• Home
  • Sports
  • ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി 118 റണ്‍സിന്

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി 118 റണ്‍സിന്

ലണ്ടന്‍: ടീം എന്ന നിലയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ്ക്ക് തോല്‍വി. ഇതിഹാസ താരം അലസ്റ്റയര്‍ കുക്കിന്റെ വിരമിക്കല്‍ ടെസ്റ്റില്‍ 118 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. 464 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 345 റണ്‍സിന് പുറത്തായി. രണ്ടു വര്‍ഷത്തോളം നീണ്ട ഇടവേള്ക്കു ശേഷം സെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ലോകേഷ് രാഹുലിന്റെയും (149), റെക്കോര്‍ഡ് ബുക്കുകളില്‍ ഇടംപിടിച്ച പ്രകടനത്തോടെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ യുവതാരം ഋഷഭ് പന്തിന്റെയും (114) പ്രകടനങ്ങള്‍ നിറം ചാര്‍ത്തിയ ഇന്നിങ്‌സിനൊടുവിലാണ് ഓവലില്‍ ഇന്ത്യ തോല്‍വി സമ്മതിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് ഇംഗ്ലണ്ടിന് അടിയറവു വച്ചു.

അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ രഹാനെയും കെഎല്‍ രാഹുലും ഒരു പോറലു പോലും ഏല്‍പ്പിക്കാതെ കരകയറ്റുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സ്‌കോര്‍ 120ല്‍ നില്‍ക്കേ 37 റണ്‍സെടുത്ത രഹാനെയെ കീറ്റന്‍ ജെന്നിങ്‌സിന്റെ കൈകളിലെത്തിച്ച് മൊയീന്‍ അലി കൂട്ട്‌പൊളിച്ചു. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ നിര്‍ണായക സംഭാവന നല്‍കിയ ഹനുമ വിഹാരി ഇറങ്ങിയെങ്കിലും പക്ഷേ ഇത്തവണ താരത്തിന് തിളങ്ങാനായില്ല. സ്റ്റോക്‌സിന്റെ പന്തില്‍ കീപ്പര്‍ ബെയര്‍‌സ്റ്റോവിന് ക്യാച്ച് നല്‍കി സംപൂജ്യനായി മടങ്ങി. തുടര്‍ന്നാണ് ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സുഗമമായത്. കൂറ്റനടിക്കാരന്‍ റിഷഭ് പന്തുമായി കൂട്ടുകെട്ട് സ്ഥാപിച്ച് കെ എല്‍ രാഹുല്‍ പ്രകടനമികവ് ആവര്‍ത്തിച്ചു.

രണ്ടാം ഇന്നിങ്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ കെ എല്‍ രാഹുല്‍ -റിഷഭ് പന്ത് കൂട്ടുകുട്ടിലൂടെ അവിശ്വസനീയമായി തിരിച്ചുവന്ന ഇന്ത്യഒരു ഘട്ടത്തില്‍ ടോപ് ഗിയറിലായി. എന്നാല്‍ ഇരുവരെയും പുറത്താക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് വിജയത്തിലേക്കുള്ള പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 204 റണ്‍സാണ് ചേര്‍ത്തത്. തുടര്‍ന്ന് വന്ന ജഡേജ-പന്ത് കൂട്ടുകെട്ടില്‍ ഇന്ത്യ വിശ്വാസമര്‍പ്പിച്ചെങ്കിലും വീണ്ടും ആദില്‍ റഷീദ് വില്ലനായി. 114 റണ്‍സെടുത്ത പന്തിനെ റഷീദ് മൊയീന്‍ അലിയുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് വാലറ്റക്കാരോടൊപ്പം ഇന്ത്യയെ സമനിലയിലെത്തിക്കാമെന്ന് മോഹവുമായി ക്രീസില്‍ തുടര്‍ന്ന ജഡേജയ്ക്ക് പിന്തുണ നല്‍കാന്‍ ആരും തയ്യാറാവാത്തതോടെ അഞ്ചാം ടെസ്റ്റ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കേ ഇന്ത്യയ്ക്ക് നാലാം തോല്‍വി വഴങ്ങേണ്ടി വന്നു. ജഡേജ 13 റണ്‍സുമായി കളം വിട്ടപ്പോള്‍ ഇശാന്ത് ശര്‍മ (5),മുഹമ്മദ് ഷാമി (0) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സന്‍ മൂന്ന് വിക്കറ്റും സാം കുറാന്‍ ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

Recent Updates