വിനോദസഞ്ചാരം ഊർജിതമാക്കാൻ ദുബായ്; തുറന്നു 7,711 പുതിയ ഹോട്ടൽ മുറികൾ
ദുബായ് ∙ ഹോട്ടലുകളുടെ സുവർണ നഗരമായി ദുബായ്. 7,711 പുതിയ ഹോട്ടൽ മുറികളാണ് എമിറേറ്റിൽ തുറന്നത്. വിനോദസഞ്ചാരം ഊർജിതമാക്കുന്നതോടൊപ്പം ഹോട്ടൽ വ്യവസായവും ശക്തിപ്പെടുന്നത് ദുബായുടെ കുതിപ്പ് വ്യക്തമാക്കുന്നു. 2022 ജൂലൈ മുതൽ 2023 ജൂലൈ വരെയുള്ള കാലയളവിലാണ് ഇത്രയും ഹോട്ടൽമുറികൾ ഒരുങ്ങിയതെന്ന് ദുബായ് സാമ്പത്തിക വിനോദസഞ്ചാര വിഭാഗം അറിയിച്ചു. 40 പുതിയ ഹോട്ടലുകളാണ് തുറന്നത്.
പുതുതായി തുറന്നവയിൽ 9 സ്ഥാപനങ്ങൾ പഞ്ചനക്ഷത്ര പദവി സ്വന്തമാക്കി. ഫൈവ് സ്റ്റാർ മുദ്രയുള്ള 3,100 ഹോട്ടൽമുറികളും ഇതിൽ ഉൾപ്പെടും. ഇതോടെ ദുബായിലെ മൊത്തം ഹോട്ടൽ മുറികളിൽ 34.5% പഞ്ചനക്ഷത്ര പദവിയുള്ളതായി മാറി. ചതുർനക്ഷത്ര പദവി നേടിയ 6 ഹോട്ടലുകളിലായി 1,300 മുറികളുണ്ട്. ഈ ശ്രേണിയിൽ 28.4% മുറികളായി. 813 ത്രീസ്റ്റാർ ഹോട്ടലുകളിലായി 1.4 ലക്ഷം മുറികളുണ്ട്. മൊത്തം താമസ മുറികളുടെ 20% വരുമിത്.
ഈ വർഷം ജൂലൈ വരെ 90.83 ലക്ഷം വിനോദസഞ്ചാരികൾ ദുബായിലെത്തി. 2022നെക്കാൾ 21% വർധന. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 80.1 ലക്ഷം പേരാണ് എത്തിയത്. 2019 ജൂലൈ വരെ 90.58 ലക്ഷം വിനോദസഞ്ചാരികൾ എത്തി. ആ കാലവുമായി താരതമ്യം ചെയ്യുമ്പോൾ 2% വർധനയുണ്ട്. ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങൾ, വ്യവസായത്തിനും താമസത്തിനുമുള്ള സൗകര്യം, ലളിത വീസ നടപടിക്രമങ്ങൾ, ദീർഘകാല ഗോൾഡൻ വീസ, റിമോട്ട് വർക്ക് വീസ തുടങ്ങിയ സൗകര്യങ്ങളാണ് യുഎഇയിലേക്ക് ഒട്ടേറെപ്പേരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.