• Home
  • News
  • എയർ കേരളയ്ക്ക് 'പുതുജീവൻ', പ്രതീക്ഷയോടെ അല്‍ഹിന്ദ് എയർ;പ്രവാസികൾക്ക് കുറഞ്ഞ നിരക

എയർ കേരളയ്ക്ക് 'പുതുജീവൻ', പ്രതീക്ഷയോടെ അല്‍ഹിന്ദ് എയർ;പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ ഒരു 'വിമാനം'

ദുബായ് ∙ കേരളപ്പിറവിക്ക് മുന്‍പേ തന്നെ കടല്‍ കടന്ന പ്രവാസികള്‍ക്കായി കേരളത്തിന്റെ പേരിലൊരു വിമാനകമ്പനി അതായിരുന്നു ഉമ്മന്‍ ചാണ്ടി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിക്കപ്പെട്ട എയർകേരള. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുളള വിമാനകമ്പനി വരുന്നതോടെ ടിക്കറ്റ് നിരക്കിലെ വർധനവ് അടക്കം മലയാളി പ്രവാസി കളുടെ എക്കാലത്തെയും വലിയ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രശ്നമടക്കമുളള കാര്യങ്ങളില്‍ തട്ടി പറക്കും മുന്‍പേ എയർ കേരളയുടെ ചിറക് കരിഞ്ഞു.ടേക്ക് ഓഫിന് മുന്‍പേ തളർന്നുപോയ എയർ കേരളക്ക് പുതുജീവന്‍ പകർന്നാണ് സെറ്റ് ഫ്ളൈ ഏവിയേഷൻ എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം ആഴ്ചകൾക്ക് മുമ്പ് പ്രവർത്തനാനുമതി നൽകിയത്. നിലവില്‍ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കാനാണ് ഡിജിസിഎ അനുമതി നല്‍കിയിരിക്കുന്നത്. ഭാവിയില്‍ രാജ്യാന്തര സർവീസുകളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ നിരക്കില്‍ യാത്രയെന്നത് ലക്ഷ്യമിട്ട് അല്‍ഹിന്ദ് എയറും പറക്കാനൊരുങ്ങുകയാണ്. ഇന്ത്യയിലും വിദേശത്തും ഒട്ടേറെ എയർലൈനുകളുടെ ജനറല്‍ സെയില്‍സ് ഏജന്റ് കൂടിയായ അല്‍ ഹിന്ദ് ഗ്രൂപ്പ് 500 കോടി രൂപ നിക്ഷേപത്തോടെയാണ് വിമാനസർവീസ് ആരംഭിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതെന്നാണ് വിവരം. ഇനി യാഥാർഥ്യത്തിലേക്ക് വരാം.തുടക്കത്തിൽ ഇന്ത്യയിലെ രണ്ടാം നിര മൂന്നാം നിര ചെറു നഗരങ്ങളെ (ടൂ-ടയർ, ത്രീ-ടയർ സിറ്റികള്‍) ബന്ധിപ്പിച്ചുള്ള സർവീസുകളാണ് പുതു വിമാനകമ്പനികളുടെ ആദ്യ കടമ്പ. ഇതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുകയും രാജ്യാന്തര തലത്തില്‍ സർവീസ് വിപുലപ്പെടുത്തുകയും ചെയ്യുകയെന്നുളളതാണ് സ്വപ്നം. എന്നാല്‍  ഈ സ്വപ്നത്തില്‍ നിന്ന് യാഥാർഥ്യത്തിലേക്കുളള ദൂരം അത്ര