• Home
  • News
  • പ്രാരാബ്ധങ്ങളുടെ 'ഓട്ടപ്പാച്ചിലിൽ' നെഞ്ചുവേദന, മരണവെപ്രാളത്തിലും ആ 'കരുതൽ' പ്രവാ

പ്രാരാബ്ധങ്ങളുടെ 'ഓട്ടപ്പാച്ചിലിൽ' നെഞ്ചുവേദന, മരണവെപ്രാളത്തിലും ആ 'കരുതൽ' പ്രവാസമനസ്സിൽ നൊമ്പരമായ് 'ഉല്ലാസൻ'

ദമാം ∙ പ്രാരാബ്ധങ്ങളുടെ ചുമടേന്തിയുള്ള ഓട്ടത്തിനിടയിൽ സ്വന്തം ആരോഗ്യസ്ഥിതിയും രോഗവും കണക്കിലെടുക്കാതെ നേരവും കാലവുമില്ലാതെ തുടരുന്ന അലച്ചിലിനിടയിൽ പാതിവഴിയിൽ എപ്പഴോ  വീണുടയുന്ന പ്രവാസ ജീവിതങ്ങളെ ഒാര്‍മിപ്പിച്ച് ഒരു മരണം. 29 വർഷമായി ബാധ്യതകളൊഴിയാതെ തുടർന്ന പ്രവാസജീവിത ഓട്ടം എങ്ങുമെത്താതെ ഇടയ്ക്ക് നിലച്ച കഥയാണ് കഴിഞ്ഞ ദിവസം ദമാമിൽ മരണമടഞ്ഞ എറണാകുളം സ്വദേശി ഉല്ലാസന്റേത്. പ്രവാസജീവിതം പലപ്പോഴും പ്രഹേളികയായി മാറുന്ന കാഴ്ചകളിൽ ഇത്തരം നിരവധി സംഭവങ്ങളുണ്ട്. 

ദമാമിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന എറണാകുളം ഞാറയ്ക്കൽ നായരമ്പലം സ്വദേശി ഉല്ലാസൻ വാസു (62). പിക്കപ്പ് വാനുമായി ഓട്ടത്തിനിടെ ഹൃദയാഘാതം മൂലം വാഹനത്തിലായിരുന്നു അന്ത്യം. കൈവശമുള്ള ചെറിയ പിക്കപ്പുമായി ദമാമിൽ സ്ഥിരമായി ചെറിയ ഓട്ടം കാത്തു കിടക്കുന്ന  സാധാരണക്കാരനായ മലയാളി. അയാളുടെ ജീവിതവഴികളിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിന്റെ കഥയറിയാവുന്ന ചിലരൊക്കെ സ്ഥാപനങ്ങളിലെ സ്ഥിരം ഓട്ടം നൽകി സഹായിക്കുമായിരുന്നു. അത്തരത്തിലൊരാളായ രാജേഷ് രാധാകൃഷ്ണൻനായർ സാധാരണക്കാരനായ ഉല്ലാസന്റെ ജീവിതകദനകഥയുടെ കാണാക്കാഴ്ചകളെ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചപ്പോഴാണ് ദമാമിലെ മലയാളി പ്രവാസി മനസുകളിൽ  നീറ്റലായി മാറിയത്. 

