ആറ് വർഷമായി ദുബായ് ജയിലിൽ കഴിയുന്ന അച്ഛനെ ഒരുനോക്കു കാണണമെന്ന് മകൾ; ആഗ്രഹം നിറവേറ്റി ദുബായ് പൊലീസ്
♦ആറു വർഷം മുമ്പ് ജോലി അന്വേഷിച്ച് നാടുവിട്ട് യുഎഇയിലെത്തിയ പിതാവിനെ അതിനു ശേഷം യുവതി കണ്ടിട്ടില്ലായിരുന്നു
♦യുഎഇയിലെത്തിയ യുവതി ജന്മദിനത്തിൽ പിതാവിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ദുബായ് പൊലീസിനെ ബന്ധപ്പെടുകയായിരുന്നു
ദുബായ്∙ തന്‍റെ ജന്മദിനത്തിൽ, ജയിലിൽ കഴിയുന്ന പിതാവിനെ കാണണമെന്ന യുവതിയുടെ ആഗ്രഹം ദുബായ് പൊലീസ് നിറവേറ്റി. യുഎഇയിലെത്തിയ യുവതി ജന്മദിനത്തിൽ പിതാവിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ദുബായ് പൊലീസിനെ ബന്ധപ്പെടുകയായിരുന്നെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്യൂണിറ്റീവ് ആൻഡ് കറക്‌ഷനൽ എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ ബ്രി. മർവാൻ അബ്ദുൽകരീം ജൽഫർ പറഞ്ഞു.
ആറു വർഷം മുമ്പ് ജോലി അന്വേഷിച്ച് നാടുവിട്ട് യുഎഇയിലെത്തിയ പിതാവിനെ അതിനു ശേഷം യുവതി കണ്ടിട്ടില്ലായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളിൽപെട്ട് തടവിലായതോടെ അദ്ദേഹത്തിനു കുടുംബവുമായുള്ള ബന്ധം മുറിഞ്ഞു. കോവിഡിനെത്തുടർന്ന് ജയിലിൽ സന്ദർശകർക്കു വിലക്കുണ്ടായിരുന്നെന്ന് ബ്രി. ജൽഫർ പറഞ്ഞു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്യൂണിറ്റീവ് ആൻഡ് കറക്‌ഷനൽ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം വിഷ്വൽ കമ്യൂണിക്കേഷൻ രീതികളിലേക്ക് മാറുകയും ചെയ്തു. രാജ്യത്തിനകത്തായാലും പുറത്തായാലും തടവുകാർക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ കഴിയും. ഈ സമീപനം ജയിൽ അന്തരീക്ഷത്തെ മെച്ചപ്പെടുത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.
മകളുടെ അപ്രതീക്ഷിത സന്ദർശനത്തെക്കുറിച്ച് പിതാവിന് അറിയില്ലായിരുന്നുവെന്ന് ദുബായ് സെൻട്രൽ ജയിൽ ആക്ടിങ് ഡയറക്ടർ മേജർ അബ്ദുല്ല അഹ്‌ലി പറഞ്ഞു. ജന്മദിനം ആഘോഷിക്കാനും തടവുകാരെ വിസ്മയിപ്പിക്കാനും ദുബായ് സെൻട്രൽ ജയിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. വർഷങ്ങൾക്ക് ശേഷം ഈ പുനഃസമാഗമം സാധ്യമാക്കിയ എല്ലാ ഉദ്യോഗസ്ഥരുടെയും കരുതലിനും വേഗത്തിലുള്ള പ്രതികരണത്തിനും പ്രയത്നത്തിനും തടവുകാരനും കുടുംബവും ദുബായ് പൊലീസിനോട് നന്ദി പറഞ്ഞു.
ദുബായ് പൊലീസിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും അഭ്യർഥനകൾ നിയമത്തിന്റെ പരിധിക്കുള്ളിൽനിന്ന് നിറവേറ്റാൻ ശ്രമിക്കുന്നതായി ബ്രി. ജൽഫർ പറഞ്ഞു. ഇത്തരം മാനുഷിക സംരംഭങ്ങൾ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ അവിഭാജ്യമാണ്. ഈ പ്രവർത്തനങ്ങൾ അന്തേവാസികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നു. പുനരധിവാസം, പരിശീലനം, തൊഴിൽ എന്നിവയിൽ മികച്ച തിരഞ്ഞെടുപ്പുകൾ നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുകയും അതുവഴി ഭാവിയിലെ സാമൂഹിക സംയോജനത്തിന് അവരെ സജ്ജമാക്കുകയും ചെയ്യുന്നു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.