• Home
  • Sports
  • പുതുവര്‍ഷത്തിലും നേട്ടങ്ങളുടെ പട്ടികയുമായി കോലി ; അക്കൗണ്ടില
kohli

പുതുവര്‍ഷത്തിലും നേട്ടങ്ങളുടെ പട്ടികയുമായി കോലി ; അക്കൗണ്ടില്‍ മറ്റൊരു റെക്കോഡ് കൂടി

ഇന്‍ഡോര്‍ : ബാറ്റിങ് റെക്കോഡുകള്‍ ഓരോന്നായി സ്വന്തമാക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ശീലത്തിന് പുതുവര്‍ഷത്തിലും യാതൊരു മാറ്റവും വന്നിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരം അവസാനിച്ചപ്പോള്‍ മറ്റൊരു റെക്കോഡ് നേട്ടത്തില്‍ കൂടി ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരുപതിഞ്ഞു.

ലങ്കയ്‌ക്കെതിരേ 17 പന്തില്‍ 30 റണ്‍സടിച്ച് പുറത്താകാതെ നിന്ന കോലി രാജ്യാന്തര ട്വന്റി 20-യില്‍ നായകനെന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് തികയ്ക്കുന്ന താരമായി. ക്യാപ്റ്റനായുള്ള തന്റെ 30-ാം ഇന്നിങ്‌സിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. 31 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാസ് ഡൂപ്ലെസിയുടെ റെക്കോഡാണ് കോലി മറികടന്നത്.

നായകനെന്ന നിലയില്‍ കോലിയുടെ അക്കൗണ്ടിലിപ്പോള്‍ 1,006 റണ്‍സുണ്ട്. ഇതോടൊപ്പം രോഹിത് ശര്‍മയെ പിന്നിലാക്കി രാജ്യാന്തര ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന നേട്ടവും കോലി സ്വന്തമാക്കി. 71 ഇന്നിങ്‌സുകളില്‍ നിന്ന് 2,663 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 96 ഇന്നിങ്‌സുകള്‍ കളിച്ച രോഹിത്തിന്റെ അക്കൗണ്ടിലുള്ളത് 2,633 റണ്‍സും.

അതേസമയം രാജ്യാന്തര ട്വന്റി 20-യില്‍ 1,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനാണ് കോലി. 57 ഇന്നിങ്‌സുകളില്‍ നിന്ന് 1,000 തികച്ച എം.എസ് ധോനിയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍. നിലവില്‍ ട്വന്റി 20 നായകന്മാരിലെ റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്താണ് കോലി. ഫാസ് ഡൂപ്ലെസി (1,273), എം.എസ് ധോനി (1,112), കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (1,083), ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (1,013) എന്നിവരാണ് ഇക്കാര്യത്തില്‍ കോലിക്ക് മുന്നിലുള്ളവര്‍.

Recent Updates

Related News