ഈ ജീവിതശൈലി പിന്തുടര്‍ന്നാല്‍ അകാല മരണസാധ്യത 29 ശതമാനം കുറയ്‌ക്കാമെന്ന് ഹാര്‍വഡ് പഠനം
♦1,10,799 പേരുടെ നിത്യജീവിത ശീലങ്ങളെ ചോദ്യോത്തരങ്ങളുടെയും ഭക്ഷണക്രമത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തിയാണ് പഠനം

മെഡിറ്ററേനിയന്‍ ജീവിതശൈലിയും ഭക്ഷണരീതികളും പിന്തുടരുന്നവര്‍ക്ക് അകാല മരണസാധ്യത 29 ശതമാനം വരെ കുറയ്‌ക്കാന്‍ സാധിക്കുമെന്ന് പഠനം. മഡ്രിഡ് സര്‍വകലാശാലയും ഹാര്‍വഡ് സര്‍വകലാശാലയിലെ ടി.എച്ച്. ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടത്തല്‍. മെഡിറ്ററേനിയന്‍ കടലിനെ ചുറ്റിക്കിടക്കുന്ന രാജ്യങ്ങളിലെ പരമ്പരാഗത ഭക്ഷണശൈലിയും ജീവിതരീതികളുമാണ് മെഡിറ്ററേനിയന്‍ ജീവിതശൈലി (Mediterranean Lifestyle) എന്ന പേരില്‍ അറിയപ്പെടുന്നത്.
സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ഗ്രീസ്, പോര്‍ച്ചുഗല്‍, ലബനന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ഈ ഭക്ഷണക്രമം പിന്തുടരുന്നു. പഴങ്ങളും പച്ചക്കറികളും ഹോള്‍ഗ്രെയ്‌നുകളും നട്‌സും സമൃദ്ധമായി അടങ്ങുന്ന മെഡിറ്ററേനിയന്‍ ഭക്ഷണക്രമത്തില്‍ ഉപ്പും പഞ്ചസാരയും പരിമിതമായാണ് ഉപയോഗിക്കുന്നത്. ഇവരുടെ ജീവിതശൈലിയാകട്ടെ സിയസ്‌ത പോലുള്ള പകലുറക്കവും ആവശ്യത്തിന് വിശ്രമവും മിതമായ തോതിലുള്ള വ്യായാമവും വിനോദവും സാമൂഹികമായ ഒത്തുചേരലുകളുമെല്ലാം അടങ്ങിയതാണ്. സമ്മർദം പൊതുവേ കുറഞ്ഞ തരത്തിലുള്ള ജീവിതക്രമവും മെഡിറ്ററേനിയന്‍ ശൈലിയുടെ ഭാഗമാണ്.
ഇംഗ്ലണ്ട്, വെയ്‌ല്‍സ്, സ്‌കോട്‌ലന്‍ഡ് എന്നിവിടങ്ങളിലെ 1,10,799 പേരുടെ നിത്യജീവിത ശീലങ്ങളെ ചോദ്യോത്തരങ്ങളുടെയും ഭക്ഷണക്രമത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തിയാണ് പഠനം നടത്തിയത്. മൂന്ന് വിഭാഗങ്ങളിലായി ഇവരെ തിരിച്ച്, ഇവര്‍ നല്‍കിയ വിവരങ്ങള്‍ക്ക് മെഡിറ്ററേനിയന്‍ ജീവിതശൈലി സൂചികയുടെ അടിസ്ഥാനത്തില്‍ സ്‌കോറുകള്‍ നല്‍കി. മെഡിറ്ററേനിയന്‍ ഭക്ഷണശീലങ്ങളും ജീവിതരീതികളും ഇവര്‍ എത്രത്തോളം പിന്തുടരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് സ്‌കോറിങ്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ ആരോഗ്യ നില പരിശോധിക്കപ്പെട്ടു. പഠനകാലയളവില്‍ 4247 പേര്‍ പല വിധ കാരണങ്ങളാല്‍ മരിക്കുകയും 2401 പേര്‍ക്ക് അര്‍ബുദമുണ്ടാകുകയും 731 പേര്‍ ഹൃദ്രോഗബാധിതരാകുകയും ചെയ്‌തു. മെഡിറ്ററേനിയന്‍ ജീവിതശൈലി പിന്തുടരുന്നതില്‍ ഉയര്‍ന്ന സ്‌കോര്‍ ഉള്ളവരുടെ ഏത് കാരണം കൊണ്ടുള്ള മരണസാധ്യതയും 29 ശതമാനം കുറവായിരിക്കുന്നതായി ഗവേഷകര്‍ ഇതില്‍ നിന്ന് നിരീക്ഷിച്ചു. ഇവരുടെ അര്‍ബുദം മൂലമുള്ള മരണസാധ്യതയും 28 ശതമാനം കുറവായിരുന്നു. മെഡിറ്ററേനിയന്‍ പ്രദേശത്ത് ജീവിക്കാത്തവര്‍ക്കും ഇവരുടെ ജീവിതശൈലി പിന്തുടരുന്നതിലൂടെ ആരോഗ്യ ഗുണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് പഠനം തെളിയിക്കുന്നു. എന്നാല്‍ പുതിയ ഭക്ഷണക്രമം ആരംഭിക്കും മുന്‍പ് ഡയറ്റീഷ്യന്റെയോ ഡോക്ടര്‍മാരുടെയോ ഉപദേശം തേടേണ്ടതാണ്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.