എമിറേറ്റിലെ ഈ റസിഡൻഷ്യൽ ഏരിയയിൽ ഇനി ഫ്രീ പാർക്കിങ് ഇല്ല
ഷാർജ: എമിറേറ്റിലെ പ്രധാന വാണിജ്യ, റസിഡൻഷ്യൽ ഏരിയകളിലൊന്നായ മുവൈലയിൽ ഇനിമുതൽ സൗജന്യ പാർക്കിങ് അനുവദിക്കില്ല. പൊതു അവധി ദിനങ്ങൾ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കാനാണ് ഷാർജ മുനിസിപ്പാലിറ്റി തീരുമാനം.വാണിജ്യ, റസിഡൻഷ്യൽ മേഖലകൾ ചേർന്ന മുവൈലയിൽ പാർക്കിങ് ഇടങ്ങൾക്കായുള്ള ആവശ്യകത വലിയ തോതിൽ വർധിച്ച സാഹചര്യത്തിലാണ് പുതിയ ക്രമീകരണം. ഇതിനായി പുതിയ പാർക്കിങ് സമയവും ഫീസ് നിരക്കുകളും രേഖപ്പെടുത്തിയിട്ടുള്ള നീല സൈൻ ബോർഡുകൾ മുവൈലയിലുടനീളം മുനിസിപ്പാലിറ്റി സ്ഥാപിച്ചിരിക്കുകയാണ്. കൂടാതെ പാർക്കിങ് സ്ഥലങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുന്നതിന് സ്മാർട്ട് പാർക്കിങ് സംവിധാനവും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. ഇതുവഴി വാഹനങ്ങളെ നിരീക്ഷിച്ച് ഫീസ് അടക്കാൻ വീഴ്ച വരുത്തുകയോ 10 മിനിറ്റ് ഗ്രേസ് പിരീഡ് കവിയുകയോ ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കും. ഫീസ് അടക്കാൻ വീഴ്ച വരുത്തുന്നവർക്ക് 150 ദിർഹമാണ് പിഴ. അനുവദനീയമായ സമയത്തിനുശേഷം പണമടക്കാതെ പാർക്കിങ് തുടരുന്നവരിൽനിന്ന് 100 ദിർഹം പിഴ ഈടാക്കും. ഷാർജ മുനിസിപ്പാലിറ്റി വെബ്സൈറ്റ് വഴി പാർക്കിങ് പെർമിറ്റുകൾ നിവാസികൾക്ക് നേടാനാവും. ഷാർജ ഡിജിറ്റൽ ആപ്, എസ്.എം.എസ് സർവിസുകൾ, ആപ്പിൾ, സാംസങ് പോലുള്ള മൊബൈൽ പേയ്മെന്റ് എന്നിവ ഉപയോഗിച്ച് പണമടക്കാം. പാർക്കിങ് ഉപയോക്താക്കളെ രണ്ടായി തിരിച്ചിട്ടുണ്ട്. ഒരു മണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ ഉപയോഗിക്കുന്നവർ ദീർഘ സമയത്തേക്ക് പാർക്കിങ് ഉപയോഗിക്കുന്നവരാണ്. കുറഞ്ഞ കാലയളവിലേക്ക് പാർക്കിങ് ആവശ്യമുള്ളവർക്ക് എസ്.എം.എസ്, ഷാർജ ഡിജിറ്റൽ ആപ്, പാർക്കിങ് ഫീ മെഷീനുകൾ എന്നിവ ഉപയോഗിച്ച് പണമടക്കാം. ദീർഘ സമയത്തേക്ക് പാർക്കിങ് ആവശ്യമുള്ളവർ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതിമാസ സബ്സ്ക്രിബ്ഷൻ ഫീസായി 166 ദിർഹവും പ്രതിവർഷ ഫീസായി 1700 ദിർഹവും അടക്കണം. അതേസമയം, വെള്ളിയാഴ്ചയും പൊതുഅവധി ദിനങ്ങളിലും സൗജന്യ പാർക്കിങ് അനുവദിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് യെല്ലോ സൈൻ ബോർഡുകൾ. അവധി ദിനങ്ങൾ ഉൾപ്പെടെ ആഴ്ചയിലുടനീളം പാർക്കിങ് ഫീസ് ഈടാക്കുമെന്ന് സൂചിപ്പിക്കുന്നതാണ് നീല സൂചന ബോർഡുകൾ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.