• Home
  • News
  • രാത്രിയില്‍ ഇടവിട്ട് പനി, വിശപ്പില്ലായ്മയും വണ്ണം കുറയലും, ഏറെ ശ്രദ്ധിക്കേണ്ട ലക

രാത്രിയില്‍ ഇടവിട്ട് പനി, വിശപ്പില്ലായ്മയും വണ്ണം കുറയലും, ഏറെ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

ഏറ്റവും ഗൗരവത്തില്‍ നാം സമീപിക്കുന്നൊരു രോഗമാണ് ക്യാൻസര്‍. ശരീരത്തിലെ വിവിധ അവയവങ്ങളിലും ബാധിക്കുന്നതായി എത്രയോ തരത്തിലുള്ള ക്യാൻസറുകളുണ്ട്. സമയത്തിന് രോഗം കണ്ടെത്താനായാല്‍ ഇന്ന് ഫലപ്രദമായ ചികിത്സ ക്യാൻസറിനുണ്ട്. എന്നാല്‍ സമയത്തിന് രോഗം കണ്ടെത്തപ്പെടുന്നില്ല എന്നതാണ് മിക്ക കേസുകളിലും തിരിച്ചടിയാകുന്നത്. 

രോഗലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുമ്പോള്‍ അത് മനസിലാക്കാൻ സാധിക്കണം. മനസിലാക്കിയാല്‍ മാത്രം പോര, ഡോക്ടറെ കണ്ട് വേണ്ട പരിശോധനകള്‍ നടത്തി രോഗമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കുകയും വേണം. 

എന്തായാലും ക്യാൻസറിന്‍റെ കാര്യത്തില്‍ ശരീരം പ്രകടിപ്പിച്ചേക്കാവുന്ന ചില പൊതു ലക്ഷണങ്ങളുണ്ട്. ഇവ  ഏതെല്ലാമാണെന്നാണ് ഇനി പങ്കുവയ്ക്കുന്നത്.

ഇടവിട്ടുള്ള പനി...

സാധാരണഗതിയില്‍ നമ്മെ ബാധിക്കുന്ന ജലദോഷപ്പനിയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ക്യാൻസര്‍ രോഗത്തിന്‍റെ അനുബന്ധമായി വരുന്ന പനി. ഇടവിട്ട് വന്നുപോകുന്ന പനിയാണ് ഇതിലെ പ്രത്യേകത. അധികവും രാത്രിയാണ് ഇങ്ങനെ പനി വന്നുപോകുക. 

ചര്‍മ്മത്തില്‍ വരുന്ന വ്യത്യാസങ്ങള്‍...

ചര്‍മ്മത്തില്‍ കാഴ്ചയിലോ അല്ലെങ്കില്‍ സ്വഭാവത്തിലോ പെട്ടെന്ന് വരുന്ന വ്യത്യാസങ്ങളും ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പുതുതായി വരുന്ന കാക്കപ്പുള്ളികള്‍ അവയുടെ സവിശേഷതകള്‍ എല്ലാം ഇതുപോലെ സൂക്ഷ്മമായി നിരീക്ഷിക്കണം. കാക്കപ്പുള്ളിയുടെ വലുപ്പത്തിലും നിറത്തിലും ഘടനയിലും വരുന്ന വ്യത്യാസങ്ങളെല്ലാം ശ്രദ്ധിക്കണം. 

വേദന...

ക്യാൻസര്‍ രോഗത്തിന്‍റെ ഭാഗമായി, ഇത് ബാധിച്ച അവയവത്തിന്‍റെ പരിസരത്തായി എപ്പോഴും വേദന അനുഭവപ്പെടാം. ഈ വേദന വന്നും പോയും കൊണ്ടിരിക്കാം. ഇങ്ങനെയുള്ള വേദനകള്‍ ശരീരത്തിലെവിടെയെങ്കിലും അനുഭവപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടതാണ്. 

ശ്വാസതടസം...

