സൗദി തെക്കുപടിഞ്ഞാറൻ മേഖലയിൽ ശക്തമായ മഴയും കാറ്റും
ജീസാൻ: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ജീസാനിലും സമീപ പ്രദേശങ്ങളിലും ശക്തമായ കാറ്റും മഴയും. മേഖലയിലെ 15 ഗവർണറേറ്റ് പരിധികളിലും പ്രദേശങ്ങളിലുമാണ് ശക്തമായ പൊടിക്കാറ്റിനൊപ്പം മിന്നലും മഴയുമുണ്ടായത്. ഇത് ദൂരക്കാഴ്ച കുറയുന്നതിനും ചില വൈദ്യുതി തൂണുകൾ, പരസ്യബോർഡുകൾ, മരങ്ങൾ എന്നിവ വീഴാനും കാരണമായി. ജീസാനിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചതായി കാലാവസ്ഥ വകുപ്പ് വക്താവ് ഹുസൈൻ അൽഖഹ്താനി പറഞ്ഞു.
കഴിഞ്ഞ മാസം മക്കയിലുണ്ടായ കാറ്റും മഴക്കും സമാനമായ അവസ്ഥക്കാണ് ജിസാൻ സാക്ഷ്യം വഹിച്ചതെന്നും വക്താവ് പറഞ്ഞു. മഴയും മിന്നലിനൊപ്പം ശക്തമായ കാറ്റ് കാരണം ജീസാനിലെ കാറ്റിന്റെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ രേഖപ്പെടുത്തിയെന്ന് ‘എക്സ്’ പോസ്റ്റിൽ അൽഖഹ്താനി പറഞ്ഞു. കാലാവസ്ഥ സ്റ്റേഷനിൽ രേഖപ്പെടുത്തിയ മഴയുടെ അളവ് 10 മില്ലി മീറ്ററിലെത്തി. സമയത്തിനുള്ളിൽ തന്നെ കാലാവസ്ഥ മാറ്റം സംബന്ധിച്ച മുന്നറിയിപ്പ് ആളുകൾക്ക് നൽകിയിരുന്നതായും വക്താവ് പറഞ്ഞു.
ജീസാൻ നഗരത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നുമുതൽ രാത്രി 10 വരെ ശക്തമായ പൊടിക്കാറ്റ്, കാഴ്ചക്കുറവ്, ആലിപ്പഴ വർഷം, ഉയർന്ന തിരമാലകൾ എന്നിവക്കൊപ്പം കനത്ത മഴ ഉണ്ടാകുമെന്ന റെഡ് അലർട്ട് കാലാവസ്ഥ കേന്ദ്രം നേരത്തെ പുറപ്പെടുവിച്ചിരുന്നു.
ഇതേത്തുടർന്ന് ആവശ്യമായ മുൻകരുതൽ ബന്ധപ്പെട്ട വകുപ്പുകൾ എടുത്തിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 22നും മേഖലയുടെ പലഭാഗങ്ങളിൽ ശക്തമായ ഇടിയും മഴയും ഉണ്ടായിരുന്നു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.