• Home
  • News
  • ഒമാൻ ദേശീയദിനാഘോഷ നിറവിൽ

ഒമാൻ ദേശീയദിനാഘോഷ നിറവിൽ

മസ്‌കത്ത് : സുല്‍ത്താനേറ്റിന് ഇന്ന് 53–ാം ദേശീയദിനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് അഭിവാദ്യങ്ങളര്‍പ്പിച്ച് രാജ്യം ദേശീയദിനത്തെ വരേവേറ്റു. പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദേശീയദിനാഘോഷം ഇത്തവണ സൈനിക പരേഡും പതാക ഉയര്‍ത്തലും മാത്രമായി ഒമാന്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റു ആഘോഷ പരിപാടികള്‍ക്കെല്ലാം നിയന്ത്രണങ്ങളുണ്ട്.

എല്ലാ മേഖലകളിലും മുന്നേറ്റം സാധ്യമാക്കിയാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ വിദഗ്ധ നേതൃത്വത്തില്‍ രാജ്യം നേട്ടങ്ങള്‍ കൈവരിച്ച് മുന്നേറുന്നത്.

കൗണ്‍സില്‍ ഓഫ് ഒമാന്റെ എട്ടാം കാലയളവിലെ പ്രഥമ വാര്‍ഷിക യോഗത്തില്‍ സുല്‍ത്താന്റെ പ്രസംഗം, ഭാവിയിലെ പുതിയ സമീപം വരച്ചുകാട്ടുന്നതായിരുന്നു. പൗരന്മാര്‍ക്ക് പ്രയോജനപ്പെടുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള സമീപനങ്ങള്‍ നടപ്പാക്കുന്നതിലാണ് പ്രധാനമായും ഊന്നുക.

സമഗ്രമായ വികസന ജൈത്രയാത്ര ലക്ഷ്യമിട്ടുള്ള ദിശകളും നയങ്ങളും ഒമാന്‍ രൂപപ്പെടുത്തും. രാഷ്ട്ര താത്പര്യം പരമമായി കണ്ട് ഐക്യത്തോടെയുള്ള ശ്രമങ്ങളും നീക്കങ്ങളുമാണ് വേണ്ടതെന്നും സുല്‍ത്താന്റെ പ്രസംഗം അടിവരയിടുന്നു. വികസന സുസ്ഥിരത സംരക്ഷിക്കുയും രാജ്യത്തിന്റെ നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കുകയും വേണം.

ഈയടുത്ത് അവതരിപ്പിച്ച സാമൂഹിക സുരക്ഷാ സംവിധാനം സമഗ്രമായ രീതിയില്‍ നടപ്പാക്കുമെന്ന് സുല്‍ത്താന്‍ കഴിഞ്ഞ ദിവസം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇതിലൂടെ സമൂഹത്തിലെ എല്ലാവര്‍ക്കും അന്തസ്സാര്‍ന്ന ജീവിതം ഉറപ്പുവരുത്താനാകും. ഇതുപ്രകാരമുള്ള സാമൂഹിക സുരക്ഷാ നിധി പുതുവത്സര സമ്മാനമായി ജനുവരിയില്‍ യാഥാര്‍ഥ്യമാകും.

മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, അനാഥർ, വിധവകള്‍ തുടങ്ങിയവര്‍ക്ക് നിശ്ചിത തുക ലഭിക്കുന്നതാണിത്. കുടുംബ വരുമാന സഹായം, സാമൂഹ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍, തൊഴില്‍ സുരക്ഷ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.

ഒമാന്‍ വിഷന്‍ 2040 ഉം വിദ്യാഭ്യാസത്തിനും പഠനത്തിനും ഗവേഷണത്തിനും ദേശീയ നൈപുണ്യത്തിനും മുഖ്യസ്ഥാനം നല്‍കുന്നു. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനക്കും മത്സരാധിഷ്ഠിത ദേശീയ മനുഷ്യ വിഭവത്തിനും ഇത് മുതല്‍ക്കൂട്ടാകും. ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണ് കഴിഞ്ഞ മേയ് മാസം സ്‌കൂള്‍ വിദ്യാഭ്യാസ നിയമം കൊണ്ടുവന്നത്.

രാജ്യത്തെ യുവസമൂഹത്തെ ലക്ഷ്യമിട്ട്, സംയോജിത സ്‌പോര്‍ട്‌സ് സിറ്റി സ്ഥാപിക്കാന്‍ സുല്‍ത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. ദേശീയ, മേഖല, രാജ്യാന്തര തലത്തിലുള്ള ടൂര്‍ണമെന്റുകളുടെയും മത്സരങ്ങളുടെയും വേദിയാകാന്‍ പര്യാപ്തമാകുന്ന തരത്തിലാണ് സിറ്റിയുടെ നിര്‍മാണം. എല്ലാ തരത്തിലുള്ള തൊഴിലുകള്‍ ചെയ്യാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ശരിയായ അന്തരീക്ഷം രൂപപ്പെടുത്താനും സുല്‍ത്താന്‍ നിര്‍ദേശിച്ചു.

സൈനിക പരേഡ് ആദമില്‍
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സൈനിക പരേഡ് ഇന്ന് ദാഖിലിയ ഗവര്‍ണറേറ്റിലെ ആദമില്‍ നടക്കും. ആദം എയര്‍ ബേസിലെ മിലിട്ടറി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സല്യൂട്ട് സ്വീകരിക്കും. റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സ്, റോയല്‍ നേവി ഓഫ് ഒമാന്‍, റോയല്‍ ഗാര്‍ഡ് ഓഫ് ഒമാന്‍, സുല്‍ത്താന്റെ പ്രത്യേക സേന, റോയല്‍ ഒമാന്‍ പൊലീസ്, റോയല്‍ കോര്‍ട്ട് അഫേഴ്‌സ്, റോയല്‍ കാവല്‍റി, റോയല്‍ ഗാര്‍ഡ് കാവല്‍റി ഓഫ് ഒമാന്‍ വിഭാഗങ്ങള്‍ പങ്കെടുക്കും.

പാര്‍ക്കിങ് നിയന്ത്രണം

ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ആദം വിലായത്തിലെ ചില ഭാഗങ്ങളില്‍ ഇന്ന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹിസ്‌ന് അല്‍ ശുമുഖ് അല്‍ ആമിര്‍ മുതല്‍ ആദം എയര്‍ബേസ് വരെയുള്ള പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു. ഡ്രൈവര്‍മാര്‍ ഗതാഗത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും പൊതുതാത്പര്യങ്ങള്‍ക്കായി പൊലീസുകാരുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All