ബഹ്റൈനിലെ കത്തുന്ന വേനൽച്ചൂടിൽ കൂർക്ക മുതൽ കരിമ്പ് വരെ കൃഷി ചെയ്ത് മലയാളി; എംബസിയിലെ ജോലിക്കിടയിലെ കർഷകമനസ്സ്
♦വർഷങ്ങൾക്കു മുൻപ് മാഹൂസിലെ വില്ലയിലെ പറമ്പിലാണ് ആദ്യമായി പരീക്ഷണാർഥം കരിമ്പിൻ തൈ നട്ടത്
♦കടുത്ത വേനലിലും തലയെടുപ്പോടെ നിൽക്കുന്ന കരിമ്പിനു നല്ല മധുരമുണ്ടെന്ന് സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. ഹോളണ്ടിൽനിന്നു കൊണ്ടുവന്ന ഞാവലിൽനിന്നും ഇപ്പോൾ വിളവെടുത്തു തുടങ്ങി
മനാമ ∙ കത്തുന്ന വേനൽച്ചൂടിലും നാട്ടിലെ പച്ചപ്പിനെ ഓർമിപ്പിക്കും വിധത്തിൽ ബഹ്‌റൈനിലെ വീട്ടുവളപ്പിൽ കരിമ്പും മറ്റു കാർഷിക ഫലങ്ങളും വിളയിച്ച് ആനന്ദം കണ്ടെത്തുകയാണ് ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി. മലപ്പുറം വെളിയങ്കോട് സ്വദേശിയായ ഇദ്ദേഹം 38 വർഷം മുൻപാണ് ബഹ്‌റൈനിലെത്തിയത്. ആദ്യ 10 വർഷം ബഹ്‌റൈനിലെ തുനീസിയൻ എംബസിയിൽ ജോലി ചെയ്തു. അതിനു ശേഷം ഈജിപ്ഷ്യൻ എംബസിയിലാണ് ജോലി ചെയ്യുന്നത്. അതിനിടയിൽ കിട്ടുന്ന ഒഴിവുവേളകളിലാണ് സാമൂഹിക പ്രവർത്തനവും കാർഷിക പ്രവർത്തനങ്ങളും നടത്തിവരുന്നത് .
വർഷങ്ങൾക്കു മുൻപ് മാഹൂസിലെ വില്ലയിലെ പറമ്പിലാണ് ആദ്യമായി പരീക്ഷണാർഥം കരിമ്പിൻ തൈ നട്ടത്. പാകമായ കരിമ്പിൻ തണ്ട് ഇതിനോടകം പല തവണ വിളവെടുത്ത് സുഹൃത്തുകൾക്കു വിതരണം ചെയ്തു. ഒരു ചുവട് കരിമ്പിൽനിന്നു പത്തോ ഇരുപതോ മുളകൾ ഉണ്ടാവുന്നതാണ് ഇതിന്റെ വളർച്ചാ രീതിയെന്ന് ബഷീർ പറഞ്ഞു. കടുത്ത വേനലിലും തലയെടുപ്പോടെ നിൽക്കുന്ന കരിമ്പിനു നല്ല മധുരമുണ്ടെന്ന് സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. ഹോളണ്ടിൽനിന്നു കൊണ്ടുവന്ന ഞാവലിൽനിന്നും ഇപ്പോൾ വിളവെടുത്തു തുടങ്ങി.
ചാണകവും വെള്ളവും ചേർത്ത് നൽകുന്നതുൾപ്പെടെ ചെറിയ പരിചരണം ഇവയ്‌ക്കെല്ലാം നൽകുന്നുണ്ടെന്നും ബഷീർ പറഞ്ഞു. പനിക്കൂർക്ക, നേന്ത്രവാഴ, തക്കാളി, മാവ് തുടങ്ങിയവയും ബഷീറിന്റെ പറമ്പിൽ പച്ച പിടിച്ചു നിൽക്കുന്നു. പനിക്കൂർക്ക പോലുള്ളവ കുട്ടികൾ ഉള്ള കുടുംബങ്ങളിലേക്കും മറ്റ് ആവശ്യക്കാർക്കും സൗജന്യമായി നൽകുകയാണ് പതിവ്.
സാമൂഹിക പ്രവർത്തനത്തിന് ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് അവാർഡ് അടക്കം അംഗീകാരങ്ങൾ സ്വീകരിച്ചിട്ടുള്ള ബഷീറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം എന്ന കൂട്ടായ്മ കോവിഡ് 19 കാലത്ത് പ്രവാസികൾക്കായി ചാർട്ടർ വിമാനം അടക്കം ഏർപ്പെടുത്തി സാമൂഹിക പ്രവർത്തന രംഗത്ത് വലിയ ഇടപെടലുകൾ നടത്തിയിരുന്നു. ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം രക്ഷാധികാരി കൂടിയായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വേനൽക്കാലത്ത് നടത്തിവരുന്ന കുടിവെള്ള വിതരണം ഇപ്പോൾ ഒൻപതാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.
മക്കളായ നാദിർ, നബീൽ എന്നിവരും ഭാര്യ നസീറയുമാണ് ബഷീറിന് സാമൂഹിക പ്രവർത്തന രംഗത്തും കാർഷിക രംഗത്തും പിന്തുണ. കെ. കരുണാകരന്റെ കാലം തൊട്ടു കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമായ ബഷീർ കെ. മുരളീധരന്റെ ഉറച്ച അനുയായി കൂടിയാണ്. ബഹ്‌റൈനിൽ വലിയ ഒരു സൗഹൃദ വലയം തന്നെയുള്ള ഇദ്ദേഹം തന്റെ കൃഷിയിടത്തിൽ എത്തുന്നവരെ ഒരു കരിമ്പിൻതുണ്ടെങ്കിലും നൽകാതെ മടക്കി അയയ്ക്കാറില്ല.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.