ശൂറ കൗൺസിൽ തെരഞ്ഞെടുപ്പ് : വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും
മസ്കത്ത് : ശൂറ കൗൺസിലിന്റെ പത്താം ടേം തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക ഞായറാഴ്ച പ്രസിദ്ധീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വെബ്സൈറ്റ്, ഇന്തിഖാബ് ആപ് എന്നിവ വഴി പേരുവിവരങ്ങൾ വോട്ടർമാർക്ക് പരിശോധിക്കാവുന്നതാണ്. രാജ്യത്ത് ഒക്ടോബർ 29നാണ് വോട്ടെടുപ്പ് നടക്കുക.
വിദേശത്തുള്ള ഒമാനികൾക്ക് ഒക്ടോബർ 22നാണ് വോട്ട് ചെയ്യാൻ സൗകര്യമാരുക്കിയിരിക്കുന്നത്. രാവിലെ എട്ട് മുതൽ വൈകീട്ട് ഏഴുവരെയായിരിക്കും വോട്ടിങ്. വോട്ടിങ്ങിനുള്ള നടപടികളും ക്രമങ്ങളും പിന്നീടുള്ള ഘട്ടത്തിൽ ആഭ്യന്തര മന്ത്രാലയം വിശദീകരിക്കും. പത്താമത് മജ്ലിസ് ശൂറ തെരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ് രീതിയാണ് ഉപയോഗിക്കുന്നത്. ഇത് ആദ്യമായിട്ടാണ് ശൂറ തെരഞ്ഞെടുപ്പിന് ഇ-വോട്ടിങ് രീതി സ്വീകരിക്കുന്നത്.
രാജ്യത്തിന് പുറത്തുള്ളവരും ഒമാനിലുള്ളവരുമായ വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി വോട്ട് ചെയ്യാനാകും. ഫലപ്രഖ്യാപനവും വെബ്സൈറ്റ് വഴിയാകും. സുപ്രീം ഇലക്ഷന് കമ്മിറ്റിയെ സുപ്രീം കോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍മാനാണ് നയിക്കുക.
ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇവരെ സഹായിക്കും. ഏതെങ്കിലും വിലായത്തില്‍ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് അസാധുവാക്കുന്നതിനും സുപ്രീം ഇലക്ഷന് കമ്മിറ്റിക്ക് അധികാരമുണ്ടാകും.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രിലിമിനറി പട്ടിക പ്രകാരം 883 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ഇവരില്‍ 33 പേര് സ്ത്രീകളാണ്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.