കുവൈത്തിൽ വാഹന കൈമാറ്റം എളുപ്പം; 'സഹേല്‍' ആപ്പ് വഴി 9 മണിക്കൂറിനിെട നടന്നത് 500 ഇടപാടുകൾ
കുവൈത്ത്‌സിറ്റി ∙ വാഹനങ്ങളുടെ കൈമാറ്റ റജിസ്‌ട്രേഷന്‍ 'സഹേല്‍' ആപ്പ് വഴി തുടങ്ങി ആദ്യ ഒൻപത് മണിക്കൂറിനിെടയില്‍ 500 ഇടപാടുകള്‍ നടന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് അഫയേഴ്‌സ് ആന്‍ഡ് ഓപ്പറേഷന്‍സ് സെക്ടര്‍ വ്യക്തമാക്കി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള സഹകരണം കൂടാതെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഇന്‍ഫോര്‍മേഷന്‍ , ഇന്‍ഷുറന്‍സ് റെഗുലേറ്ററി യൂണിറ്റ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് പുതിയ പരിഷ്‌ക്കാരം ഈ ആഴ്ച ആരംഭിച്ചതെന്ന് ടെക്‌നിക്കല്‍ ഓഫിസ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് അല്‍ അദ്വാനി പറഞ്ഞു.ആദ്യ ഘട്ടത്തില്‍ ഈ സേവനം സ്വകാര്യ കാറുകള്‍, മോട്ടോര്‍സൈക്കിളുകള്‍ എന്നീങ്ങനെയുള്ള ഗണത്തില്‍ മാത്രമേ ലഭ്യമാകു. കമ്പനികളുടെ പേരീലുള്ള വാഹനങ്ങള്‍ പ്രസ്തുത ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അഞ്ച് മാസത്തിലേറെ നീണ്ട പ്രയത്‌നത്തെ തുടര്‍ന്നാണ് ഈ നേട്ടമെന്നും ബ്രിഗേഡിയര്‍ ജനറല്‍ കൂട്ടിചേര്‍ത്തു. വാഹന കൈമാറ്റ പ്രക്രിയ എളുപ്പമാക്കുന്നതിന് ഒപ്പം, മന്ത്രാലയത്തിലേക്ക് സന്ദര്‍ശകരുടെ തിരക്ക് ഒഴിവാക്കാനും സാധിക്കുന്നതാണ് പുതിയ പരിഷ്‌ക്കാരം.
∙ വാഹന കൈമാറ്റം അപേക്ഷിക്കേണ്ട രീതി
സഹേല്‍ വഴി വാഹനം കൈമാറ്റം ചെയ്യാന്‍ ആഗ്രഹിക്കുന്നയാള്‍ ആപ്പിലെ ട്രാഫിക് വകുപ്പിന്റെ സര്‍വീസസ് വിഭാഗത്തില്‍ വാഹന നമ്പര്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന്, വാഹനം വാങ്ങുന്നയാളുടെ സിവില്‍ ഐഡി നല്‍കിയാല്‍ മന്ത്രാലയത്തിന്റെ അറിയിപ്പ് വാങ്ങുന്നയാള്‍ക്ക് ലഭിക്കും.ഇതിന് ശേഷം ഇന്‍ഷുറന്‍സ്, ഫീസ് അടയ്ക്കല്‍, വില്‍പനക്കാരന്‍ വാഹനത്തിന്റെ വില ലഭിച്ചുവെന്ന തെളിവ് സമര്‍പ്പിക്കല്‍ എന്നീ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. കുവൈത്ത് മൊബൈല്‍ ഐഡി വഴി ഇതിനെ അംഗീകരിക്കണം. അംഗീകാരത്തിന് ശേഷം ഇലക്ട്രോണിക് വാഹന ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാനുള്ള അറിയിപ്പ് ലഭിക്കും. പുതിയ വാഹന റജിസ്‌ട്രേഷന്‍ ഡിജിറ്റല്‍ വാലറ്റിലേക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.