• Home
  • News
  • പകര്‍ച്ചവ്യാധികള്‍ക്കും സാംക്രമിക രോഗങ്ങള്‍ക്കും പ്രവാസികള്‍ക്ക് സൗജന്യ ചികില്‍സ

പകര്‍ച്ചവ്യാധികള്‍ക്കും സാംക്രമിക രോഗങ്ങള്‍ക്കും പ്രവാസികള്‍ക്ക് സൗജന്യ ചികില്‍സ

♦സമഗ്ര പട്ടിക ആരോഗ്യ മന്ത്രാലയം തയ്യാറാക്കി

♦32 രോഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ ചികില്‍സ

♦മറ്റു രോഗങ്ങള്‍ക്കുള്ള ചികില്‍സാ സൗജന്യം മാനദണ്ഡമനുസരിച്ച്‌

മസ്‌കറ്റ്: ഒമാനില്‍ പകര്‍ച്ചവ്യാധികള്‍, സാംക്രമിക രോഗങ്ങള്‍ എന്നിവ പിടിപെട്ടാല്‍ പ്രവാസികള്‍ക്ക് സൗജന്യ ചികില്‍സ. പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണി ഉയര്‍ത്തുന്ന രോഗങ്ങളുടെ സമഗ്രമായ പട്ടിക ആരോഗ്യ മന്ത്രാലയം തയ്യാറാക്കി. ഇവയിലേതെങ്കിലും രോഗങ്ങള്‍ പിടിപെട്ടാല്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഫീസുകള്‍ ഈടാക്കില്ല.

ഏകദേശം 32 രോഗങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ രോഗങ്ങള്‍ പിടിപെട്ടാല്‍ ആവശ്യമായ എല്ലാ മെഡിക്കല്‍ സേവനങ്ങളും പ്രവാസികള്‍ക്ക് സൗജന്യമായി ലഭിക്കും. ലോകാരോഗ്യ സംഘടനയും ഒമാന്‍ ആരോഗ്യ മന്ത്രാലയവും പൊതുഭീഷണിയായി തരംതിരിച്ച എല്ലാ രോഗങ്ങളും ഇതിന്റെ പരിധിയില്‍ വരും.

കോളറ, മഞ്ഞപ്പനി, മലേറിയ, വിവിധതരം ക്ഷയരോഗങ്ങള്‍, പേവിഷബാധ, പ്ലേഗ്, നവജാത ശിശുക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ടെറ്റനസ്, അക്യൂട്ട് ഫ്‌ലാസിഡ് പക്ഷാഘാതം, പീഡിയാട്രിക് എയ്ഡ്‌സ്, അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്), കൊവിഡ് മൂലമുണ്ടാകുന്ന അക്യൂട്ട് റെസ്പിറേറ്ററി അണുബാധകള്‍, ഇന്‍ഫ്‌ലുവന്‍സ വൈറസ് മൂലമുണ്ടാകുന്ന അക്യൂട്ട് റെസ്പിറേറ്ററി അണുബാധകള്‍, ഡിഫ്തീരിയ, കുഷ്ഠം, മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്), ചിക്കന്‍പോക്‌സ്, വസൂരി, 5 വയസ്സിന് താഴെയുള്ള കുട്ടികളില്‍ വില്ലന്‍ചുമ, എല്ലാ തരത്തിലുമുള്ള ഹെമറാജിക് പനി, 5 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ന്യൂമോകോക്കസ്, അഞ്ചില്‍ താഴെയുള്ള കുട്ടികളില്‍ സെറിബ്രോസ്‌പൈനല്‍ പനി, അഞ്ചാംപനി, റുബെല്ല, ബ്രൂസല്ല, ഡെങ്കിപ്പനി, കുരങ്ങുപനി, ആക്റ്റീവ് ട്രാക്കോമ, ഹെപ്പറ്റൈറ്റിസ് ഇ, ഹെപ്പറ്റൈറ്റിസ് എ രോഗങ്ങളെലല്ലാം സൗജന്യ ചികില്‍സയുടെ പരിധിയില്‍ വരും.

മറ്റുള്ള രോഗം ബാധിച്ചാല്‍ വ്യക്തികള്‍, സാഹചര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ചികില്‍സാ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ നാലില്‍ പരാമര്‍ശിച്ചിരിക്കുന്ന രക്തദാതാക്കളും അവയവ ദാതാക്കളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സര്‍ക്കാര്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള അവയവദാനം ഇതില്‍ ഉള്‍പ്പെടില്ല. സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്ന ആളുകളും അവരുടെ കുടുംബങ്ങളും സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡോ ഔദ്യോഗിക കത്ത് വഴിയോ സ്ഥിരീകരിച്ച സഹായത്തിനായി കാത്തിരിക്കുന്നവരും സൗജന്യ ചികില്‍സയ്ക്ക് അര്‍ഹരാണ്.

സാമൂഹിക വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള അനാഥര്‍, വൈകല്യമുള്ള ഒമാനികള്‍, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍, ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഗുണഭോക്താക്കള്‍, ദേശീയ വാക്‌സിനേഷന്‍ കാമ്പെയ്‌നുകളില്‍ പങ്കെടുക്കുന്നവര്‍, ഇളവുകള്‍ അര്‍ഹരായ ഒമാനികള്‍, ഗര്‍ഭിണികളായ ഒമാനികള്‍, മാതൃശിശു സംരക്ഷണ സേവനങ്ങള്‍ സ്വീകരിക്കുന്നവര്‍ എന്നിവര്‍ക്കും ഫീസ് ഇളവുകള്‍ക്ക് അര്‍ഹതയുണ്ട്.

കൂടാതെ, ഒമാനികള്‍, ദീര്‍ഘകാല ഡയാലിസിസ് രോഗികള്‍, കാന്‍സര്‍ രോഗികള്‍, ജയില്‍ തടവുകാര്‍, വിചാരണത്തടവുകാര്‍, സ്‌കൗട്ടുകള്‍, ഗൈഡുകള്‍, ഒമാനിലെ സുല്‍ത്താനേറ്റില്‍ ഇസ്ലാം മതം സ്വീകരിക്കുന്ന വ്യക്തികള്‍ എന്നിവരും ഈ ഫീസില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സ നിഷേധിക്കാതെ നിശ്ചിത ഫീസ് ഈടാക്കാവുന്നതാണ്. ട്രാഫിക് അപകടങ്ങളിലും ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള കേസുകളിലും ചികില്‍സ സൗജന്യമാണ്. വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍, ജിസിസി പൗരന്‍മാര്‍ എന്നിവര്‍ക്കും സൗജന്യ ചികില്‍സയുണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All