചെയ്യും. നേരത്തേ ഇബ്ന്‍ ബത്തൂത്ത സ്റ്റേഷനില്‍ നിന്ന് യുഎഇ എക്സ്ചേഞ്ചിലേക്കുള്ള യാത്രക്കാര്‍ക്ക് ജബല്‍ അലിയില്‍ ഇറങ്ങി ട്രെയിന്‍ മാറിക്കയറേണ്ടിയിരുന്നു. എന്നാല്‍ പുതിയ സംവിധാനം നിലവില്‍ വന്നതോടെ മാറിക്കയറുന്നത് ഒഴിവാക്കി ഒരേ ട്രെയിനില്‍ തന്നെ യാത്ര തുടരാം.
പുതിയ പരിഷ്‌ക്കാരം അനുസരിച്ച് റെഡ് ലൈന്‍ വഴിയുള്ള ഒരു ട്രെയിന്‍ യുഎഇ എക്‌സ്‌ചേഞ്ചിലേക്ക് പോകുന്നതാണെങ്കില്‍ അടുത്ത ട്രെയിന്‍ എക്‌സ്‌പോ 2020 സ്‌റ്റേഷനിലേക്കായിരിക്കും യാത്ര ചെയ്യുക. ട്രെയിനിന് വേണ്ടിയുള്ള കാത്തിരിപ്പ് സമയം വലിയ അളവില്‍ കുറയ്ക്കാനും ജബല്‍ അലി സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക് ഗണ്യമായി കുറയ്ക്കാനും സാധിക്കും. നേരത്തേ ട്രെയിന്‍ മാറിക്കയറേണ്ടതു കൊണ്ട് ജബല്‍ അലി സെന്റര്‍പോയിന്റ് സ്‌റ്റേഷനില്‍ എപ്പോഴും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്.
പുതിയ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ട്രെയിനുകളും എക്സ്പോ 2020-ലേക്ക് പോകില്ല. നേരത്തേ ജബല്‍ അലി സെന്റര്‍പോയിന്റ് സ്റ്റേഷനില്‍ നിന്നുള്ള എല്ലാ റെഡ് ലൈന്‍ ട്രെയിനുകളും ഗാര്‍ഡന്‍സ്, ഡിസ്‌കവറി ഗാര്‍ഡന്‍സ്, ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ്, ഫുര്‍ജാന്‍ തുടങ്ങിയ സ്റ്റോപ്പുകളിലൂടെ നേരിട്ട് എക്‌സ്‌പോ 2020 സ്റ്റേഷനിലേക്ക് പോകുമായിരുന്നു. ഇബ്നു ബത്തൂത്തയ്ക്കും യുഎഇ എക്സ്ചേഞ്ചിനും ഇടയിലുള്ള സ്റ്റേഷനുകളിലേക്ക് പോകുന്നവര്‍ ജബല്‍ അലി ഇന്റര്‍ചേഞ്ചില്‍ ഇറങ്ങി ട്രെയിന്‍ മാറിക്കയറുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.

ഇനി മുതല്‍ എക്സ്പോ 2020-ലേക്കും യുഎഇ എക്സ്ചേഞ്ചിലേക്കുമുള്ള ട്രെയിനുകള്‍ ഒന്നിനുപുറകെ ഒന്നായി ഓടിക്കൊണ്ടിരിക്കുമെന്നതിനാല്‍ ഏത് ട്രെയിനാണെന്ന് ഉറപ്പുവരുത്തിയേ ട്രെയിനില്‍ കയറാവൂ. യാത്രക്കാര്‍ ഡിജിറ്റല്‍ സ്‌ക്രീനുകളും സൈന്‍ബോര്‍ഡുകളും ശ്രദ്ധിക്കുകയും സ്റ്റേഷനിലെ അറിയിപ്പുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും ശരിയായ ട്രെയിനിലാണ് കയറുന്നതെന്ന് ഉറപ്പാക്കുകയും വേണം.

ബ്ലൂ ലെയിന്‍ പ്രവൃത്തി ഈ വര്‍ഷം

അതിനിടെ, ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ പ്രവൃത്തി ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. 18 ബില്യണ്‍ ദിര്‍ഹം (4.9 ബില്യണ്‍ ഡോളര്‍) ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 30 കിലോമീറ്റര്‍ ദൂരത്തില്‍ 14 സ്റ്റേഷനുകള്‍ കൂടി മെട്രോ ശൃംഖലയിലേക്ക് ചേര്‍ക്കപ്പെടും. ഇതില്‍ പകുതിയിലേറെയും ഭൂമിക്കടിയിലെ ടണല്‍ വഴിയായിരിക്കും സഞ്ചരിക്കുകയെന്നും ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മാറ്റാര്‍ അല്‍ തായര്‍ പറഞ്ഞു. നിലവില്‍ പച്ച, ചുവപ്പ് ലൈനുകളാണ് മെട്രോ ട്രെയിനിനുള്ളത്.

ബ്ലൂ ലൈന്‍ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ദുബായിലെ അഞ്ച് പ്രധാന നഗര പ്രദേശങ്ങള്‍ കൂടി മെട്രോ ട്രെയിന്‍ വഴി ബന്ധിപ്പിക്കപ്പെടും. ബര്‍ ദുബായ്- ദേര, ഡൗണ്‍ടൗണ്‍- ബിസിനസ് ബേ, ദുബായ് സിലിക്കണ്‍ ഒയാസിസ്, ദുബായ് മറീന- ജെബിആര്‍, എക്സ്പോ സിറ്റി ദുബായ് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന പുതിയ ലെയിന്‍ ദുബായ് മെട്രോയുടെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2029-ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All