ചെറുതല്ല. അതല്ലെങ്കില്‍ നഷ്ടം സഹിച്ചും സർവീസുകള്‍ നടത്താനുളള സാമ്പത്തിക ശേഷി ഉണ്ടായിരിക്കണം. ആഭ്യന്തര സർവീസ് എന്ന കടമ്പ ഒഴിവാക്കാന്‍ യുഎഇ ആസ്ഥാനമായി തുടങ്ങാമെന്ന് കരുതിയാലും എളുപ്പമല്ല. യുഎഇ - ഇന്ത്യ വ്യോമയാന കരാർ പ്രകാരം മാത്രമെ സർവീസ് നടത്താന്‍ സാധിക്കുകയുളളൂ. സീസണ്‍ സമയത്ത് സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചാല്‍ ടിക്കറ്റ് നിരക്ക് കുറയുമെന്നത് പ്രായോഗിക തലത്തില്‍ നടപ്പിലാകാതെ പോയതും  ഓരോ വിമാനകമ്പനികളും ഈ കരാർ അടിസ്ഥാനമാക്കി പ്രവർത്തിക്കണം എന്നുളളതുകൊണ്ടാണ്. യുഎഇയിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യന്‍ വിമാനങ്ങളും  തിരിച്ച് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന യുഎഇ വിമാനങ്ങളും തമ്മിലുളള അനുപാതം കൃത്യമായി പാലിച്ചേ മതിയാകൂ. നിലവില്‍ സർവീസ് നടത്തുന്ന വന്‍കിട വിമാനകമ്പനികള്‍ പുതിയ വിമാനകമ്പനികള്‍ക്കായി അവരുടെ സർവീസുകള്‍ വെട്ടിക്കുറയ്ക്കാനുളള സാധ്യത വിരളം.ആഭ്യന്തര സർവീസ് ഫലപ്രദമായി നടത്തി രാജ്യാന്തര സർവീസ് അനുമതി ലഭിച്ചാല്‍  എയർ ഇന്ത്യ മുതല്‍ എമിറേറ്റ്സും ഇത്തിഹാദും പോലുളള വന്‍കിട വിമാനകമ്പനികള്‍ തലങ്ങും വിലങ്ങും സർവീസ് നടത്തുന്ന യുഎഇ-ഇന്ത്യ സെക്ടറിലാണ് പുതിയ വിമാനകമ്പനികള്‍ക്ക് മികവ് തെളിയിച്ച് പിടിച്ചുനില്‍ക്കേണ്ടത്. ചെലവുകുറഞ്ഞ രീതിയില്‍ സർവീസ് നടത്തുകയെന്നുളളത് പ്രായോഗികമാണോയെന്നത് ആലോചിക്കേണ്ട വിഷയമാണ്. യാത്രാക്കാരെ കിട്ടുകയെന്നുളളതാകും ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ഈ മേഖലയെ സസൂക്ഷ്മം നിരീക്ഷിക്കുന്ന മാധ്യമപ്രവർത്തകനായ ജേക്കബ് കെ. ഫിലിപ്പ് പറയുന്നു. എയർ കേരളയുടെ ഏറ്റവും വലിയ വെല്ലുവിളി പേരുതന്നെയാണ്. ഒരു പ്രത്യേക സംസ്ഥാനത്തിനെന്ന രീതിയില്‍ പ്രഖ്യാപനം നടത്തി നടപ്പിലാക്കാനിരിക്കുമ്പോള്‍ യാത്രാക്കാരുണ്ടാകുമോ എന്നുളളതാണ് ചോദ്യം. കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ കണ്ണൂർ വിമാനത്താവളത്തിലേക്കുളള യാത്രാക്കാരുടെയും വിമാനങ്ങളുടെയും എണ്ണം നോക്കിയാല്‍ മാത്രം മതി കണക്കിലെ കളികളറിയാന്‍. വിമാനകമ്പനികള്‍ പ്രവർത്തിക്കുന്നത് തന്നെ രണ്ട് രീതിയിലാണ്. ആവശ്യം കൂടുമ്പോള്‍ നിരക്ക് കൂടുമെന്ന ലളിതമായ ചിന്തയില്‍ ആളുകള്‍ കുറവ് യാത്ര ചെയ്യുന്ന സമയത്ത് ടിക്കറ്റ് നിരക്ക് കുറവായിരിക്കുമെന്നതുകൂടി മനസിലാക്കേണ്ടതാണ്.  