മാഞ്ചസ‌്റ്റർ സിറ്റിക്ക‌് ഇംഗ്ലീഷ‌് പ്രീമിയർ ലീഗിൽ തോൽവി
ലണ്ടൻ: നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ‌്റ്റർ സിറ്റിക്ക‌് ഇംഗ്ലീഷ‌് പ്രീമിയർ ലീഗിൽ കാലിടറുന്നു. ലെസ‌്റ്റർ സിറ്റിയോട‌് സിറ്റി തോറ്റു. ഒന്നിനെതിരെ രണ്ട‌് ഗോളിനാണ‌് ലെസ‌്‌റ്റർ പെപ‌് ഗ്വാർഡിയോളയുടെ സംഘത്തെ വീഴ‌്ത്തിയത‌്. സിറ്റിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത‌്. ഇതോടെ സിറ്റി മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഒന്നാമതുള്ള ലിവർപൂളുമായുള്ള അന്തരം ഏഴ‌് പോയിന്റായി കൂടുകയുംചെയ‌്തു.ബെർണാഡ‌് സിൽവയുടെ ഗോളിൽ മുന്നിലെത്തിയ സിറ്റിയെ മിനിറ്റുകൾക്കുള്ളിൽ ആൾബ്രൈറ്റണിലൂടെ ലെസ‌്റ്റർ തളച്ചു. രണ്ടാംപകുതിയിൽ റിക്കാർഡോ പെരേരയുടെ തകർപ്പൻ ലോങ‌് റേഞ്ച‌് ഷോട്ട‌് ലെസ‌്റ്ററിന‌് ജയവുമൊരുക്കി. അവസാന നിമിഷം ഫാബിയൻ ഡെൽഫ‌് ചുവപ്പുകാർഡ‌് കണ്ട‌് പുറത്തായതോടെ സിറ്റിയുടെ തകർച്ച പൂർണമായി.