ശ്വാസതടസം പല ആരോഗ്യപ്രശ്നങ്ങളുടെയോ അസുഖങ്ങളുടെയോ ഭാഗമായി ഉണ്ടാകാവുന്നതാണ്. ക്യാൻസര്‍ രോഗത്തിന്‍റെ ലക്ഷണമായും ഇത് വരാം. അതിനാല്‍ ശ്വാസതടസം പതിവായി നേരിടുന്നപക്ഷം പരിശോധന നിര്‍ബന്ധമാണ്. പ്രത്യേകിച്ച് നടക്കുമ്പോഴോ, പടികള്‍ കയറിയിറങ്ങുമ്പോഴോ, ചെറിയ ജോലികള്‍ ചെയ്യുമ്പോഴോ എല്ലാം കിതപ്പ് വരുന്നുണ്ടെങ്കിലാണ് ഏറെയും ശ്രദ്ധിക്കേണ്ടത്. 

ക്ഷീണം...

അകാരണമായി എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതും നിസാരമായി തള്ളിക്കളയരുത്. കാരണം ഇതും ക്യാൻസര്‍ അടക്കമുള്ള രോഗങ്ങളുടെ ലക്ഷണമായി വരുന്ന പ്രശ്നമാണ്. എന്നാല്‍ ക്യാൻസറിന്‍റെ ഭാഗമായി വരുന്ന ക്ഷീണം അസഹനീയമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

വണ്ണം കുറയല്‍...

പെട്ടെന്ന് ശരീരഭാരം കുറയുന്ന അവസ്ഥയും ഏറെ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ഗൗരവമുള്ള മാറ്റങ്ങള്‍ ശരീരത്തില്‍ നടക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ക്യാൻസര്‍ ലക്ഷണമായും ഇങ്ങനെ പെട്ടെന്ന് ശരീരഭാരം കുറയാം. 

വിവിധ ശാരീരികപ്രവര്‍ത്തനങ്ങളിലെ മാറ്റം...

അസ്വാഭാവികമായി ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ കാണുന്ന മാറ്റങ്ങളെല്ലാം ഇതുപോലെ ശ്രദ്ധിക്കേണ്ടതാണ്. ആവര്‍ത്തിച്ചുള്ള ദഹനപ്രശ്നങ്ങള്‍, അസാധാരണമായ ക്ഷീണം, നേരത്തെ പറഞ്ഞത് പോലെ പെട്ടെന്ന് വണ്ണം കുറയുന്ന അവസ്ഥ എല്ലാം ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതും പരിശോധനാവിധേയമാക്കേണ്ടതുമാണ്. 

രക്തസ്രാവം...

അസാധാരണമായ രീതിയില്‍ ഏതെങ്കിലും അവയവങ്ങളില്‍ നിന്ന് രക്തസ്രാവമുണ്ടായാല്‍ അതും ഉടൻ തന്നെ പരിശോധനാ വിധേയമാക്കണം. കാരണം ക്യാൻസര്‍ രോഗത്തില്‍ ഇത് ലക്ഷണമായി വരാറുണ്ട്. 

മുഴകളും വളര്‍ച്ചകളും...

നമ്മുടെ ശരീരത്തില്‍ പ്രകടമായി വരുന്ന മാറ്റങ്ങളും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ചെറിയ മുഴകള്‍, വളര്‍ച്ചകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. പല ക്യാൻസറുകളിലും ഇവ ലക്ഷണങ്ങളായി വരാറുണ്ട്. 

വിശപ്പില്ലായ്മ...

വിശപ്പില്ലായ്മയും ആഹാരത്തോട് താല്‍പര്യം കുറയലും രുചിയില്ലായ്മയുമെല്ലാം ക്യാൻസര്‍ അടക്കം പല രോഗങ്ങളുടെയും സൂചനയായി വരുന്നതാണ്. എങ്കിലും തുടര്‍ച്ചയായി ഈ പ്രവണതകള്‍ കാണുന്നുവെങ്കില്‍ തീര്‍ച്ചയായും പരിശോധിക്കേണ്ടതാണ്. 

( മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗനിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ കൺസൾട്ട് ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. )

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All