സെർവിക്കൽ കാൻസർ പ്രതിരോധം: എച്ച്പിവി വാക്സീന് അനുമതി
ദോഹ∙ രാജ്യത്ത് സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ എച്ച്പിവി (ഹ്യൂമൻ പാപില്ലോമ വൈറസ്) വാക്‌സീൻ ഉപയോഗിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി.മന്ത്രാലയത്തിന്റെ അംഗീകൃത വാക്‌സീൻ പട്ടികയിൽ എച്ച്പിവി വാക്‌സീൻ കൂടി ഉൾപ്പെടുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊട്ടക്ഷൻ-കമ്യൂണിക്കബിൾ ഡിസീസ് ഡിവിഷൻ ഡയറക്ടർ ഡോ.ഹമദ് ഇ.അൽ റുമൈഹി വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ, യൂറോപ്യൻ മെഡിസിൻ എജൻസി എന്നിവയെല്ലാം സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ എച്ച്പിവി വാക്‌സീൻ അംഗീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ദേശീയ പ്രതിരോധ പ്രോഗ്രാമുകളുടെ ഭാഗമായി 125 രാജ്യങ്ങൾ ഈ വാക്‌സീൻ ഉപയോഗിക്കുന്നുണ്ട്. കുട്ടികൾ മുതൽ കൗമാരക്കാർക്ക് വരെയാണ് പ്രധാനമായി എച്ച്പിവി വാക്‌സീൻ നൽകുന്നത്.
വാക്‌സീൻ ആർക്കൊക്കെ
എച്ച്പി വൈറസ് മൂലമുള്ള അർബുദങ്ങളെയും അരിമ്പാറകളെയും ചെറുക്കാൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എച്ച്പിവി വാക്‌സീൻ ഗുണകരമാണ്. 11–26 പ്രായമുള്ള ആൺ-പെൺകുട്ടികൾക്കാണ് എച്ച്പിവി വാക്‌സീൻ നൽകുന്നത്. 11-14 പ്രായമുള്ളവർക്ക് 2 ഡോസ് ആയും 15 മുതൽ 26 വരെ പ്രായമുള്ളവർക്ക് 3 ഡോസ് വീതവുമാണ് നൽകുന്നത്. 45 വയസ്സ് വരെ പ്രായമുള്ള രോഗസാധ്യത കൂടിയവർക്കും വാക്‌സീൻ ഫലപ്രദമാണ്.
എന്നാൽ ചെറുപ്പത്തിൽ തന്നെ വാക്‌സീൻ എടുക്കുന്നതാണ് നല്ലതെന്ന് മന്ത്രാലയം വാക്‌സിനേഷൻ വിഭാഗം മേധാവി ഡോ.സോഹ.എസ്.അൽബയാത് വ്യക്തമാക്കി. രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും കമ്യൂണിക്കബിൾ ഡിസീസ് സെന്റർ ആശുപത്രിയിൽ നിന്നും എച്ച്പിവി വാക്‌സീൻ സൗജന്യമായി ലഭിക്കും.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.