ഇന്ത്യൻ എംബസി ഇടപെട്ടു, ‘ബിഎഡ് വ്യാജ’മെന്ന് കണ്ടെത്തിയ മലയാളി അധ്യാപിക അടക്കമുള്ളവർക്ക് മോചനം
ബഹ്‌റൈൻ മന്ത്രാലയത്തിലെ പരിശോധനയിൽ ബി എഡ് സർട്ടിഫിക്കറ്റ് വ്യാജം എന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി അധ്യാപിക അടക്കമുള്ളവർ ഇന്ത്യൻ എംബസിയുടേയും മന്ത്രാലയങ്ങളുടെയും ഇടപെടലിനെ തുടർന്ന് മോചിതരായി. വർഷങ്ങൾക്ക് മുൻപ് അംഗീകാരമുള്ള അക്കാദമി വഴി കറസ്പോണ്ടൻസ് ആയി നേടിയ സർട്ടിഫിക്കറ്റ് ബഹ്‌റൈൻ മന്ത്രാലയം നിർദേശിക്കപ്പെട്ട പരിശോധനാ സംവിധാനമായ ക്വാഡ്രാബേയിൽ അപ് ലോഡ് ചെയ്തപ്പോഴാണ് അംഗീകാരമില്ലാത്തതാണെന്ന് കണ്ടെത്തി വ്യാജ സർട്ടിഫിക്കറ്റുകളുടെ ഗണത്തിൽപ്പെടുത്തിയത്.
തുടർന്ന് സമാന രീതിയിൽ തഴയപ്പെട്ട സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച നിരവധി അധ്യാപകരെ അറസ്റ്റ് ചെയ്യുകയുണ്ടായി. എന്നാൽ മുൻപ് ഇന്ത്യാ ഗവർമെന്റിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകിയ സ്‌ഥാപനങ്ങൾ ചില രാജ്യങ്ങൾ അംഗീകാരമില്ലാത്ത സ്‌ഥാപനങ്ങളുടെ പട്ടികയിൽപ്പെടുത്തുകയായിരുന്നു എന്നും ഇക്കാര്യത്തിൽ ഉദ്യോഗാർഥികൾ നിരപരാധകൾ ആണെന്നുമുളള കാര്യങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇവരെ മോചിപ്പിച്ചത്.
പ്രശ്നത്തിൽ ഇന്ത്യൻ എംബസി ഉടൻ തന്നെ ഇടപെടുകയും ബഹ്‌റൈൻ അധികൃതരെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തതോടെ അധ്യാപകരുടെ മോചനം സാധ്യമാവുകയായിരുന്നു. വിഷയത്തിൽ ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിനും എംബസിക്കും കത്തുകൾ അയക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട അധ്യാപകർക്ക് എതിരെ ഒരു കേസും നിലവിൽ ഉണ്ടാവില്ലെന്നും അധികൃതർ മോചിതരായവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
വർഷങ്ങളായി മികച്ച അധ്യാപികയായി സേവനം അനുഷ്ഠിച്ചുവന്നിരുന്ന അധ്യാപികയുടെ അറസ്റ്റ് സഹ അധ്യാപകരേയും വിദ്യാർഥികളേയും വലിയ ആശങ്കയിലാഴ്ത്തിയിരുന്നു. തങ്ങളുടെ മോചനത്തിന് വേണ്ടി എല്ലാ പ്രവർത്തനങ്ങളും നടത്തിയ ഇന്ത്യൻ എംബസിക്കും സംഘടനകൾക്കും മന്ത്രാലയത്തിനും അധ്യാപകർ നന്ദി പറഞ്ഞു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.