നാലാമത്തെ പ്രാവശ്യം അർബുദം ആക്രമിച്ചപ്പോഴും പുഞ്ചിരിയോടെ ജേക്കബ്; 4 കോടിയുടെ സൗജന്യ ചികിത്സ നൽകിയ യുഎഇക്ക് നന്ദി
അജ്മാൻ ∙ നൂറ്റാണ്ടിന്റെ മാരക രോഗങ്ങളിലൊന്നായ അർബുദം നാലാം തവണയും ആക്രമിക്കുമ്പോഴും തനിക്ക് പുഞ്ചിരിച്ചുകൊണ്ട് നേരിടാൻ സാധിക്കുന്നത് ഒരേയൊരു ശക്തിയുടെ പിന്തുണയാലാണെന്നാണ് ഇൗ അധ്യാപകന്റെ വിശ്വാസം, 40 വർഷമായി താൻ ജീവിതപാഠങ്ങൾ പകർന്നുകൊടുത്ത തന്റെ ശിഷ്യന്മാരടക്കമുള്ള പ്രിയപ്പെട്ടവരുടെ പ്രാർഥന. ലോക സന്തോഷ ദിനമായ ഇന്ന് (20) അജ്മാൻ അല്‍ അമീർ ഇംഗ്ലിഷ് സ്കൂളിന്റെ പ്രധാനാധ്യാപകനായ ഡോ.എസ്. ജെ.ജേക്കബ് അര്‍ബുദ രോഗാണുക്കളെ വെല്ലുവിളിച്ച് പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നത് തന്നെ ഇൗ ഒരു കരുത്തിലാണ്. അതോടൊപ്പം, നാല് കോടിയോളം രൂപ ചെലവു വരുന്ന സൗജന്യ ചികിത്സ നൽകി ചേര്‍ത്തുപിടിക്കുകയും ജീവിച്ചിരിക്കുന്ന കാലത്തോളം അതു തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്ത യുഎഇ ഭരണാധികാരികളോടുള്ള അകമഴിഞ്ഞ കൃതജ്ഞതയും അതിരറ്റ സന്തോഷവും പ്രകടിപ്പിക്കുന്നു.
എനിക്ക് വേണ്ടി പ്രാർഥിക്കണം; എന്ന് നിങ്ങളുടെ സ്വന്തം പ്രിൻസിപ്പൽ
''എനിക്ക് അർബുദം ബാധിച്ചിരിക്കുന്നു. വേഗം സുഖപ്പെടാൻ നിങ്ങളെല്ലാം പ്രാർഥിക്കണം''. ''ഞാൻ നാളെ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നു. നിങ്ങളെല്ലാം എനിക്ക് എനിക്ക് വേണ്ടി പ്രാർഥിക്കണം'', ''ശസ്ത്രക്രിയ കഴിഞ്ഞു സുഖമായിരിക്കുന്നു, പ്രാർഥിക്കണം''– നാലാമത്തെ പ്രാവശ്യവും അർബുദത്തിന്‍റെ അണുക്കൾ ശരീരത്തെ കീഴടക്കിയിട്ടും മക്കളെ പോലെ കരുതുന്ന വിദ്യാർഥികളെ പിരിഞ്ഞിരിക്കാൻ സാധിക്കാത്തതുകൊണ്ടു മാത്രം സേവനത്തിൽ തുടരുന്ന ജേക്കബ് വിദ്യാർഥികൾക്ക് അയച്ചുകൊണ്ടിരുന്ന വാട്സാപ്പ് സന്ദേശമാണിത്. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എന്നുവേണ്ട, തന്റെ സൗഹൃദ വലയത്തില്‍പ്പെട്ട എല്ലാവർക്കും തന്റെ രോഗാവസ്ഥകൾ അപ്പപ്പോൾ അറിയിച്ചു, പ്രാര്‍ഥിക്കാൻ അഭ്യർഥിച്ചുകൊണ്ടിരുന്നു, ഇൗ 68 കാരൻ. പക്ഷേ, ഒാരോ പ്രാവശ്യവും രോഗം ഭേദമായി ആശ്വസിക്കാൻ തുടങ്ങുമ്പോഴും ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്ക് ചാടിക്കളിക്കുകയാണ് അർബുദ രോഗാണുക്കൾ. അപ്പോഴൊക്കെയും ലോകത്തെ എല്ലാ അർബുദ രോഗികൾക്കും ആത്മവിശ്വാസം പകര്‍ന്നുകൊണ്ട്, താനിനിയും നേരിടും എന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ ജേക്കബ് മുന്നേറി.
