ആകാശവിസ്മയ കാഴ്ച്ചകളിൽ നിറം പകർന്ന് മലയാളി സംരംഭകർ; ആവേശത്തോടെ ഏറ്റെടുത്ത് പ്രവാസികൾ
എയർഷോയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ പല പ്രവാസി മലയാളി സംരംഭകരും ഇതിന്റെ ഭാഗമാകും എന്നത് പ്രവാസികൾക്കും അഭിമാനത്തിന് വക നൽകുന്നു.
മനാമ∙ രാജ്യാന്തര തലത്തിൽ രാജ്യത്തിന്‍റെ ശ്രദ്ധയാകർഷിക്കുന്ന ബഹ്‌റൈൻ ഇന്റർനാഷനൽ എയർ ഷോ ( ബി ഐ എസ്) യുടെ പ്രാരംഭ ഘട്ടങ്ങൾ തുടങ്ങി. ഈ മാസം 13 മുതൽ 15 വരെ സാക്കീർ എയർബേസിൽ നടക്കുന്ന എയർഷോ ബഹ്‌റൈൻ സാമ്പത്തിക മേഖലയ്ക്ക് കരുത്തു പകരുന്ന പ്രധാന പരിപാടികളിൽ ഒന്നാണ്. ഇന്ത്യ അടക്കം ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ വ്യോമ മേഖലയിലെ നിരവധി നൂതന സംവിധാനങ്ങളും ആധുനിക വിമാനങ്ങളും പരിചയപ്പെടുത്തുന്ന ഷോയിൽ വലിയ തോതിലുള്ള രാജ്യാന്തര വ്യാപാരങ്ങളാണ് നടക്കുക. വിവിധ രാജ്യങ്ങളുടെ പവിലിയനുകൾ , പ്രദർശങ്ങൾ,കലാ സാംസ്‌കാരിക പരിപാടികൾ ഈ ഷോയിൽ ഉൾപ്പെടുത്തും. 2013 നു ശേഷമുള്ള എയർഷോ കളിൽ വച്ച് ഏറ്റവും കൂടുതൽ ജിഡിപി വളർച്ച കൈവരിച്ച ഷോ ആയിരുന്നു 2022 ലേത്. കോവിഡിന് ശേഷം നടന്ന 2022 ലെ എയർഷോയ്ക്ക് ശേഷം നടക്കാൻ പോകുന്ന 2024 എയർഷോയ്ക്ക് കൂടുതൽ പ്രാതിനിധ്യം ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.
ബിസിനസ്, ടൂറിസം ട്രാവൽ മേഖലയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുന്ന എയർ ഷോ കാർഗോ മേഖലയിലും വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടാക്കുക . ചരക്ക് കൈകാര്യം ചെയ്യുന്നതിനായി മാത്രം 25,000 ചതുരശ്ര മീറ്റർ 'കാർഗോ എക്‌സ്‌പ്രസ് വില്ലേജ്' ഏർപ്പാടാക്കുന്നത് കൂടാതെ അതിൽ ബോണ്ടഡ് ലോജിസ്റ്റിക് സൗകര്യവും ഉൾപ്പെടുന്നു. ഇത് മൂന്ന് ഘട്ടങ്ങളിലായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. 30-ലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന എയർ ഷോയുടെ നടത്തിപ്പുകളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി നവംബർ 13,15 തീയതികളിൽ സഖീർ എയർബേസ് ബഹ്‌റൈനിൽ വച്ച് ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ യുടെ രക്ഷാകർതൃത്വത്തിൽ ബഹ്‌റൈൻ രാജാവിന്റെ വ്യക്തിഗത പ്രതിനിധിയും ബഹ്‌റൈൻ എയർ ഷോയുടെ സുപ്രീം ഓർഗനൈസേഷന്റെ ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിൽ വിപുലമായ യോഗം ചേരുമെന്ന് അധികൃതർ അറിയിച്ചു.
∙ പ്രവാസി മലയാളികൾക്കും നേട്ടം
ബഹ്‌റൈനിലെ പ്രധാന പദ്ധതികളിലൊന്നായ ഒന്നായ എയർഷോയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ പല പ്രവാസി മലയാളി സംരംഭകരും ഇതിന്റെ ഭാഗമാകും എന്നത് പ്രവാസികൾക്കും അഭിമാനത്തിന് വക നൽകുന്നു. ഷോയുടെ സ്‌ഥല സൗകര്യങ്ങൾ ഒരുക്കുക, പ്രദർശന സ്റ്റാളുകൾ നിർമിക്കുക തുടങ്ങിയവയുടെ ഉത്തരവാദിത്തം മലയാളികൾ ഉൾപ്പെടുന്ന കമ്പനികൾക്കാണ്. ഈ വർഷം മുഴുവനും നിരവധി ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ സാധ്യതയും ഇതിന്റെ ഭാഗമായി വന്നു ചേരും. ദീപാലങ്കാരങ്ങൾ, കട്ട് ഔട്ടറുകൾ തുടങ്ങി പബ്ലിസിറ്റി വിഭാഗത്തിൽ അടക്കം നിരവധി മലയാളികൾ ഇ ഷോയുടെ ഭാഗമാകുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അതിഥികളെ വിമാനത്താവളങ്ങളിൽ നിന്ന് താമസ സ്‌ഥലത്തേക്ക് എത്തിക്കാനും പ്രദർശന നഗരിയിലേക്ക് എത്തിക്കാനും അധികൃതർ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് പ്രവാസിമലയാളി ഡ്രൈവർമാരെയാണ്. അത് കൊണ്ട് തന്നെ എയർ ഷോ പ്രവാസി മലയാളികൾക്കും ഏറെ പ്രയോജനകരമാകും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.