നാട്ടിൽ നിന്ന് റിയാദിൽ ജോലിക്കെത്തിയ പ്രവാസി യുവാവിനെ രണ്ടാം നാൾ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ് ∙ റിയാദിൽ ജോലിക്കെത്തിയ പ്രവാസി യുവാവിനെ രണ്ടാം ദിവസം മരിച്ച നിലയിൽ കണ്ടെത്തി. പ്രവാസി യുവാവിന്റെ മൃതദേഹം റിയാദ് മലാസിലെ മേട്രോ സ്റ്റേഷൻ വെയിറ്റിങ് കേന്ദ്രത്തിലാണ് കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം ഷൂമൈസി ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ ഹൃദയാഘാതമാണ് മരണത്തിനു കാരണമെന്നു വ്യക്തമായി. തുടർന്ന് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലേക്ക് അയച്ചു
മരിച്ച യുവാവിനെ തിരിച്ചറിയാൻ കഴിയാത്തതിനാൽ മലാസ് പൊലീസ് സാമൂഹികപ്രവർത്തകനായ ശിഹാബ് കൊട്ടുകാടിന്റെ സഹായം തേടി. തുടർന്നുള്ള അന്വേഷണത്തിലാണ് ജാർഖണ്ഡ്, ജംഷഡ്പൂർ, ഗൊൾമുരി, സ്വദേശിയായ മുഹമ്മദ് മുനിഫിന്റെ മകൻ വസീം അക്തർ (26) ആണ് മരിച്ചതെന്ന് കണ്ടെത്തിയത്. യുവാവിനെ തിരിച്ചറിയാനും മൃതദേഹം സ്വദേശത്തേക്ക് കയറ്റിവിടുന്നതിനും സാമൂഹീക പ്രവർത്തകനായ ശിഹാബ് കൊട്ടുകാട് മുന്നിൽ നിന്നു. ജൂൺ 28 ന് ലേബർ വീസയിൽ റിയാദിലെത്തിയതായിരുന്നു ദരിദ്രകുടുംബാംഗമായ വസീം അക്തർ. ഒരു ദിവസം മാത്രമാണ് കമ്പനിയിൽ ജോലി ചെയ്തത്. അതിന്റെ തൊട്ടടുത്ത ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇഖാമയോ മറ്റ് രേഖകളും ഇല്ലായിരുന്നു. പാസ് പോർട്ടും കൈവശമുണ്ടായിരുന്നില്ല.
വിരലടയാളം വച്ച് തിരിച്ചറിയാൻ കഴിയാത്ത ആൾ എന്നായിരുന്നു പൊലീസ് രേഖപ്പെടുത്തിയത്. പിന്നീട് ബയോമെട്രിക് സിസ്റ്റത്തിലൂടെ ശാസ്ത്രീയ മെഡിക്കൽ പരിശോധ നടത്തി എമിഗ്രേഷൻ എൻട്രി നമ്പർ മാത്രം കണ്ടെത്താൻ കഴിഞ്ഞു. എന്നാൽ ഇയാളുടെ പാസ്പോർട്ട് നമ്പരോ, വിലാസമോ ഒന്നും അറിയാൻ കഴിയുമായിരുന്നില്ല. തുടർന്ന് ലഭ്യമായ എൻട്രി നമ്പരുമായി റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ടു. കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ എമിഗ്രേഷൻ വിഭാഗത്തിൽ നിന്നും പാസ് പോർട്ട് നമ്പർ ലഭിച്ചു. അതുമായി എംബസിയിൽ ബന്ധപ്പെട്ട പ്പോഴാണ് മരിച്ച വസീം അക്തറിന്റെ വിലാസം കണ്ടെത്താൻ കഴിഞ്ഞത്.
തുടർന്ന് ശിഹാബ് കൊട്ടുകാടിനു മുൻപരിചയമുള്ള ജാർബണ്ഡ് സ്വദേശിയുടെ സഹായം തേടി. അയാൾ നാട്ടിലുള്ള മാധ്യമപ്രവർത്തകനായ സ്വന്തം സഹോദരനോട് വിവരങ്ങൾ പങ്കുവച്ചു. തുടർന്നു പ്രാദേശിക പത്രപ്രവർത്തകരുടെ സഹായത്തോടെ വസീം അക്തറിന്റെ മരണം വീട്ടുകാരെ അറിയിച്ചു. വാസീം സൗദിയിൽ വന്നതിനു ശേഷം നാട്ടിലേക്ക് ഒരു തവണ മാത്രമാണ് വിളിച്ചിരുന്നത്. വിവരം ഒന്നും ലഭിക്കാത്തതിനാൽ ഇയാളെ കാണാനില്ലെന്ന പരാതി വീട്ടുകാർ നൽകിയിരുന്നു. ചെറുപ്പക്കാരനായ വസീം ഹൃദയാഘാതം മൂലം മരിച്ചതായി വീട്ടുകാർ വിശ്വസിക്കാൻ തയാറായിരുന്നില്ല. നേരിൽ മൃതദേഹം കാണാതെ വിശ്വസിക്കില്ലെന്ന നിലപാടിലുമായിരുന്നു വീട്ടുകാർ.റിയാദിൽ നിന്നും ദമാമിൽ നിന്നുമുള്ള എതാനും ബന്ധുക്കൾ ഷുമൈസി ആശുപത്രിയിലെ മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കണമെന്ന വീട്ടുകാരുടെ ആവശ്യമനുസരിച്ച് നടപടികൾ പൂർത്തീകരിക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാളുടെ പാസ്പോർട്ട് ലഭ്യമല്ലെന്നുള്ള വിവരം അറിയുന്നത്. തുടർന്ന് എംബസി അധികൃതർ അടിയന്തിര പാസ്പോർട്ട് അനുവദിച്ചു. ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം സ്വദേശത്ത് എത്തിച്ചു. വസീം അക്തറിന് ഭാര്യയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളുമാണുള്ളത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.