കഴിഞ്ഞ 30 വർഷമായി യുഎഇയിലുള്ള ജേക്കബ് 14 വർഷം കേരളത്തിൽ അധ്യാപകനായി സേവനം ചെയ്ത ശേഷം 1995ലായിരുന്നു പ്രവാസ ലോകത്ത് സജീവമായത്. അൽ അമീർ ഇംഗ്ലിഷ് സ്കൂളിന്റെ ആദ്യകാലത്തെ പേരായ പ്രിൻസ് ഇംഗ്ലിഷ് സ്കൂളിൽ സാധാരണ അധ്യാപകനായിട്ടായിരുന്നു തുടക്കം. ഗണിതാധ്യാപകനായിരുന്ന അദ്ദേഹം 1997ൽ പ്രിൻസിപ്പലായി. അൽ അമീർ ഇംഗ്ലിഷ് സ്കൂളിന് പുതിയൊരു ജന്മമായിരുന്നു ആ ദിവസം മുതൽ. മാതൃഭാഷയായ മലയാളം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം നൽകിയ ജേക്കബ് വിദ്യാർഥികൾക്കു പ്രിയ അധ്യാപകനായി.
സ്കൂളിന്റെ പാഠ്യപദ്ധതിയിലും പാഠ്യേതര വിഷയങ്ങളിലും സജീവമായി ഇടപെടുന്ന ജേക്കബ് യുഎഇയിലെ വിദ്യാഭ്യാസ ഭൂപടത്തിൽ തന്നെ അൽ അമീറിന് പ്രത്യേക സ്ഥാനം നേടിക്കൊടുത്തു. ആ മികവിനുള്ള അംഗീകാരം 2013ൽ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരത്തിലേക്ക് വരെയെത്തി. അന്നത്തെ പ്രസിഡന്റ് പ്രണബ് മുഖർജിയിൽ നിന്ന് 2014ൽ ഡൽഹിയിൽ പുരസ്കാരം ഏറ്റുവാങ്ങി. 2011ൽ അന്നത്തെ പ്രസിഡന്‍റായിരുന്ന ഡോ.എ.പി.ജെ. അബ്ദുൽ കലാം തിരഞ്ഞെടുത്ത മികച്ച 10 അധ്യാപകരുടെ പട്ടികയിൽ ഒരാളായും ഇടം നേടിയിരുന്നു. അങ്ങനെ രണ്ട് ഇന്ത്യൻ പ്രസിഡന്റുമാരിൽ നിന്നും അംഗീകാരം സ്വന്തമാക്കാൻ സാധിച്ചതിന്റെ സന്തോഷവും അഭിമാനവും വിവരണാതീതം. ഇതേ തുടർന്ന് യുഎഇയിലെ അറബിക് സ്കൂളുകൾ എന്നിവയിൽ നിന്നടക്കം ഒട്ടേറെ വിദ്യാലയങ്ങളിൽ നിന്ന് പ്രിൻസിപ്പല്‍ തസ്തികയിലേക്ക് ക്ഷണം ലഭിച്ചെങ്കിലും താൻ വളർത്തി വലുതാക്കിയ സ്കൂളിനെയും കുട്ടികളെയും വിട്ടുപോകാൻ അദ്ദേഹം തയാറായില്ല.
വായനയും കുടുംബത്തിന്റെ പിന്തുണയും
വിശ്രമ വേളകളിൽ വായനയിലാണ് ജേക്കബ് മുഴുകാറ്. കൂടുതലും വായിക്കുക മോട്ടിവേഷനൽ പുസ്തകങ്ങൾ. ശിവ് ഖേരയുടെയും ഗോപിനാഥ് മുതുകാടിന്റെയുമെല്ലാം പ്രചോദനാത്മകമായ പ്രസംഗങ്ങൾ ഏറെ സ്വാധീനിക്കാറുണ്ട്. സിനിമ കാണുന്ന ശീലമില്ല. ഇൗ രോഗാവസ്ഥയിൽ കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണ്. അൽ അമീർ ഇംഗ്ലിഷ് സ്കൂളില്‍ തന്നെ അധ്യാപികയായ ഭാര്യ സാലി ജേക്കബ്, മക്കളായ ഡോ.ജുനിറ്റ (ഡൽഹി), ജൂബിൻ ജേക്കബ് (ദുബായ്) എന്നിവരുടെയും മരുമക്കളായ ഡോ.ദിലീപ്, ഡെൻസി എന്നിവരുടെയും പിന്തുണയും സ്നേഹവും കരുതലും ജീവിതത്തിന് വല്ലാതെ പ്രകാശം ചൊരിയുന്നു. ഫോൺ:+971 50 576 3386.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.