പ്രവാസികൾക്ക് വിനയാകുന്ന ‘ഓവർ ക്രൗഡഡ്’; ദുബായിൽ താമസിക്കുന്നവർ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം
ദുബായ്∙ ദുബായില്‍ ജോലി തേടിയും നഗരം കാണാനുമെല്ലാമായി നിരവധി ആളുകളാണ് ദിവസേന എത്താറുളളത്. ജോലി തേടിയെത്തുന്നവർ പലപ്പോഴും താമസ സൗകര്യത്തിനായി ഇവിടെയുളള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആശ്രയിക്കാറാണ് പതിവ്. വാടക ഇനത്തില്‍ വരുന്ന ഭീമമായ തുക ഒഴിവാക്കാന്‍ വില്ലകളിലും അപാർട്മെന്‍റുകളിലും ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കാറുമുണ്ട്.നിരവധി തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ജീവനക്കാർക്ക് താമസിക്കാനായി ലേബർ ക്യാംപുകള്‍ ഒരുക്കാറുണ്ട്. തൊഴിലാളികള്‍ക്കും കുടുംബമായി താമസിക്കുന്നവർക്കുമുള്‍പ്പടെ ഇക്കാര്യത്തില്‍ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകള്‍ നല്‍കിയിട്ടുണ്ട്. ദുബായിലെ വില്ലകളിലും അപാർട്മെന്‍റുകളിലും ഒരാള്‍ക്ക് 5 ചതുരശ്രമീറ്റർ എന്ന കണക്കില്‍ ഇടമൊരുക്കണം.ഈ സ്ഥലപരിമിതിയ്ക്കുളളില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്നുണ്ടെങ്കില്‍ അത് ഓവർ ക്രൗഡഡ് അതായത് ജനബാഹുല്യമായി കണക്കാക്കുമെന്നാണ് ദുബായ് ലാന്‍ഡ് ഡിപാർട്മെന്‍റ് അറിയിക്കുന്നത്. ദുബായ് മുനിസിപ്പിലാറ്റിയുടെ കണക്ക് പ്രകാരം താമസത്തിനോ മുറി പങ്കുവയ്ക്കുന്നതിനോ ഒരു വ്യക്തിക്ക് ഏറ്റവും കുറഞ്ഞത് 5 ചതുരശ്രമീറ്റർ സ്ഥലം ഉണ്ടായിരിക്കണം.ചില താമസ മേഖലകള്‍ കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ മാത്രമായി നല്‍കിയ സ്ഥലങ്ങളാണ്.ഇവിടെ ബാച്ചിലേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒറ്റയ്ക്ക് താമസിക്കുന്നവരെ അനുവദിക്കുകയില്ല. ഒരു കുടുംബത്തിന് അല്ലെങ്കില്‍ വ്യക്തിക്ക് വാടകയ്ക്ക് നല്‍കിയ ഇടങ്ങളില്‍ കൂടുതല്‍ പേരെ താമസിപ്പിച്ചാലും പിഴ ഉള്‍പ്പടെയുളള നടപടികളുണ്ടാകും. അധികൃതരുടെ കൃത്യമായ പരിശോധനകള്‍ മിക്ക താമസ ഇടങ്ങളിലും നടക്കാറുമുണ്ട്. മുറി പങ്കുവയ്ക്കുന്നതിനും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ ഉണ്ട്.ലേബർ ക്യാംപുകള്‍ ഉള്‍പ്പടെയുളള ജോലി സംബന്ധമായ താമസ ഇടങ്ങളില്‍ ഒരാള്‍ക്ക് 3.7 ചതുരശ്രമീറ്ററാണ് നല്‍കേണ്ടത്. ഇതില്‍ കുറഞ്ഞ സ്ഥലത്ത് ജോലിക്കാരെ പാർപ്പിക്കരുത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്ന നിയമലംഘനങ്ങള്‍ വർദ്ധിച്ച പശ്ചാത്തലത്തിലാണ് നിർദ്ദേശങ്ങള്‍ കർശനമാക്കുന്നത്. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് പിഴയും വിലക്കുമുണ്ടാകും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.