യുഎഇയിൽ മത്തിക്ക് തീവില
യുഎഇ: പല സൂപ്പർ – ഹൈപ്പർ മാർക്കറ്റുകളിലും മലയാളികളുടെ പ്രിയപ്പെട്ട മത്സ്യമായ മത്തി കിട്ടാനില്ല. യുഎഇയിൽ മത്തിക്ക് കിലോഗ്രാമിന് 20 ദിർഹത്തോളമെത്തിയതിനാൽ ആവശ്യക്കാർ കുറഞ്ഞതാണ് ഇവരെയെല്ലാം മത്തി വിൽപനയ്ക്ക് വയ്ക്കുന്നതിൽ നിന്നകറ്റുന്നത്. അതേസമയം, അയല ഉൾപ്പെടെയുള്ള മീനുകൾക്കും മാർക്കറ്റിൽ പൊള്ളുന്ന വിലയാണ്. ഏറെ കാലത്തിന് ശേഷമാണ് മത്തി യുഎഇ വിപണിയിൽ നിന്ന് അപ്രത്യക്ഷതമായതെന്ന് പ്രവാസികൾ പറയുന്നു.ഒമാനിൽ നിന്നാണ് ദുബായിലേക്ക് പ്രധാനമായും മത്സ്യമെത്തുന്നത്. പ്രത്യേകിച്ച് മത്തി. മലയാളികളിൽ ഭൂരിഭാഗവും മത്തി പ്രേമികളായതിനാൽ വൻ തോതിൽ ഇവിടെ വിറ്റഴിക്കപ്പെടുന്നു. ഇതര ഇന്ത്യൻ സംസ്ഥാനക്കാരും ഫിലിപ്പീൻസ്, ഈജിപ്ത് സ്വദേശികളും അടുത്തകാലത്തായി യഥേഷ്ടം മത്തി കഴിക്കുന്നു. നേരത്തെ കിലോയ്ക്ക് നാല് മുതൽ അഞ്ച് ദിർഹം വരെയുണ്ടായിരുന്ന മത്തിക്ക് ഏതാണ്ട് ഒരുവർഷത്തിലേറെയായി കിലോയ്ക്ക് പത്ത് ദിർഹത്തിൽ കൂടുതലാണ്. ഷേരി, ആവോലി, ചൂര, ലേഡീസ് ഫിംഗർ, ചെമ്പല്ലി, സുൽത്താൻ ഇബ്രാഹിം, സ്രാവ്, പ്രാചി, മോത, കാളഞ്ചി, മുള്ളൻ, കൂന്തൽ, മാന്തൾ, ഞണ്ട് തുടങ്ങിയ മലയാളികളിഷ്ടപ്പെടുന്ന മീനുകൾക്കും വിലക്കൂടുതൽ തന്നെ. അതേസമയം, ദുബായിലെ മത്സ്യ മാർക്കറ്റുകളിൽ മത്തിയുണ്ടെങ്കിലും വിലക്കൂടുതലാണ്. തണുപ്പുകാലം വന്നാൽ മത്സ്യങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് മത്സ്യപ്രേമികൾ
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.