ശ്രീലങ്കക്കാർക്ക് ഇനി ഇന്ത്യൻ രൂപയിൽ ഇടപാടു നടത്താം; സ്വീകാര്യത ഏറുന്നു
കൊളംബോ ∙ ശ്രീലങ്കക്കാർക്ക് ഇനി 10,000 ഡോളറിനു തുല്യമായ ഇന്ത്യൻ രൂപ കൈവശം വയ്ക്കാം. ഇന്ത്യൻ രൂപയെ വിദേശ കറൻസിയായി വിജ്ഞാപനം ചെയ്യുന്നതിന്റെ ഭാഗമായി ശ്രീലങ്കയുടെ അപേക്ഷ പരിഗണിച്ചാണ് ഇന്ത്യയുടെ നടപടി. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ, ഡോളറിന്റെ ലഭ്യതക്കുറവു മൂലമുള്ള പ്രശ്നം പരിഹരിക്കാൻ ഇതു ശ്രീലങ്കയ്ക്കു സഹായമാകും. ഏഷ്യൻ മേഖലയിൽ ഡോളറിന്റെ ആശ്രിതത്വം കുറയ്ക്കാനും രൂപയുടെ സ്വാധീനം വർധിപ്പിക്കാനുമുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ നയത്തിന്റെ ഭാഗമാണ് അനുമതി.
ലങ്കൻ പൗരന്മാർക്ക് ഇനി ഇന്ത്യൻ രൂപയെ ഏതു കറൻസിയിലേക്കും മാറ്റാം. ഇതിനായി നോസ്ട്രോ അക്കൗണ്ട് (വിദേശ കറൻസി കൈകാര്യം ചെയ്യാനുള്ള അക്കൗണ്ട്) തുറക്കാൻ ശ്രീലങ്കൻ ബാങ്കുകൾ ഇന്ത്യൻ ബാങ്കുകളുമായി കരാറുണ്ടാക്കണം.
ശ്രീലങ്കൻ ബാങ്കുകളുടെ ഓഫ്ഷോർ യൂണിറ്റുകൾക്ക് പ്രവാസികളിൽനിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീലങ്കൻ പൗരന്മാർക്കും വിദേശികൾക്കും തമ്മിൽ ഇനിമുതൽ കയറ്റുമതി, ഇറക്കുമതി ഇടപാടുകൾ അടക്കമുള്ള കറന്റ് അക്കൗണ്ട് ഇടപാടുകൾ നടത്താനുമാവും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.