ഈ നഷ്ടം നികത്തുന്നത് ആളുകള്‍ കൂടുതല്‍ യാത്ര ചെയ്യുന്ന സീസണ്‍ സമയത്താണ്. യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ അവധി സമയത്തുളള ടിക്കറ്റ് നിരക്ക് വർധനവാണ് പ്രധാന പ്രശ്നമെന്നിരിക്കെ, മറ്റ് സമയങ്ങളില്‍ വരുന്ന നഷ്ടം ടിക്കറ്റ് നിരക്ക് ഉയർത്താതെ എങ്ങനെ അതിജീവിക്കാന്‍ പുതുവിമാനകമ്പനികള്‍ക്ക് എങ്ങനെ കഴിയുമെന്നതാണ് ചോദ്യം. ടിക്കറ്റ് നിരക്ക് കൂടുമ്പോള്‍ വൈകാരികമായി പ്രതികരിക്കുന്നവർ മറന്നുപോകുന്ന മറ്റൊരുകാര്യം, പല സമയങ്ങളിലും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ് എന്നുളളതാണ്. എല്ലാ സമയങ്ങളിലും ഒരേ ടിക്കറ്റ് നിരക്കെന്ന രീതിയില്‍ വിമാനകമ്പനികള്‍ മുന്നോട്ടുവന്നാലും സാധാരണക്കാർക്ക് അത് അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്നും ജേക്കബ് കെ. ഫിലിപ്പ് വിലയിരുത്തുന്നു.ഇന്ന് ലോകത്ത് ഏറ്റവും ചടുലമായതും മത്സരങ്ങള്‍ നിറഞ്ഞതുമായ തൊഴില്‍ മേഖലയാണ് വ്യോമയാനരംഗം. ഉയർന്ന് പറക്കാന്‍ ആഗ്രഹിച്ച് പാതി വഴിയില്‍ യാത്ര ഉപേക്ഷിച്ച എയർ കാർണിവൽ, എയർ പെഗാസസ്, എയർ കോസ്റ്റ ട്രൂജെറ്റ് തുടങ്ങിയ വിമാനകമ്പനികളുടെ പാളിച്ചകള്‍ പാഠമാകണം. ആകാശ് എയർ പോലുളള വിമാന കമ്പനികള്‍ വലിയ വിമാനങ്ങളില്‍ വന്‍കിട നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. അത്തരം പ്രവർത്തന രീതികള്‍ സാധ്യമാണോയെന്നതും അതിനുളള മൂലധനമുണ്ടോയെന്നുളളതും ചിന്തിക്കണം. വാഗ്ദാനങ്ങളോ സ്വപ്നങ്ങളോ മാത്രമായി വിമാനകമ്പനികള്‍ വിജയകരമായി നടത്തികൊണ്ടുപോവുക എളുപ്പമല്ല, അതിന് കൃത്യമായ പഠനങ്ങള്‍ നടക്കണം. മൂലധനമുള്‍പ്പടെ പ്രായോഗികമായ പരിഹാരമാർഗങ്ങളുണ്ടാകണം. ചുരുക്കത്തില്‍ ടിക്കറ്റ് നിരക്കിലെ വർധനവ് ഉള്‍പ്പടെ പ്രവാസികളുടെ എക്കാലത്തേയും വലിയ പ്രശ്നത്തിന് അത്ര എളുപ്പം പരിഹാരമുണ്ടാക്കാനാകില്ലെന്നുളള യാഥാർത്ഥ്യം ഉള്‍ക്കൊളളുകയെന്നുളളതാണ് സാധാരണ പ്രവാസിക്ക് മുന്നിലുളള വഴി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All