'വണ്ടിക്ക് എസിയില്ല, നന്നാക്കിയിട്ടില്ല. കാരണം നാട്ടിലേക്ക് കാശ് അയക്കണം. തീരാത്ത കടമുണ്ട്. ഓരോ റിയാലും വളരെ വിലപിടിച്ചതാണ്. ചൂടിനെ പ്രതിരോധിക്കാൻ തലയിലൊരു തോർത്ത്, കണ്ണിലേക്ക് ചൂട് അടിക്കാതിരിക്കാൻ 10 റിയാലിന്റെഒരു കൂളിങ് ഗ്ലാസ്സ്. ഓട്ടം കിട്ടിയാൽ വിടില്ല എങ്ങിനെയും എത്തിപ്പിടിക്കും. ചിലപ്പോൾ വൈകുന്നതിന് ഒന്നും രണ്ടും പറഞ്ഞൊന്ന് പിണങ്ങും, എന്നാലും ആ പിണക്കം തീർത്തിട്ടേ പോകൂ. കഴിഞ്ഞ ദിവസവും രാവിലെ ഒരോട്ടം വിളിച്ചു, കുറച്ച് സാധങ്ങൾ കൊതരിയയിൽ നിന്നെടുത്തിട്ട് ദല്ലയിൽ വരണം. പിന്നെ സെക്കൻ്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ പോകണം. റേറ്റ് പറഞ്ഞാരു തർക്കം ഒരു  കുഞ്ഞു പിണക്കം, പിന്നെ പറഞ്ഞ തുക തന്നെ കൊടുത്തു. പിണങ്ങിപ്പോകുന്നത് പതിവില്ലാത്ത ഉല്ലാസ് ഒന്നു നിന്നു. കഴിഞ്ഞ ദിവസം താമസിക്കുന്ന റൂമിൽ വലിയ ശബ്ദത്തിൽ വെളുപ്പിന് 3 മണിക്ക് റൂഫിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു. ഞാൻ നന്നായി പേടിച്ചു. അവിടുന്ന് മാറുവാൻ പോകുകയാണ്. പിന്നെ. ഇന്നലെ വണ്ടീടെ പാർട്ട്സ് വാങ്ങാൻ ഒന്ന് നടന്നു. നല്ല കിതപ്പ്, ദമാമിൽ സ്വകാര്യ ഡിസ്പൻസറിയിൽ പോയി ഇസിജി എടുത്തു, രക്തം ചെക്ക് ചെയ്തു, ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു. എന്നാലും സംശയം കാരണം വലിയ ആശുപത്രിയിലേക്ക് റെഫറൻസ് ചോദിച്ചു, ചെറിയ തരം ഇൻഷുറൻസ് ആയതു കൊണ്ട് ഇന്നലെ അപ്രൂവൽ കിട്ടിയില്ല, ഇന്ന് പോയി നോക്കണം  ദീർഘനിശ്വാസം വിട്ടു കൊണ്ടു പറഞ്ഞു. ഉല്ലാസെ, വയ്യായ്ക മാറി എന്ന് വച്ച് പോകാതിരിക്കരുത്. അവിടെ സ്കാനിങ്ങും ട്രെഡ്മിൽ ടെസ്റ്റും കഴിഞ്ഞാൽ എന്താന്ന് അറിയാമല്ലൊ. ഒന്നുമില്ലെങ്കിൽ ആശ്വാസം, സമാധാനം.അല്ലെങ്കിൽ മരുന്ന് കഴിച്ച് മാറ്റാമല്ലൊ.. ഈ ഓട്ടം കഴിഞ്ഞ് പോകാം എന്ന് പറഞ്ഞ് പിരിഞ്ഞു. ലോഡുമായി വണ്ടി പുറപ്പെട്ടെന്ന കാര്യം കസ്റ്റമറെ അറിയിച്ചു, അരമണിക്കൂറിൽ എത്തും എന്ന് ഉറപ്പു നൽകി. സമയും കഴിഞ്ഞ് മുക്കാൽ മണിക്കൂറും കഴിഞ്ഞിട്ട് വണ്ടി എത്തിയില്ല എന്ന് കസ്റ്റമറുടെ കോൾ.  ഉല്ലാസനെ വിളിച്ചപ്പോൾ കോളെടുത്തത് മുവാസാത്ത് ആശുപത്രിയുടെ എമർജൻസിയിൽ മറ്റൊരാൾ. ഇംഗ്ലീഷിൽ മറുപടി. എന്തോ പന്തികേട് തോന്നി വീണ്ടും വിളിച്ചു. അപ്പോൾ ഫോൺ ഓഫ്. വല്ലാത്തൊരു  പരിഭ്രാന്തി എന്നെ  പിടികൂടിയിരുന്നു.  ഉല്ലാസന്റെകൂട്ടുകാരനെ വിളിച്ചു, പേടിച്ചിരുന്ന മറുപടി വന്നു. വണ്ടിയിലെ നമ്പർ കണ്ട് ഒരാൾ വിളിച്ചിരുന്നു. ഉല്ലാസ് നമ്മെ വിട്ടു പോയി. വണ്ടി ഓടിച്ചു പോകുന്നതിനിടെ നെഞ്ചുവേദന വന്നു, വണ്ടിയിൽ ഇരുന്നു തന്നെ മരിച്ചു!.

