കുവൈത്തിൽ ആഘോഷങ്ങൾ നടത്താൻ കടമ്പകളേറെ; ഓണാഘോഷത്തിനും 'മാറ്റ്' കുറയും
കുവൈത്ത്‌സിറ്റി ∙ ഓണാഘോഷങ്ങള്‍ വിപുലമായ രീതിയിലാണ് കുവൈത്തിൽ ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ മാസം ആദ്യവാരം തുടങ്ങി നവംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ഓണാഘോഷം. എന്നാല്‍ ഈ വര്‍ഷം ആഘോഷങ്ങള്‍ക്ക് മാറ്റ് കുറയും. പരിപാടികള്‍ നടത്താനുള്ള സ്ഥലസൗകര്യങ്ങളുടെ പരിമിതിയാണ് പ്രധാന കാരണം. മംഗഫ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ നിരീക്ഷണവും നടപടികളും ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയതും, അനുമതി ലഭിക്കാനുള്ള തടസങ്ങളും മറ്റൊരു കാരണമാണ്.മുൻപ്, പൊലീസ് അനുമതി മാത്രം മതിയാിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അതാത് ഗവര്‍ണറേറ്റുകളില്‍ നിന്നും അഗ്നിശമന വിഭാഗത്തിന്റെ കൂടി അനുമതി വേണം. നടത്തിപ്പുകാരായ സംഘടന ഭാരവാഹികളാണ് അനുമതി കരസ്ഥമാക്കേണ്ടത്. ഇത് സംഘടന ഭാരവാഹികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.മലയാളികളിലേറെയും താമസിക്കുന്ന അബ്ബാസിയ, സാല്‍മിയ, മംഗഫ്, ഫര്‍വാനിയ-റിഗയ് തുടങ്ങിയ മേഖലകളില്‍ ഫ്ലാറ്റുകളുടെ താഴത്തെ നിലകള്‍ (ബേസ്‌മെന്റുകള്‍), സ്‌കൂള്‍ ഓഡിറ്റോറിയങ്ങള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലുമായിരുന്നു മുന്‍പ് ഓണാഘോഷ പരിപാടികള്‍ നടത്തിയിരുന്നത്. ഫ്ലാറ്റുകളുടെ താഴത്തെ നിലകളിലെ ഹാളുകള്‍ അധികൃതര്‍ ഇപ്പോള്‍ അടപ്പിച്ചിരിക്കുകയാണ്. കോവിഡിനുശേഷം വലിയ ചില റസ്റ്ററന്റുകളും അടച്ചുപൂട്ടി. സ്‌കൂളുകള്‍ മാത്രമാണ് പരിപാടികള്‍ നടത്താന്‍ ഇപ്പോള്‍ ലഭ്യമാകുന്നത്. എന്നാല്‍ അതിനും ചില നിബന്ധനകളുണ്ട്. ചില സ്‌കൂള്‍ അധികാരികള്‍ ഓഡിറ്റോറിയങ്ങളില്‍ പരിപാടികള്‍ക്കുശേഷം ഭക്ഷണം വിളമ്പാന്‍ അനുവദിക്കുന്നില്ല. കബ്ദ്, ഖൈറാന്‍, വഫ്റ്രാ തുടങ്ങിയ ഷാലെകളില്‍ (റിസോര്‍ട്ടുകള്‍) പരിപാടികള്‍ നടത്താറുണ്ട്. എന്നാല്‍ ഇതിന് വലിയ ചെലവാണ് വരുന്നത്. സാധരണയായി, വ്യാഴാഴ്ച രാത്രി മുതല്‍ ശനിയാഴ്ച ഉച്ചവരെയാണ് ഓണാഘോഷ പരിപാടികള്‍ നടത്താറുള്ളത്. ചെറുതും വലതുമായ ഇരുനൂറിലധികം മലയാളി സംഘടനകള്‍ കുവൈത്തിലുണ്ട്. ആഴ്ചയില്‍ പത്തിലധികം വച്ച് നടത്തുകയാണ് പതിവ്. വിപുലമായ രീതിയില്‍ സംഘടനകള്‍ പൊതു രംഗത്തുള്ളവരെ കൂടാതെ മറ്റ് രാജ്യക്കാരെ ഒക്കെ വിളിച്ചാണ് നടത്താറുള്ളത്.ജില്ല-തല അസോസിയേഷനുകള്‍ കുടാതെ അംഗബലം കൂടുതലുള്ള പ്രമുഖ സംഘടനകള്‍ നടത്തുമ്പോള്‍ കഴിവതും കൂടുതല്‍ ആളുകള്‍ക്ക് സംബന്ധിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരിക്കുന്നത്. അതിനാലാണ് ഓണാഘോഷം രണ്ട് മാസത്തിലേറെ നീണ്ട് നില്‍ക്കുന്നത്.ഓണാഘോഷത്തോടൊപ്പം, ഇക്കാലയളില്‍ തന്നെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റുവലുകളും (ആദ്യഫല പെരുന്നാൾ) സംഘടിപ്പിക്കാറുണ്ട്. വിപുലമായ രീതിയില്‍ പുറത്ത് നടത്തുന്ന ഇവയ്ക്ക് 'പെര്‍മിഷന്‍' എന്ന വലിയ കടമ്പയാണ് മുന്നില്‍ നില്‍ക്കുന്നത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.