• Home
  • News
  • ഒമൈക്രോൺ അപകടകാരിയോ? അറിയാം

ഒമൈക്രോൺ അപകടകാരിയോ? അറിയാം

ഒരു വിധം ഒന്ന്​ കരകയറി വരികയായിരുന്നു. ജീവിതം പഴയ രീതിയിൽ മുന്നോട്ട്​ ചലിക്കുന്നതിനിടെ അതാ വരുന്നു, കോവിഡ്​ -19ന്​ ഏറ്റവും പുതിയ വകഭേദം. ആള്​ കുറച്ച്​ കുഴപ്പക്കാരനാണെന്നാണ്​​ കേട്ടത്​. ഒമൈക്രോണ്‍ ലോകത്തെ വിറപ്പിച്ച്​ തുടങ്ങിക്കഴിഞ്ഞു. ഒമൈക്രോണ്‍ ലോകമെമ്പാടും നാശം വിതക്കും എന്ന ആശങ്കയിലാണ്​ ആരോഗ്യ വിദഗ്ദ്ധര്‍.

ഒമൈക്രോണ്‍ എന്ന് അറിയപ്പെടുന്ന ബി.1.1.529 വൈറസിനെ 'ഏറ്റവും ആശങ്കയുള്ള വകഭേദം' ആയാണ് കണക്കാക്കിയിരിക്കുന്നത്. ബി.1.1.529 വേരിയന്‍റ്​ അതിന്‍റെ വര്‍ദ്ധിച്ച വ്യാപനശേഷി കാരണം അത്യധികം അപകടകരിയാണെന്ന് കണക്കാക്കപ്പെടുന്നു. പുതിയ വകഭേദത്തിന്‍റെ ഉറവിടം ദക്ഷിണാഫ്രിക്കയില്‍ നിന്നാണെന്നാണ് അറിയാൻ കഴിഞ്ഞത്​. ഈ മാസം നവംബര്‍ ഒമ്പതിന് ശേഖരിച്ച സാമ്പിളില്‍ നിന്നാണ് ആദ്യമായി പുതിയ വകഭേദത്തിലെ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

ബെല്‍ജിയം, ഹോങ്കോംഗ്, ഇസ്രായേല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരില്‍ ഒമൈക്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയുള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നാശം വിതച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയായിരിക്കും ഒമൈക്രോണ്‍ എന്ന പുതിയ വകഭേദമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

പുതിയ വൈറസില്‍ കൂടുതല്‍ മ്യൂട്ടേഷനുകള്‍ ഉണ്ടാകുന്നു. അതിനാല്‍ ഈ വൈറസിന് നിലവിലെ വാക്‌സിന്‍റെ പ്രതിരോധത്തെ മറികടക്കാനുള്ള ശേഷി വര്‍ദ്ധിച്ചേക്കുമെന്ന ആശങ്കകളുമുണ്ട്. ഒമൈക്രോണ്‍ വ്യാപിച്ച ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രയ്ക്ക് യു.എസ്​ അടക്കം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നമീബിയ, സിംബാബ്‌വേ, മൊസാംബിക്, ബോട്സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യാത്രാവിലക്ക്. ഈ പ്രദേശങ്ങളില്‍ നിന്ന് യാത്രക്ക്​ യൂറോപ്യന്‍ യൂനിയന്‍, യു.കെ, കാനഡ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണമേര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കയിൽനിന്ന്​ വിവിധ രാജ്യങ്ങളിലേക്ക്​ എത്തിയ യാത്രക്കാരിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്​.

ദക്ഷിണാഫ്രിക്കയിലെ ഗ്വാട്ടെങ് പ്രവിശ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 24നാണ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഒമൈക്രോണ്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ മൂന്നാഴ്ചക്കിടയില്‍ ഗ്വാട്ടെങ്ങിന്‍റെ ഭാഗമായ ഷ്വാനില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ നിന്ന് 30% ആയി ഉയര്‍ന്നു കഴിഞ്ഞു. പുതിയ വകഭേദമായതുകൊണ്ടുതന്നെ അതിനെക്കുറിച്ചുള്ള അറിവ് ഇപ്പോള്‍ പരിമിതമാണെങ്കിലും ആരോഗ്യ വിദ്ഗ്ദ്ധര്‍ ഈ വൈറസിനെ സംബന്ധിച്ച് മുന്നിറിയിപ്പുകള്‍ നല്‍കുന്നുണ്ട്.

ഇന്ത്യയില്‍ ഇതുവരെ പുതിയ വകഭേദത്തിന്‍റെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒമൈക്രോണ്‍ വകഭേദത്തെക്കുറിച്ച് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യാഴാഴ്ച വൈകിട്ടോടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരും കേസുകള്‍ കണ്ടെത്തിയ രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്നവരും ഇന്ത്യയില്‍ കടന്നാല്‍ നിര്‍ബന്ധമായും പരിശോധന നടത്തണണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ തന്നെ കര്‍ശന നിയന്ത്രണങ്ങളുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമെ ഇസ്രായേല്‍, സിംഗപൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരും കോവിഡ് നിയന്ത്രണങ്ങളും പരിശോധനകളും കര്‍ശനമായും പാലിക്കണമെന്നും കേന്ദ്ര നിര്‍ദ്ദേശമുണ്ട്. ഗൗരവം കണക്കിലെടുത്ത്​ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചു ചേർത്തിരുന്നു. അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നത് പുന:പരിശോധിക്കണമെന്ന് മോദി യോഗത്തിൽ പറഞ്ഞു.

ഇന്ത്യയിൽ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബര്‍ 15ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ്‌ നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. കോവിഡ് ഭീഷണി തുടരുന്ന ബ്രിട്ടൻ, സിംഗപ്പുർ, ചൈന, ബ്രസീൽ, ബംഗ്ളാദേശ്, മൗറീഷ്യസ്, സിംബാബ്‍വെ, ന്യൂസീലൻഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സർവീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ ഒമൈക്രോൺ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നതിന്‍റെ സാഹചര്യത്തിലാണ് വിമാന സർവീസുകളുടെ ഇളവുകൾ സംബന്ധിച്ച് പുനരാലോചിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്.

അതേസമയം, ദക്ഷിണാഫ്രിക്കയിൽനിന്നു വരുന്ന യാത്രക്കാർക്ക്​ ക്വാറന്‍റീൻ ഏർപ്പെടുത്തുമെന്ന്​ മുംബൈ വിമാനത്താവളം അധികൃതർ അറിയിച്ചു. ഒമൈക്രോൺ കോവിഡ് വകഭേദം പടരുന്നതു കണക്കിലെടുത്താണു തീരുമാനമെന്നു മുംബൈ മേയർ വ്യക്തമാക്കി. നിരവധി രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണു മുംബൈയിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All