വണ്ടി കൈയ്യിൽ നിൽക്കുന്നില്ല എന്ന് കരുതിയാകണം, ആ മരണവെപ്രാളത്തിലും പാവം  ഗിയർ ന്യൂട്രലിൽ ആക്കിയിരുന്നു. അതു പതിയെ ഓരം ചേർന്ന് നിന്നു. ആർക്കും ഒരപകടവും ഉണ്ടാക്കാതെ. മരണം പിടിമുറുക്കിയപ്പോൾ  ആക്സിലേറ്റർ അമർന്നിരുന്നു. അസാധാരണമായി വണ്ടിയുടെ  ഇരമ്പൽ കേട്ട് ആളുകൾ ഓടിവരുമ്പോഴേക്കും ഉല്ലാസ്  സ്റ്റിയറിങ്ങിൽ തലചായ്ച്ചിരുന്നു എന്നന്നേക്കുമായി. ഏറെ കാത്തിരിപ്പിനൊരുവിൽ ഉണ്ടായ രണ്ട് ഇരട്ടക്കുട്ടികളാണുള്ളത്. അവരെ കണ്ട് കൊതി തീർന്നിട്ടുണ്ടാകില്ല. കാത്തിരിക്കുന്ന ഭാര്യ കസ്തൂർബായുടേയും മക്കളുടെയും മുന്നിലേക്ക് ഇനി എത്തുന്നത് ചേതനയറ്റ ശരീരമാണ്.

നാട്ടിലേക്കു യാത്ര അയക്കാൻ എല്ലാവരും പരക്കം പായുകയാണ്. ഉല്ലാസതൊന്നും അറിയുന്നില്ല.. അല്ലെങ്കിലും സ്വന്തം കാര്യം നോക്കാൻ ഉല്ലാസന് താൽപര്യമില്ലല്ലോ, സമയവും. നമ്മളാരും ഉല്ലാസാകരുത്, സ്വന്തം ആരോഗ്യം നോക്കണം, നാട്ടിൽ കാത്തിിക്കുന്നവർക്ക് നമ്മളെ വേണം ജീവനോടെ എന്ന ബോധ്യം ഉണ്ടാകണം. നമുക്കും ജീവിക്കണം എന്ന ചിന്ത വേണം. ബാധ്യത നമുക്ക് പതിയെ തീർക്കാം' - രാജേഷ് പറഞ്ഞ് അവസാനിപ്പിക്കുന്നു. നാട്ടിൽ സംസ്കാരം നടത്തുന്നതിനായി ദമാം സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വ്യാഴാഴ്ച രാത്രി ദമാം രാജ്യാന്തരവിമാനത്താവളത്തിൽ നിന്ന് എയർലങ്ക വിമാനത്തിൽ  നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയി. ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുതേ, മരുന്നും ഭക്ഷണവും സമയത്ത് കഴിക്കുക. സൂക്ഷിച്ചാൽ ദുഖിക്കേണ്ടി വരില്ല.

ഉല്ലാസന്റെ മരണം ഒരു ചൂണ്ടുപലകയാണ്. പ്രവാസ ജീവിത ജോലി തിരക്കുകൾക്കിടയിൽ ഒട്ടുമിക്കവർക്കും ജീവിത ശൈലി രോഗങ്ങളായ പ്രമേഹവും കൊളസ്ട്രോളും രക്തസമ്മർദ്ദമടക്കുമള്ള പലതരം ആരോഗ്യ പ്രശ്നങ്ങൾ വില്ലനാവാറുണ്ട്. മിക്കവരും  ജോലിതിരക്കിനിടയിൽ ഇതൊക്കെ അവഗണിക്കുകയോ, കൃത്യസമയത്ത് മരുന്ന് ഉപയോഗിക്കാതെയോ, സമയത്ത് ഭക്ഷണം കഴിക്കാതെ ഇരിക്കുകയോ ചെയ്യാറുണ്ട്.  ബാധ്യതകളുടെയും  കടഭാരങ്ങളുടേയും പേരിൽ  പണ ചെലവ് ഒഴിവാക്കാൻ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെയും തെറ്റായ ഉപദേശങ്ങൾ കേട്ട് മരുന്നും കഴിക്കാതെയും സ്വയം ചികിത്സ ചെയ്തുമൊക്കെ അപകടം ക്ഷണിച്ചു വരുത്താതെ  സ്വയം നോക്കേണ്ടതുണ്ട്. സൂചി കൊണ്ട് എടുക്കാവുന്നത് തൂമ്പാ കൊണ്ട് എടുക്കേണ്ട സ്ഥിതിയിൽ എത്തുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയേക്കാം. 

 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All