നബിദിനം, ഒമാൻ ഒരുങ്ങി ആഘോഷത്തിൽ
മസ്കത്ത് : നബിദിനത്തെ വരവേൽക്കാൻ ഒമാൻ ഒരുങ്ങി. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്. ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയം മുഹമ്മദ് നബിയുടെ ജീവിത സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി പ്രഭാഷണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വിവിധ മസ്ജിദുകൾ കേന്ദ്രീകരിച്ചും സന്ദേശ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ മറ്റ് നിരവധി പരിപാടികളും നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
നബിദിനം ഏറെ ഭംഗിയായി ആഘോഷിക്കുന്നത് മലയാളികളാണ്. മദ്റസകൾ കേന്ദ്രീകരിച്ചാണ് പരിപാടികൾ നടക്കുന്നത്. ഒമാനിലെ ഏതാണ്ടെല്ലാ മദ്റസകളിലും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ വിവിധ കലാപരിപാടികളാണ് ഇതിൽ പ്രധാനപ്പെട്ടത്. ദഫ്, കോൽക്കളി, ഗാനങ്ങൾ തുടങ്ങിയ പരിപാടികൾ വിദ്യാർഥികൾ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ പരിശീലനം നേരത്തെതന്നെ ആരംഭിച്ചിരുന്നു. വിവിധ മദ്റസകളിൽ നടക്കുന്ന പരിപാടികളിൽ രക്ഷിതാക്കളും സജീവമായി പങ്കെടുക്കും. ഇവർക്കായി പൊതുസമ്മേളനങ്ങളും നടത്തുന്നുണ്ട്. നബിദിനമായ വ്യാഴാഴ്ച രാവിലെ മദ്റസകളിലും വീടുകളിലും ഫ്ലാറ്റുകളിലും മൗലീദ് പാരായണവും നടക്കും.
നബിദിനത്തോടനുബന്ധിച്ച് ഏറ്റവും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത് മസ്കത്ത് സുന്നി സെന്ററാണ്. ‘തിരുനബി: സ്നേഹം, സമത്വം, സഹിഷ്ണുത’ തലക്കെട്ടിൽ ഈ വർഷം കാമ്പയിൻ നടക്കുന്നുണ്ട്.
കാമ്പയിനിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മസ്കത്ത് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ചെയർമാൻ യൂസുഫ് മൗലവിയാണ് നിർവഹിച്ചത്. മുഹമ്മദലി ഫൈസി വിഷയം അവതരിപ്പിച്ചു. കാമ്പയിനിന്റെ ഭാഗമായി കുടുംബസംഗമം അടക്കമുള്ള പരിപാടികൾ നടന്നിരുന്നു. വാദീ കബീർ, മത്ര കോർണീഷ്, വാദീ അദൈ എന്നിവിടങ്ങളിൽ പൊതു പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കാമ്പയിനിന്റെ ഭാഗമായി റൂവി അൽ ഫലാജ് ഗ്രാൻഡ് ഹാളിൽ വെള്ളിയാഴ്ച പൊതുപരിപാടി നടക്കും.
വൈകീട്ട് മൂന്ന് മുതലാണ് കുട്ടികളുടെ കലാപരിപാടികൾ. സുന്നി സെന്റർ മദ്റസ, അൽ ബിർ പ്രീ സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാർഥികൾ ദഫ്, ഫ്ലവർ ഷോ, പ്രസംഗം, ഗാനങ്ങൾ തുടങ്ങിയ കലാപരിപാടികൾ നടത്തും. രാത്രി ഒമ്പതിന് പൊതുസമ്മേളനവും നടത്തും.
നബിദിന അവധി വ്യാഴാഴ്ചയായതിനാൽ നിരവധി പേർ നാട്ടിലും അയൽ രാജ്യങ്ങളിലും അവധി ആഘോഷിക്കാൻ പോവുന്നുണ്ട്. നബിദിന അവധിക്കൊപ്പം ഏതാനും ദിവസം അധിക അവധിയെടുത്ത് നാട്ടിൽ പോവുന്നവരും നിരവധിയാണ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.